‘സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താൻ പുതിയ മാതൃക’; റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും സാമ്പത്തിക ശാസ്ത്ര നൊബേൽ
text_fieldsറോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
സ്റ്റോക്ക്ഹോം: 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും. സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ സർക്കാരുകളെയും സെൻട്രൽ ബാങ്കുകളെയും സഹായിക്കുന്ന മോഡലുകളിലെ പ്രവർത്തനത്തിനാണ് ഇരുവർക്കും പുരസ്കാരം.
സ്റ്റോക്ക്ഹോമിൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഫലപ്രദമായ സാമ്പത്തിക സ്ഥിരത നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരുകളുടെയും സെന്‍ട്രല്‍ ബാങ്കുകളുടെയും ശേഷി ഗണ്യമായി മെച്ചപ്പെടുത്തിയ മാക്രോ ഇക്കണോമിക് മാതൃകകള്‍ വികസിപ്പിച്ചതിനാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഈ സാമ്പത്തിക ശാസ്ത്രജ്ഞരെ അംഗീകരിച്ചത്.
സമ്പദ്‌വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ ലഘൂകരിക്കാനും, സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം കുറക്കാനും, അതിവേഗ വളർച്ചാ ഘട്ടങ്ങളിൽ സമ്പദ്‌വ്യവസ്ഥ ക്രമീകരിക്കാനും കൃത്യസമയത്തുള്ള സാമ്പത്തിക-ധനനയ ഇടപെടലുകൾക്ക് കഴിയുമെന്നാണ് ഇരുവരുടെയും ഗവേഷണം തെളിയിക്കുന്നത്.
ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മേനാർഡ് കെയ്ൻസ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച കാലം മുതൽ തന്നെ, സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നത് ലോകത്തെ പ്രധാന സാമ്പത്തിക നയ ലക്ഷ്യങ്ങളിൽ ഒന്നാണ്.
സാമ്പത്തികമാന്ദ്യ കാലത്ത് പലിശ നിരക്കുകൾ കുറച്ചും ബജറ്റ് കമ്മി കൂട്ടിയും സമ്പദ്‌വ്യവസ്ഥക്ക് ഉണർവ് നൽകാനാണ് സർക്കാരുകളും സെൻട്രൽ ബാങ്കുകളും പതിവായി ശ്രമിക്കാറുള്ളത്. നേരെമറിച്ച്, സമ്പദ്‌വ്യവസ്ഥ അമിതമായി ചൂടുപിടിക്കുമ്പോൾ അതിനെ തണുപ്പിക്കാനുള്ള നയങ്ങളും അവർ സ്വീകരിക്കും.
എന്നാൽ 1970കളിലുണ്ടായ എണ്ണ പ്രതിസന്ധികൾ അന്നത്തെ കെയ്‌നേഷ്യൻ മാതൃകകളുടെ പോരായ്മകൾ തുറന്നുകാട്ടി. സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തൊഴിലില്ലായ്മ കുറക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, അത് നിയന്ത്രണാതീതമായ പണപ്പെരുപ്പത്തിലേക്കാണ് നയിച്ചത്. ഇതോടെ പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകൾ മന്ദഗതിയിലുള്ള വളർച്ചയും ഉയർന്ന തൊഴിലില്ലായ്മയും കടുത്ത പണപ്പെരുപ്പവും നേരിടുന്ന അവസ്ഥയിലേക്ക് വീണു.
പണപ്പെരുപ്പം, ഉത്പാദനം, ഉപഭോഗം തുടങ്ങിയ മാക്രോ ഇക്കണോമിക് ഘടകങ്ങൾ തമ്മിലുള്ള സ്ഥിതിവര ബന്ധങ്ങളെ മാത്രം ആശ്രയിച്ചിരുന്ന പഴയ രീതി മാറ്റി, മൈക്രോ ഇക്കണോമിക് അടിത്തറയിൽ സാമ്പത്തിക മാതൃകകൾ കെട്ടിപ്പടുത്താണ് ഹാളും വുഡ്ഫോർഡും സാമ്പത്തിക സ്ഥിരതാ നയങ്ങൾക്ക് പുതുജീവൻ നൽകിയത്.
സമ്പാദ്യവും ഉത്പന്ന വിലയും സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ കുടുംബങ്ങളും ബിസിനസുകളും ഭാവി മുൻകൂട്ടി കണ്ടാണ് പ്രവർത്തിക്കുന്നത് എന്നതാണ് ഈ മാതൃകകളുടെ പ്രധാന പ്രത്യേകത. തങ്ങളുടെ നയപദ്ധതികൾ മുൻകൂട്ടി വ്യക്തമാക്കുന്നതിലൂടെ സർക്കാരുകൾക്കും സെൻട്രൽ ബാങ്കുകൾക്കും ജനങ്ങളുടെ ഭാവി പ്രതീക്ഷകളെ സ്വാധീനിക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാനും കഴിയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

