ഭിന്നശേഷി സംവരണം: ക്രൈസ്തവ സഭകളുടെ ആശങ്ക ചർച്ചയിലൂടെ ഉടൻ പരിഹരിക്കും -മന്ത്രി ശിവൻകുട്ടി
text_fieldsചങ്ങനാശ്ശേരിയിൽ അതിരൂപത ബിഷപ് മാര്‍ തോമസ് തറയിലുമായി ചർച്ച നടത്തുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജോസ് കെ. മാണി എം.പി സമീപം
ചങ്ങനാശ്ശേരി: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ ആശങ്ക ചർച്ചയിലൂടെ ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബിഷപ് ഹൗസിൽ ചങ്ങനാശ്ശേരി ബിഷപ് ജോസഫ് തറയിലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് സമ്പാദിച്ച വിധി അവർക്ക് മാത്രം ബാധകമെന്ന തരത്തിലാണ് സർക്കാറിന് നിയമോപദേശം ലഭിച്ചത്. എന്നാൽ, ഇത് തങ്ങൾക്കുകൂടി ബാധകമാക്കണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യം സർക്കാർ ഗൗരവപൂർവം പരിഗണിക്കും. 13ന് ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആ വിവരങ്ങൾ തിരുമേനിയുമായി ചർച്ചചെയ്തു. തിരുമേനിമാരുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ നിലപാടിൽ സന്തോഷം -ആർച് ബിഷപ്
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിന്റെ നീക്കങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച് ചങ്ങനാശ്ശേരി ആർച്ബിഷപ് തോമസ് തറയിൽ. ആയിരക്കണക്കിന് അധ്യാപകർ നിയമനാംഗീകാരമില്ലാതെയും ശമ്പളമില്ലാതെയും കഴിയുകയാണ്. ഈ വിഷയത്തിൽ വളരെ പോസിറ്റിവായ നീക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

