നീറ്റ് പേപ്പർ ചോർച്ച: അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റുമെന്ന് എൻ.ടി.എ
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഗൗരവമായി കണ്ട് സർക്കാർ തലത്തിൽ നടപടികൾ ഊർജ്ജിതമാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച വിഷയത്തിൽ, പാർലമെന്ററി സമിതിക്ക് മുമ്പാകെ നാഷണൽ ടെസ്റ്റിങ് ഏജൻസിയും സി.ബി.ഐയും നിലപാടുകൾ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ചോദ്യപേപ്പർ ചോർച്ച തടയാനും നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ അറിയിച്ചിട്ടുണ്ട്.
ജെ.ഇ.ഇ പരീക്ഷകളിലേതുപോലെ കൂടുതൽ സെറ്റ് ചോദ്യപേപ്പറുകൾ ഉപയോഗിക്കുന്നത് ചോർച്ചയുടെ സാധ്യത ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദ് പാർലമെന്ററി സമിതിക്ക് മുമ്പാകെ അന്വേഷണ പുരോഗതി വിശദീകരിച്ചിട്ടുണ്ട്. ക്രമക്കേടിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സമിതിയെ അറിയിച്ചു.
നിലവിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21നാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷ സുതാര്യവും കുറ്റമറ്റതുമാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിങ് ഉറപ്പുനൽകി. പരീക്ഷാ തടസ്സങ്ങൾ കാരണം മെഡിക്കൽ പ്രവേശന നടപടികൾ വൈകരുതെന്ന് പാർലമെന്ററി സമിതി കർശന നിർദേശം നൽകിയിട്ടുണ്ട്.
സീറ്റ് മാട്രിക്സ് കൃത്യമായി തയാറാക്കി കൗൺസിലിങ് നടപടികൾ ഷെഡ്യൂൾ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) ചെയർമാൻ അഭിജാത് ചന്ദ്രകാന്ത് സേത്ത് അറിയിച്ചു. എം. തമ്പിദുരൈ അധ്യക്ഷനായ 'കമ്മിറ്റി ഓൺ ഗവൺമെന്റ് അഷുറൻസ്' ആണ് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയത്. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും സമിതി നിർദേശിച്ചു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവിധ സ്റ്റേക്ക്‌ഹോൾഡർമാരുമായി ചർച്ച നടത്തി കൂടുതൽ സുരക്ഷിതമായ ഒരു പരീക്ഷാ സമ്പ്രദായം രൂപീകരിക്കാൻ എൻ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

