'ശിവൻകുട്ടി നായരല്ല സി.പി.എം മന്ത്രിയായ വി.ശിവൻകുട്ടി, കുത്തുന്നത് സ്വന്തം കുഴിയാണ്, നിവർത്തന പ്രക്ഷോഭത്തിലെത്തിക്കരുത്'; കത്തോലിക്കസഭാ മുഖപത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെയും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയേയും കടന്നാക്രമിച്ച് കത്തോലിക്കസഭയുടെ മുഖപത്രം ദീപിക. 'നിവർത്തന പ്രക്ഷോഭത്തിലെത്തിക്കരുത്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രൂക്ഷ വിമർശനം.
ഭിന്നശേഷി അധ്യാപകരുടെ നിയമനത്തിന്റെ പേരിൽ ആയിരക്കണക്കിന് അധ്യാപക നിയമനങ്ങളുടെ അംഗീകാരം സർക്കാർ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
എൻ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻ.ഡി.പിയുടെ നേതാവായിരുന്ന ശിവൻകുട്ടി നായരല്ല ഇടതുമുന്നണിയുടെ സി.പി.എം മന്ത്രിയായ വി.ശിവൻകുട്ടി എന്ന് മറന്നപോലാണ് അധ്യാപകനിയമന വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ വാക്കുകളും പ്രവൃത്തിയുമെന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.
നിവർത്തനപ്രക്ഷോഭംപോലെ കേരളത്തിലെ ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ഒറ്റക്കെട്ടായി ഇടതുസർക്കാരിനെതിരേ സമരം ചെയ്യേണ്ട സ്ഥിതിയിലേക്കാണ് ശിവൻകുട്ടി കാര്യങ്ങൾ കൊണ്ടുപോകുന്നതെന്ന് ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.
അയ്യപ്പസംഗമത്തെ പിന്താങ്ങിയ എൻ.എസ്.എസ് നേതാവ് സുകുമാരൻ നായരുടെ വാക്കുകൾ ഇടതുമുന്നണിക്ക് ഉണ്ടാക്കുന്ന അനുകൂലമായ അന്തരീക്ഷത്തിന്റെ നാലിരിട്ടിയാണ് ഈ വിഷയം ഉണ്ടാക്കുന്ന അപകടമെന്നും ചൂണ്ടിക്കാണിക്കുന്നു.
"2016 മുതൽ 2025 വരെ സ്വകാര്യ വിദ്യാലയങ്ങളിൽ നടത്തിയ 1.12,650 നിയമനങ്ങളിൽ 36,318 എണ്ണമാണ് സ്ഥിരനിയമനം. ബാക്കി താത്കാലികമാണ്. 2021നും 2025നും ഇടയിൽ നടത്തിയ 60,500 നിയമനങ്ങളിൽ 90 ശതമാനവും ദിവസക്കൂലിക്കാരാണ്. നിയമനം അംഗീകരിച്ചുകിട്ടാൻ കാത്തുകഴിയുന്ന 16,000 അധ്യാപകരും മനുഷ്യരാണ്. അവർക്കും വോട്ടുണ്ട്. സർക്കാർ ഉണർന്നു പ്രവർത്തിക്കണം.
വിമോചനസമരമൊന്നും ഇനി ഉണ്ടാവില്ല എന്നു കരുതിയാലും ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കുവാൻ നോക്കിയ സർ സി.പിക്കു 1947ലും മുണ്ടശേരിക്ക് 1957ലും എം.എ. ബേബിക്ക് 2006ലും, അവരുടെ സർക്കാരുകൾക്കും സംഭവിച്ചത് ഓർക്കുന്നതും നല്ലത്.
സുപ്രീംകോടതിയുടെ വിധിയിലൂടെ നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാലയങ്ങൾക്ക് ലഭിച്ച നിയമന അവകാശം മറ്റുള്ളവർക്ക് നിഷേധിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ശിവൻകുട്ടിക്ക് അറിയാത്തതല്ല. ശിവൻകുട്ടി കുത്തുന്നത് സ്വന്തം കുഴി തന്നെയാണ്. ഇടതുമുന്നണിയിലെ ജനപിന്തുണയുള്ള കക്ഷിയായ കേരള കോണ്ഗ്രസ് മാണിക്കാരുടെ വേരറക്കുന്ന പണിയാണിത്. മുഖ്യമന്ത്രി ഇടപെടണം. ഏറെ വർത്തമാനങ്ങൾ പറയിക്കരുത്."-ലേഖനം വിമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

