നീറ്റ് പുനഃപരീക്ഷയുടെ സമയം നീട്ടി; ഇനി 3 മണിക്കൂർ 15 മിനിറ്റ് പരീക്ഷയെഴുതാം, റഫ് വർക്കിനുള്ള പേജുകളും കൂട്ടി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിവാദങ്ങൾക്കും ആശങ്കകൾക്കും പിന്നാലെ നടക്കാനിരിക്കുന്ന 'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി. പരീക്ഷ എഴുതുന്നതിനായി വിദ്യാർഥികൾക്ക് അനുവദിച്ചിരുന്ന സമയം 180 മിനിറ്റിൽ (3 മണിക്കൂർ) നിന്ന് 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) എൻ.ടി.എ നീട്ടി. ഇതോടെ പുതിയ നിർദേശപ്രകാരം വിദ്യാർഥികൾക്ക് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5:15 വരെ പരീക്ഷ എഴുതാൻ സാധിക്കും.
കഴിഞ്ഞ വർഷങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് സമയത്തിൽ 15 മിനിറ്റിന്റെ വർധനവ് വരുത്തിയതെന്ന് എൻ.ടി.എ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു. ഹാജർ രേഖകളിൽ ഒപ്പുവെക്കൽ, ഇൻവിജിലേഷൻ പരിശോധനകൾ, മറ്റ് നിർബന്ധിത സാങ്കേതിക നടപടിക്രമങ്ങൾ എന്നിവക്കായി എടുക്കുന്ന സമയം പലപ്പോഴും വിദ്യാർഥികളുടെ യഥാർത്ഥ പരീക്ഷ സമയത്തെ ബാധിക്കുന്നു എന്ന പരാതി വ്യാപകമായിരുന്നു.
‘ഭരണപരമായ ഇത്തരം പ്രക്രിയകൾ കാരണം ചോദ്യപേപ്പർ പൂർത്തിയാക്കാനുള്ള അവസരം നഷ്ടപ്പെടുന്നു എന്ന തോന്നൽ വിദ്യാർഥികൾക്ക് ഉണ്ടാകാതിരിക്കാനാണ് പുതുക്കിയ പരീക്ഷാ സമയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വിദ്യാർഥികൾക്ക് പരീക്ഷാ സമയം പൂർണ്ണമായും വിനിയോഗിക്കാൻ സഹായകരമാകും’ എന്ന് എൻ.ടി.എ അറിയിപ്പിൽ വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഏറെ ആശ്വാസം നൽകുന്ന മറ്റൊരു പ്രധാന മാറ്റം ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കുകൾ ചെയ്യാനുള്ള സ്ഥലം വർധിപ്പിച്ചു എന്നതാണ്.
മുമ്പ് റഫ് വർക്കിനായി രണ്ട് പേജുകൾ മാത്രമാണ് ലഭിച്ചിരുന്നതെങ്കിൽ ഇനി മുതൽ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നവർക്ക് നാല് പേജുകൾ ലഭിക്കും. ഇടംകൈയ്യന്മാരായ ഉദ്യോഗാർഥികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ബുക്ക്‌ലെറ്റിന്റെ ലേഔട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് റഫ് വർക്ക് പേജുകൾ ബുക്ക്‌ലെറ്റിന്റെ തുടക്കത്തിൽ ഇൻസ്ട്രക്ഷൻ പേജിന് തൊട്ടുപിന്നാലെയും, ബാക്കി രണ്ട് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാനത്തിലും ലഭ്യമാക്കും.
ഉയർന്ന മത്സരമുള്ള ഇത്തരമൊരു പരീക്ഷയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വിദ്യാർഥികളുടെ പ്രകടനത്തെയും അനുഭവത്തെയും പോസിറ്റീവായി ബാധിക്കുമെന്നാണ് എൻ.ടി.എയുടെ വിലയിരുത്തൽ. പരീക്ഷ സുഗമമായി നടത്തുന്നതിന് അഡ്മിറ്റ് കാർഡിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും പരീക്ഷാ ജീവനക്കാരുമായി സഹകരിക്കാനും എൻ.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്.
വരാനിരിക്കുന്ന നീറ്റ് യു.ജി പുനഃപരീക്ഷ യാതൊരുവിധ പിഴവുകളുമില്ലാതെ കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പ് നൽകി. അധ്യയന വർഷത്തെ ബാധിക്കാത്ത രീതിയിൽ കൃത്യസമയത്ത് തന്നെ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും, സുതാര്യവും സുരക്ഷിതവുമായ പരീക്ഷാ പ്രക്രിയ ഉറപ്പാക്കാൻ സർക്കാർ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദ്യാർഥികൾക്ക് എൻ.ടി.എ ഹെൽപ്‌ലൈൻ നമ്പറിലോ (+91-11-40759000) neetug2026@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (nta.ac.in, neet.nta.nic.in) ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

