Begin typing your search above and press return to search.
proflie-avatar
Login

ജനത, ജീവിതം, കവിത -ജയന്ത മഹാപത്രയുമായി നടത്തിയ അഭിമുഖം

ജനത, ജീവിതം, കവിത -ജയന്ത മഹാപത്രയുമായി നടത്തിയ അഭിമുഖം
cancel

ആഗസ്റ്റ് 27ന്​ വിടവാങ്ങിയ പ്രമുഖ കവിയും എഴുത്തുകാരനുമായ ജയന്ത മഹാപത്രയുമായി വിവർത്തകനും എഴുത്തുകാരനുമായ എബ്രഹാം മുമ്പ്​ നടത്തിയ അഭിമുഖമാണ്​ ചുവടെ. സമകാലിക ഇന്ത്യൻ കവിതയിലെ പ്രമുഖ ശബ്ദമായിരുന്നു ജയന്ത മഹാപത്ര. 1928 ഒക്ടോബർ 22ന് ഒഡിഷയിലെ കട്ടക്കിൽ ജനിച്ച അദ്ദേഹം സ്റ്റുവർട്ട് സ്​കൂളിലും റേവൻഷാ കോളജിലും പട്നയിലെ സയൻസ്​ കോളജിലും പഠിച്ചു. അടുത്തകാലം വരെ റേവൻഷാ കോളജിൽ ഭൗതികശാസ്​ത്രവിഭാഗത്തിൽ റീഡർ ആയിരുന്നു. അമേരിക്കയിൽ പ്രസിദ്ധീകരിച്ച മൂന്നു കാവ്യസമാഹാരങ്ങളും ഒഡിയ ഭാഷയിൽ രചിച്ച ആറു കാവ്യസമാഹാരങ്ങളുമടക്കം മൊത്തം 27 കാവ്യസമാഹാരങ്ങൾ. ഒഡിയയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ...

Your Subscription Supports Independent Journalism

View Plans
ആഗസ്റ്റ് 27ന്​ വിടവാങ്ങിയ പ്രമുഖ കവിയും എഴുത്തുകാരനുമായ ജയന്ത മഹാപത്രയുമായി വിവർത്തകനും എഴുത്തുകാരനുമായ എബ്രഹാം മുമ്പ്​ നടത്തിയ അഭിമുഖമാണ്​ ചുവടെ. 

സമകാലിക ഇന്ത്യൻ കവിതയിലെ പ്രമുഖ ശബ്ദമായിരുന്നു ജയന്ത മഹാപത്ര. 1928 ഒക്ടോബർ 22ന് ഒഡിഷയിലെ കട്ടക്കിൽ ജനിച്ച അദ്ദേഹം സ്റ്റുവർട്ട് സ്​കൂളിലും റേവൻഷാ കോളജിലും പട്നയിലെ സയൻസ്​ കോളജിലും പഠിച്ചു. അടുത്തകാലം വരെ റേവൻഷാ കോളജിൽ ഭൗതികശാസ്​ത്രവിഭാഗത്തിൽ റീഡർ ആയിരുന്നു. അമേരിക്കയിൽ പ്രസിദ്ധീകരിച്ച മൂന്നു കാവ്യസമാഹാരങ്ങളും ഒഡിയ ഭാഷയിൽ രചിച്ച ആറു കാവ്യസമാഹാരങ്ങളുമടക്കം മൊത്തം 27 കാവ്യസമാഹാരങ്ങൾ. ഒഡിയയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മൂന്നു കാവ്യഗ്രന്ഥങ്ങൾ. ‘ഒറീസ’ എന്ന ഒരു ഗദ്യഗ്രന്ഥം. ഇത്രയുമാണ് മുഖ്യരചനകൾ. കൂടാതെ, 1973ൽ സൗത്ത് വെസ്റ്റ് (യു.എസ്​.എയുടെ ‘ഇന്ത്യാ സ്​പെഷലി’ന്റെയും ‘ചന്ദ്രഭാഗ’യുടെയും ‘കാവ്യഭാരതി’യുടെയും പത്രാധിപരായിരുന്നു. ‘ദ ടെലിഗ്രാഫി’ന്റെ പോയട്രി എഡിറ്ററായും പ്രവർത്തിച്ചിരുന്നു.

1970ൽ ‘ലണ്ടൻ ഇന്റർനാഷനൽ ഹൂ ഈസ്​ ഹൂ ഇൻ പോയട്രി’യുടെ സമ്മാനവും 1975ൽ ഷികാഗോവിലെ ജാക്കോബ് ഗ്ലാഡ് സ്റ്റെയ്ൻ അവാർഡും നേടി. 1981ൽ അമേരിക്കയിലെ ഗ്രീൻഫീൽഡ് റിവ്യൂ പ്രസ് പ്രസിദ്ധീകരിച്ച ‘റിലേഷൻഷിപ്’ എന്ന കാവ്യത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയിൽനിന്ന് ആദ്യമായി ഇംഗ്ലീഷിലെഴുതിയ കവിതക്കുള്ള അവാർഡ് നേടി. ലോകത്തിലെ എല്ലാ പ്രശസ്​ത ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും ജയന്തയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976ൽ യു.എസ്.എയിലെ ഇന്റർനാഷനൽ റൈറ്റിങ് േപ്രാഗ്രാം (ഇയോവ സിറ്റി) വിസിറ്റിങ് റൈറ്ററായിരുന്നു. 1978ൽ ആസ്​ട്രേലിയയിൽ കൾചറൽ അവാർഡ് വിസിറ്ററും 1978ൽ യു.എസ്​.എസ്​.ആർ ഇൻഡോ സോവിയറ്റ് കൾചറൽ എക്സ്​ചേഞ്ച് വിസിറ്ററുമായി. 1980ൽ ജപ്പാൻ ഫൗണ്ടേഷൻ വിസിറ്റേഴ്സ്​ അവാർഡ് നേടി. ഇതിനുപുറമെ 1984ൽ ജപ്പാനിൽ നടന്ന ഏഷ്യൻ പോയറ്റ്സ്​ കോൺഫറൻസിലും 1988ൽ സിംഗപ്പൂർ ഫെസ്റ്റിവൽ ഓഫ് ആർട്സിലും പങ്കെടുക്കുകയുണ്ടായി. 2009ൽ ‘ദ സിവന്നി റിവ്യൂ’വിൽനിന്ന് അലൻ ടെയ്റ്റ് പോയട്രി ൈപ്രസും 2009ൽ സാർക്ക് ലിറ്റററി അവാർഡും നേടി. 2009ൽ പത്മശ്രീ നേടിയ കവി. 2015ൽ ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെയുള്ള പ്രതിഷേധമായി പത്മശ്രീ ബഹുമതി തിരിച്ചുനൽകി. റവൻഷാ യൂനിവേഴ്സിറ്റിയിൽനിന്ന് ഓണററി ഡോക്ടറേറ്റ് നേടി. 2019ൽ ഇന്തോ ആംഗ്ലിയൻ സാഹിത്യവിഭാഗത്തിൽ സാഹിത്യ അക്കാദമിയുടെ ഫെലോ ആയിത്തീർന്നു.

ജയന്ത മഹാപത്ര ഇന്തോ ആംഗ്ലിയൻ കവിതയിൽ നിലനിന്നിരുന്ന പാരമ്പര്യത്തിൽനിന്ന് വ്യത്യസ്​തമായ – ഇന്ത്യൻ അവസ്​ഥയെ കാവ്യവിഷയമാക്കുന്ന രീതിക്ക് തുടക്കം കുറിച്ചു. 2023 ആഗസ്റ്റ് 27ാം തീയതി കട്ടക്ക് എസ്​.സി.ബി മെഡിക്കൽ കോളജിൽ ജയന്ത മഹാപത്ര അന്തരിച്ചു.


ഒരിക്കൽ താങ്കളെനിക്ക് എഴുതിയല്ലോ, താങ്കളൊരു ഒഡിയ കവിയാണെന്ന്. ഇംഗ്ലീഷ് ഭാഷയിൽ കവിതയെഴുതുന്ന ഒരാൾ ഒഡിയ കവിയാവുന്നതെങ്ങനെയാണ്?

ഞാൻ ജനിച്ചതും വളർന്നതും കട്ടക്കിലാണ്. എം.എസ്.സിക്ക് പഠിക്കാൻ പോയ ചെറിയ കാലയളവ് ഒഴിച്ചാൽ ജീവിതം ചെലവഴിച്ചത് ഇവിടെത്തന്നെയാണ്. ഈ മണ്ണാണ് എന്നെ വളർത്തിയത്. അതുകൊണ്ടുതന്നെ എെന്റ ചിന്തകൾ ഒഡിഷയിൽനിന്നു കിളിർക്കുന്നു. സവിശേഷ ജീവിതസാഹചര്യങ്ങൾ നിമിത്തം ഇംഗ്ലീഷിലെഴുതാനിടയായ ഞാൻ എന്നെ ഒരു ഒഡിയ കവിയായി കരുതുന്നതിൽ തെറ്റുണ്ടോ? കവിതയെഴുതുന്ന ഭാഷ ഇംഗ്ലീഷാണെന്നതു മാത്രമല്ലേ, നിങ്ങളെ അങ്ങനെ ചിന്തിപ്പിക്കുന്നത്? കിന്റർ ഗാർട്ടൻ ക്ലാസു മുതൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച എനിക്ക് മറ്റെന്താണ് ചെയ്യാനാവുക? ക്ലാസിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്ന ഞാൻ വളരെ നാണംകുണുങ്ങിയായിരുന്നു. അതെന്നെ എന്നിലേക്ക് ചുരുണ്ടുകൂടാൻ േപ്രരിപ്പിച്ചു. അതുകൊണ്ട് സ്​കൂളിൽ പുസ്​തകങ്ങൾ വായിച്ച് ഞാൻ സമയം കളഞ്ഞു. മുഖ്യമായും നോവലുകളാണ് ഞാൻ വായിച്ചത്. ജീവിതകാലയളവിൽ ഒട്ടുവളരെ വായിച്ചിട്ടുണ്ട്. അതെല്ലാം ഇംഗ്ലീഷ് പുസ്​തകങ്ങളായിരുന്നു. അതെന്റെ ഇംഗ്ലീഷ് ഭാഷക്ക് തിളക്കമേറ്റി. പക്ഷേ, എെന്റ രക്തവും ശ്വാസവായുവും ഒഡിയയാണ്. അതാണ് ഒഡിയയിലെഴുതാൻ ഇന്ന് എന്നെ േപ്രരിപ്പിക്കുന്നത്.

വളരെ വൈകിയാണല്ലോ കവിതയെഴുത്താരംഭിച്ചത്. ഒരു കഥാകൃത്ത് എന്ന നിലയിലാണോ എഴുത്താരംഭിച്ചത്?

അതേ, ഞാൻ കവിതയെഴുത്ത് ആരംഭിച്ചത് 37 വയസ്സിനോടടുത്താണ്. ഞാൻ കവിതയിലെത്തിയപ്പോൾ വളരെ വൈകിയിരുന്നു. ഏതാണ്ട് 22 വയസ്സുള്ളപ്പോൾ ഒരു കഥാകൃത്തായാണ് എഴുത്താരംഭിച്ചത്. എന്നാൽ, ഒന്നും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. കുറേ കാലം എഴുത്ത് നിർത്തി. പകരം ഫോട്ടോഗ്രഫിയിൽ ശ്രദ്ധചെലുത്തി. മനുഷ്യരുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രങ്ങളെടുക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഫോട്ടോഗ്രഫിയും ഉപേക്ഷിച്ചു. ഒരു അധ്യാപകന്റെ ശമ്പളംകൊണ്ട് എനിക്കത് തുടരാൻ കഴിഞ്ഞില്ല. കവിതക്ക് പണ​െച്ചലവ് കുറവാണല്ലോ.

ഒഡിയയിലുള്ള എഴുത്തിനെ ന്യായീകരിക്കാനാവുന്നതെങ്ങനെയാണ്?

ഞാൻ ജനങ്ങളുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നു. ഒരുതരത്തിൽ എെന്റ ഒഡിയ കവിതകളും ഇംഗ്ലീഷ് കവിതകളും പരസ്​പര പൂരകങ്ങളാണ്. ഒഡിയ വായനക്കാരുമായി ഞാൻ പങ്കിടുന്ന അനുഭവങ്ങളിൽനിന്ന്​ തികച്ചും വ്യത്യസ്തമാണ് ഇംഗ്ലീഷ് വായനക്കാരുമായി പങ്കിടുന്ന അനുഭവങ്ങൾ. ഒരുപക്ഷേ, ഇവയെല്ലാം ഒരു കവിയെന്ന നിലയിലുള്ള പരിമിതികളാവാം. എന്നാൽ, ഞാൻ കരുതുന്നത് എെന്റ സമീപകാല കവിതകൾ മുഴുവനായും മനസ്സിലാക്കാനും സ്വീകരിക്കാനും കഴിയുക ഒഡിയ വായനക്കാർക്കു മാത്രമാണെന്നാണ്.

സ്​കൂൾ വിദ്യാഭ്യാസകാലത്ത് വേണ്ടത്ര േപ്രാത്സാഹനം ലഭിച്ചിരുന്നുവോ?

ഞാൻ കരുതുന്നത് ഞാൻ ഇംഗ്ലീഷ് ഭാഷയോടുള്ള ഒരുതരം സ്​നേഹം രൂപപ്പെടുത്തിയെടുത്തെന്നാണ്. അന്തർമുഖനായ കുട്ടിയായിരുന്നില്ലെങ്കിൽ കൂട്ടുകാരുമായി കളിക്കാൻ പോകുമായിരുന്നു. അതു സംഭവിച്ചില്ല. കൈയിൽ കിട്ടുന്നതെല്ലാം വായിച്ച് സമയം ചെലവഴിച്ചു. പിതാവ് സ്​കൂൾ ഇൻസ്​പെക്ടറായി ജോലി ചെയ്തിരുന്നു. അദ്ദേഹവും എന്റെ ബ്രിട്ടീഷ് സ്​കൂൾമാസ്റ്ററും എന്നിൽ ഇംഗ്ലീഷ് ഭാഷയോടുള്ള സ്​നേഹം കുത്തിനിറച്ചു. അത് ഒരിക്കലും എന്നെ വിട്ടുപോയില്ല. സ്​കൂൾ അവധിക്കാലത്ത് ഞാൻ വളരെയധികം വായിച്ചിരുന്നു. വിവിധ ഗ്രന്ഥശാലകളിൽനിന്ന് പുസ്​തകം കൊണ്ടുവന്ന് വായിപ്പിക്കുന്നതിൽ പിതാവ് വളരെയധികം സഹായിക്കുകയുണ്ടായി. അങ്ങനെ ഞാൻ ഇംഗ്ലീഷ് വാക്കുകളും അവയുടെ ശബ്ദങ്ങളും അർഥങ്ങളുമായി സ്​നേഹത്തിലായി.

ജയന്ത മഹാപത്ര

ജയന്ത മഹാപത്ര

കവിതയിലുള്ള നിങ്ങളുടെ താൽപര്യത്തെ ബാല്യകാലാനുഭവങ്ങൾ എങ്ങനെ സ്വാധീനിച്ചു?

ഞാൻ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. ശാരീരികമായി സഹപാഠികൾ എന്നേക്കാൾ കരുത്തന്മാരായിരുന്നു. ഒരുതരം ഭീരുത്വം അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് അവർ കളിക്കുമ്പോൾ ഞാനൊരു പുസ്​തകം ​ൈകയിലെടുത്ത് ഏതെങ്കിലും മൂലയിൽ ചെന്നിരിക്കും. ശാരീരികമായ കുറവുകളെക്കുറിച്ച് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്​കൂളിൽ വളരെയധികം കളിയാക്കലിനും മോശമായ പെരുമാറ്റത്തിനും ഇരയായിട്ടുണ്ട്. ഇപ്പോഴും ഒരു ആൾക്കൂട്ടവുമായി കൂടിക്കലരാൻ എനിക്കാവില്ല. ഞാൻ ഏതെങ്കിലും മൂലയിൽ ഇരിക്കാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, ഇതായിരിക്കാം എന്നെ കവിതയിലേക്കെത്തിച്ചത്.

അക്കാലത്ത് നിങ്ങളുടെ സംവേദനക്ഷമതയെ രൂപപ്പെടുത്തിയത് എന്തൊക്കെയാണ്?

എെന്റ കവിതാ വായന വളരെ പരിമിതമായിരുന്നു. സ്​കൂളിൽ പഠിച്ചിരുന്ന ഷെല്ലിയുടെയും കീറ്റ്സിന്റെയും വേർഡ്സ്​ വർത്തിന്റെയും കവിതകളൊഴികെ മറ്റൊന്നും വായിച്ചിരുന്നില്ല. ടാഗോറിനെക്കുറിച്ചുപോലും എനിക്കറിവില്ലായിരുന്നു. എെന്റ മുഖ്യവിഷയം ഭൗതികശാസ്​ത്രമായിരുന്നെങ്കിലും ഞാൻ വായിച്ചതേറെയും കൈയിൽ കിട്ടിയ നോവലുകളായിരുന്നു. യൂറോപ്യൻ കവികളെയും ലാറ്റിനമേരിക്കൻ കവികളെയും വായിക്കുന്നത് വളരെ വൈകിയാണ്. നെറൂദ സെഫെറിസ്​, ആൽബെർട്ടി, അലക്സിയാൺ​െഡ്ര അല്ലെങ്കിൽ ക്വാസിമോദോ. എന്റെ ചെറിയ പട്ടണത്തിൽ വായിക്കാൻ കഴിയുന്നതെന്താണോ അതെല്ലാം. അതിൽനിന്നെല്ലാം സ്വാധീനങ്ങൾ വന്നുചേർന്നിട്ടുണ്ടാകാം. എന്നാൽ, അതെടുത്തു പറയാൻ എനിക്കാവില്ല. എന്നാൽ അത്രയധികം വികാരത്തോടെ വേദനയെയും യാതനയെയും കുറിച്ച് പറയുന്ന മഹാകവികളെ ഞാൻ ആദരിക്കുന്നു. വാക്കുകൾ എന്നെ കുത്തിത്തറയ്ക്കുന്നു.

നിങ്ങൾ ഭൗതിക ശാസ്​ത്രമാണല്ലോ പഠിച്ചത്. ഒരു കവിയുടെ സ്വത്വത്തെ എങ്ങനെ ഭൗതികശാസ്​ത്രവുമായി ഇണക്കിച്ചേർക്കുന്നു?

ഭൗതികശാസ്​ത്രം എന്നിൽ ഒരുതരം അച്ചടക്കമുണ്ടാക്കിയിട്ടുണ്ട്. കവിതയെഴുത്താരംഭിച്ചപ്പോൾ എന്റെ ശാസ്​ത്രപഠനം എന്റെ കവിതകളെ വളരെയധികം കുറുക്കാൻ സഹായിച്ചിട്ടുണ്ട്. അതെന്നെ കാര്യങ്ങളുടെ ഉള്ളിലേക്കിറങ്ങാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. പുറമേക്ക് ജഡവസ്​തുവായി കാണപ്പെടുന്ന ഇരുമ്പിലോ ജീവനില്ലാത്ത തടിയിലോ ഉള്ളിൽ ഒളിച്ചിരിക്കുന്ന ഇലക്േട്രാണുകൾ ചുഴലുകയാണ് –എല്ലാ സമയവും സംഭവിക്കുന്ന ചലനത്തിന്റെ വലുപ്പത്തോടൊപ്പമുള്ള നിശ്ചല ലോകത്തെ ഭാവനയിൽ കാണുന്നു.

കവിതയുടെ സൃഷ്​ടി നിങ്ങൾക്കെങ്ങനെ വിശദീകരിക്കാനാകും?

കവിതകൾ, അവയുടെ സൃഷ്ടി ഞാൻ അർഥമാക്കുന്നത് –കണ്ടെത്തലി​െന്റയും ബന്ധുത്വത്തിന്റെയും മറ്റുള്ളവരിലേക്ക് എത്തിച്ചേരലിന്റെയും ഒരുതരത്തിലുള്ള സ്വകാര്യ അനുഷ്ഠാനമായിത്തീരുന്നുണ്ടെന്നാണ് തോന്നുന്നത്. എഴുതുക എന്ന കൃത്യം തികച്ചും ഏകാന്തമായ കാര്യമാണെങ്കിലും ആ പ്രക്രിയ, കവിതയെഴുതുന്ന പ്രവൃത്തി എനിക്ക് ആശ്വാസം നൽകുന്നു. അതു വിശദീകരിക്കാനാവില്ല, എന്നാൽ, അതെന്നെ തനിച്ച് എഴുതാൻ ഒരു മുറിയിലിരുത്തുന്നു. വാക്കുകളും വികാരങ്ങളുമായി മല്ലടിക്കുമ്പോൾ നൈരാശ്യത്തിന്റെ ഒഴിഞ്ഞ മുഖമായ കടലാസ് കാണുന്നു. എന്നെ സംബന്ധിച്ചിടത്തോളം കവിതയെഴുത്ത് വേദനാപൂർണമായ പ്രക്രിയയാണ്. കവിതയെഴുത്തു തുടങ്ങിയപ്പോൾ മുതൽ അതെനിക്ക് അങ്ങനെതന്നെയാണ്. ഒരുപക്ഷേ, എന്നെത്തന്നെ കണ്ടെത്തലിന്റെയോ അല്ലെങ്കിൽ ഞാൻ ഇനിയും കണ്ടെത്താത്ത അപരനെ കണ്ടെത്തലോ ആയിരിക്കാം കവിത. ഒരുപക്ഷേ, ഒരു വരിയിൽനിന്നോ ബിംബത്തിൽനിന്നോ കവിത എഴുതിത്തുടങ്ങുക എളുപ്പമാണ്. എന്നാൽ, പിന്നീടങ്ങോട്ടുള്ള കവിതയുടെ ഗതി ദുഷ്കരമാണ്. ഒരു വാക്കിൽനിന്ന് മറ്റൊരു വാക്കു തേടി ഞാൻ തപ്പിത്തടയുന്നു. വരിയിൽനിന്ന് വരി തേടുന്നു. ഇരുട്ടുമുറിയിൽ ഉപേക്ഷിക്കപ്പെട്ടുപോയ, വെളിച്ചത്തിലേക്കുള്ള വാതിൽ തപ്പിപ്പിടിക്കാൻ നൈരാശ്യത്തോടെ ശ്രമിക്കുന്ന ഒരുവനെപ്പോലെ –കവിതയെഴുത്തിന്റെ സമയം വേദനയുടെ സമയംതന്നെയായിത്തീരുന്നു.

ഇന്നും, ഒരു കവിതയെഴുത്ത് എനിക്ക് ദുർഗ്രാഹ്യമാണ്. എവിടെയോ ഉപേക്ഷിച്ച ഒരു കുഞ്ഞിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു – നിങ്ങൾക്കറിയാമോ എനിക്ക് സന്തോഷത്തിന്റെ ഒരു കുട്ടിക്കാലമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒരു കുട്ടിയും ദുഃഖിതനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഒട്ടുവളരെ കവിതകൾ കുട്ടിക്കാലത്തെക്കുറിച്ചു സംസാരിക്കുന്നു. അതെന്നെ ആശ്വസിപ്പിക്കുന്നുണ്ടോ, അറിഞ്ഞുകൂടാ. കുറച്ചു കവിതകൾ മറ്റു കവിതകളെക്കാൾ കൂടുതൽ വെളിപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. ഉദാഹരണത്തിന് ‘റിലേഷൻ ഷിപ്’ എന്ന കവിതയുടെ ചില ഭാഗങ്ങൾ, ഞാൻ എന്നെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും പറയുന്ന കവിതകൾ. അല്ലെങ്കിൽ ‘മുത്തച്ഛൻ’ അല്ലെങ്കിൽ ‘തിരിച്ചുവരവ്’ എന്നീ കവിതകൾ. എനിക്ക് വിമർശനബുദ്ധി ഇല്ലാത്തതിനാൽ ഏതു കവിതകളാണ് മികച്ചതെന്നു പറയാൻ എനിക്കാവില്ല.

നിങ്ങളുടെ വളരെയധികം കവിതകൾ ഒഡിയ മിത്തുകളെയും കെട്ടുകഥകളെയും പരാമർശിക്കുന്നു?

മിത്തുകളും കെട്ടുകഥകളും ഒരുവൻ ശ്വസിക്കുന്ന വായുതന്നെയാണ്. ഒരുവന് അതിനെ നിഷേധിക്കാനാകുമോ? നമ്മുടെ ദൈനംദിന ജീവിതവുമായി അതിനുള്ള ബന്ധത്തെ ആർക്കെങ്കിലും തള്ളിക്കളയാനാകുമോ? ഓരോ വംശവും ഓരോ ജനതയും അവരുടെ സ്വന്തം ദേശങ്ങളുമായി ആത്മീയമായും ചരിത്രപരമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു ഒഡിയക്കാരനെന്നനിലയിൽ ബി.സി 261ൽ അശോക ചക്രവർത്തി ദൊഹ്ളിയിൽ നിഷ്ഠുരമായി കൊലചെയ്ത ആയിരക്കണക്കിനു മനുഷ്യരെ ഞങ്ങൾക്ക് മറക്കാൻ കഴിയുമോ? ഒഴുകിപ്പോകുന്ന ‘ദയ’ എന്ന നദിയിലേക്ക് നോക്കുമ്പോൾ കൊലചെയ്യപ്പെട്ടവരുടെ രക്തത്താൽ ചുവപ്പുനിറമായി ഒഴുകിപ്പോകുന്ന ജലത്തെ എനിക്ക് കാണാനാകുന്നു. എനിക്കു ചുറ്റും അർധസത്യങ്ങളും കെട്ടുകഥകളുമാണ്. എന്റെ മനസ്സിനെ അവ ഇളക്കിമറിക്കുന്നു. എനിക്ക് ഒഡിഷയുടെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകുന്നില്ല – ഒഡിഷയുടെ ഈ ഭൂതകാലം കൊള്ളയടിക്കുന്ന സത്യങ്ങളാൽ വീണ്ടും വീണ്ടും പരാജയങ്ങൾ സഹിച്ചതാണ്.

എന്തുകൊണ്ടാണ് നിങ്ങൾ എല്ലായ്പോഴും ക്ഷേത്രങ്ങളെക്കുറിച്ച് എഴുതുന്നത്?

ജീവിതത്തിന്റെ ആദ്യത്തെ അഞ്ചു വർഷങ്ങൾ ഞാൻ ചെലവഴിച്ചത് നന്ദദെലൂ എന്ന ഒരു പഴയ ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലാണ്. ആ ക്ഷേത്രത്തിലേക്ക് ഞങ്ങളുടെ വീടിന്റെ പുറകുവശത്തുനിന്ന് മൂന്നു മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഇതാണോ അതിനു കാരണമെന്ന് എനിക്ക് അറിഞ്ഞുകൂടാ... ഒഡിഷയിൽ ഒരു ഭൂകമ്പമുണ്ടായപ്പോൾ അച്ഛൻ എന്നെ കൊണ്ടുപോയി ഈ അമ്പലത്തിനരികിൽ നിർത്തിയത് എന്റെ ആദ്യകാല ഓർമകളിൽ ഒന്നാണ്. എന്തുകൊണ്ടാണ് അമ്പലം ആവർത്തിച്ചുവരുന്ന ഒരു ബിംബമായിത്തീരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. ഒഡിഷയിൽ അവിടവിടെയായി ക്ഷേത്രങ്ങൾ നിരവധിയാണ്. എന്നാൽ, പിന്നീട് ഞാൻ എന്റെ കവിതയെ മറ്റു പലതിലേക്കും ഗതിതിരിച്ചുവിട്ടു.


നിങ്ങളുടെ കവിതകളുടനീളം മഴ ഒരു അലങ്കാരമാണ്. മഴ ജീവിതത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പ്രതീകമാണ്. ഈ കവിതകളിലൂടെ നിങ്ങളെന്താണ് ചെയ്യാൻ ശ്രമിക്കുന്നത്?

മഴ എന്റെ കുട്ടിക്കാലം മുതലേ എന്നെ ആവേശിക്കുന്നതായി ഞാൻ കരുതുന്നു. എനിക്കു മനസ്സിലാക്കാനാകാത്ത ഒരു നിഗൂഢബോധം അത് പ്രതിനിധാനം ചെയ്യുന്നു. നീണ്ട ചൂടുള്ള വേനലിനുശേഷം ഭൂമിക്കു മീതെ ജൂണിൽ വീഴുന്ന ആദ്യമഴയെ എന്തെങ്കിലുമായി താരതമ്യപ്പെടുത്താനാകുമോ?

മഴ എനിക്കു വിശദീകരിക്കാനാകാത്ത എന്തൊക്കെയോ നൽകുന്നു, മഴയിൽ എനിക്കെന്റെ മുഖത്തെ ഒളിപ്പിക്കാനാകും, ഒരുപക്ഷേ, മുഖം കഴുകാനുമാകും. വ്യത്യസ്​തസമയത്ത് അത് വ്യത്യസ്​ത അർഥം കൈവരിക്കുന്നു. ബോധപൂർവമായോ അബോധപൂർവമായോ എന്ന് എനിക്ക് പറയാൻ കഴിയുകയില്ല. എന്നാൽ, മഴ എന്റെ ആന്തരികസ്വത്വവുമായി എനിക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു പരസ്​പരബന്ധത്തെ പ്രതിനിധാനം ചെയ്യുന്നു.

നിങ്ങളുടെ കവിതകളിൽ അച്ഛൻ ഒരു കാവ്യബിംബമായിത്തീരുന്നു..?

എനിക്കറിഞ്ഞുകൂടാ. ഞാൻ പിതാവിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. പാവപ്പെട്ട വീട്ടിൽനിന്നാണ് അദ്ദേഹം വന്നതെങ്കിലും അദ്ദേഹം എനിക്ക് അക്കാലത്ത് കേട്ടുകേൾവിപോലുമില്ലാത്ത ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നു. മറ്റു വിദ്യാർഥികൾ കുതിരവണ്ടിയിലും കാറിലും വന്നിരുന്ന ആ സ്​കൂളിലെ പാവപ്പെട്ട കുട്ടിയാണ് ഞാനെന്നതിൽ എനിക്ക് ലജ്ജ തോന്നിയിരുന്നു. അതെ, അത് മറ്റൊരു കാര്യം. എന്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. നിങ്ങൾ എന്നോടു ചോദിക്കുന്നു, എന്തുകൊണ്ട് പിതൃബിംബം കടന്നുവരുന്നെന്ന്. അതിന് ഉത്തരം പറയുക ദുഷ്കരമാണ്. എനിക്ക് മനഃശാസ്​ത്രം അറിഞ്ഞുകൂടാ. ഞാൻ ആ വിഷയങ്ങൾ പഠിച്ചിട്ടില്ല. എന്നാൽ, ചിലപ്പോൾ എനിക്ക് ആ സാന്നിധ്യം അനുഭവവേദ്യമാകുന്നു. ഞാൻ അദ്ദേഹത്തിന്റെ സിഗരറ്റിന്റെ പുക അനുഭവിച്ചറിയുന്നു. എന്നാൽ, എന്തു നിഗൂഢതയാണ് അതിനു പിറകിൽ എന്നെനിക്കറിഞ്ഞുകൂടാ.

‘ടെംപിൾ’ എന്ന കവിതയിലെ സ്​ത്രീബിംബങ്ങളിൽനിന്ന് തികച്ചും വ്യത്യസ്​തമാണ് നിങ്ങളുടെ സമീപകാല സ്​ത്രീബിംബങ്ങൾ. അതിനെക്കുറിച്ച് പറയാമോ?

ഒരുപക്ഷേ, ഇന്നു നമ്മുടെ സമൂഹത്തിൽ സ്​ത്രീയുടെ പദവി വളരെയധികം താഴോട്ട് പോയിരിക്കുന്നു. ദിനപത്രങ്ങളിൽ സ്​ത്രീകൾ എത്രമാത്രം അപമാനത്തിന് ഇരയാകുന്നുവെന്ന വാർത്തകൾ വായിക്കുകയെന്നത് തികച്ചും ദയനീയമാണ്. ബലാത്സംഗത്തിന്റെയും കൊലയുടെയും അംഗഛേദത്തിന്റെയും കേസുകൾ പത്രത്താളുകൾ നിറക്കുന്നു. ഇതിൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി ഈ വേദന അനുഭവിച്ചറിഞ്ഞ് ഒരുവൻ ഇരിക്കുന്നു. അതേ വർഷങ്ങൾക്കുമുമ്പ് നമുക്ക് ഒരു സ്​ത്രീ പ്രധാനമന്ത്രിയായി ഉണ്ടായിരുന്നു. പലതരത്തിലും നമുക്ക് വനിതാ നേതാക്കളുണ്ടായിരുന്നു. എന്നാൽ, അതെല്ലാം നമ്മുടെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനമോ അതിൽ താഴെയോ വരുകയുള്ളൂ. ഓരോ ദിവസവും വഴിയിലൂടെ കടന്നുപോകുന്ന സ്​ത്രീകളുടെ കണ്ണുകളിലെ വേദന എനിക്കു കാണാൻ കഴിയുന്നു. അവരുടെ കണ്ണുകൾ പറയുന്നതുപോലെ കാണപ്പെടുന്നു: ഭാരം ചുമക്കുന്ന മൃഗങ്ങളാണ്, കന്നുകാലികളെപ്പോലെ. ഈ വേദനയെക്കുറിച്ചെഴുതാനാണ് ഞാൻ ഇഷ്​ടപ്പെടുന്നത്. എന്തുകൊണ്ടെന്നാൽ, എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയുകയില്ല... എനിക്ക്, ഒരുപക്ഷേ സ്​ത്രീ എല്ലായ്പോഴും ഒരു ആത്യന്തികനിഗൂഢതയായി അവശേഷിക്കും. എന്റെ ആദ്യ പുസ്​തകത്തിൽ എഴുതിയ ഒരു കവിത ഞാൻ ഓർമിക്കുന്നു.

ജയന്ത മഹാപത്രയും ഭാര്യ റുനുവും

ജയന്ത മഹാപത്രയും ഭാര്യ റുനുവും

അവൾ ആയിരിക്കുന്നുവെങ്കിലും അവൾ ആയിരിക്കുന്നില്ല...

ഈ കവിതക്ക് ഞാൻ ‘സ്​ത്രീ’ എന്നു പേരിട്ടു. ഇന്ന് ഞാനതു വായിച്ചപ്പോൾ അതു കവിതയായേ തോന്നിയില്ല. മറിച്ച് ഒരു അഭ്യാസം മാത്രം. എന്നിരിക്കിലും അത് നിങ്ങളിൽ ഒരു നിഗൂഢത അവശേഷിപ്പിക്കുന്നു.

എന്നാൽ ‘ടെംപിൾ’ മുഴുവനായും വ്യത്യസ്​തമാണ്. ആ കവിതയിലൂടെ സ്​ത്രീ ‘ശക്തി’ എന്ന നിലയിലുള്ള ഒരു ചിത്രം വരക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.

ഇന്ത്യയിലെ കാവ്യവിമർശനത്തെപ്പറ്റി എന്തുപറയും?

ഇന്ത്യൻ കാവ്യവിമർശന രംഗത്ത് ഇന്ന് സന്തുലിതാവസ്​ഥ കാണാനില്ല. ഞാനെന്റെ കവിതയെക്കുറിച്ച് സംസാരിക്കട്ടെ. ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ എന്റെ കവിതയെ വിമർശിക്കുന്നില്ല. എന്തുകൊണ്ടാണിത്? ഞാൻ ഇംഗ്ലീഷ് പണ്ഡിതൻ അല്ലാത്തതുകൊണ്ടാണോ? അല്ലെങ്കിൽ പത്രാധിപരുടെയും വിമർശകരുടെയും മുന്നിൽ സാഷ്​ടാംഗം വീഴാത്തതുകൊണ്ടാണോ അല്ലെങ്കിൽ അപരിഷ്കൃതമായ, വിദൂരമായ പിന്നാക്കം നിൽക്കുന്ന ഇന്ത്യൻ സംസ്​ഥാനത്ത് ജീവിക്കുന്നതുകൊണ്ടാണോ?

സമീപകാല കവിതകൾ കൂടുതൽ രാഷ്ട്രീയാവബോധം വെളിപ്പെടുത്തുന്നവയാണ്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഒരു കവിയെന്ന നിലയിൽ ഞാനാഗ്രഹിക്കുന്നത് എനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ വേദനയും കഷ്​ടപ്പാടും കവിതയിൽ ആവിഷ്കരിക്കാനാണ്. ഇന്ന് ഈ രാജ്യത്ത് നടക്കുന്നവക്കെതിരെ എനിക്കെന്റെ കണ്ണുകൾ അടക്കാനാവുന്നില്ല. വേദന കണ്ട് എനിക്ക് നിൽക്കാനാവില്ലെന്ന് ഇതിനകംതന്നെ ഞാൻ പറഞ്ഞുകഴിഞ്ഞു. സാമൂഹികമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ ജനങ്ങൾ വേദനയനുഭവിക്കുമ്പോൾ അതിനെക്കുറിച്ച് ഞാനെഴുതിയില്ലെങ്കിൽ അതെനിക്ക് തീവ്രവ്യഥയായിത്തീരുന്നു. എന്തുകൊണ്ടെന്നാൽ അത് മാത്രമാണെനിക്ക് ചെയ്യാനാവുക.

News Summary - Indian poet Jayanta Mahapatra interview