ഹേര ഫേരിയുടെ വിജയത്തിന് ശേഷം കോമഡി ഷൂട്ട് ചെയ്യാൻ താൽപര്യമില്ലാതായി;‘തമാശകൾ കുത്തിനിറക്കുന്നത് ഇഷ്ടമല്ലെന്ന്’ പ്രിയദർശൻ
text_fieldsപ്രിയദർശൻ
‘ഹേര ഫേരി’, ‘ഭൂൽ ഭുലയ്യ’, ‘ഹൽചൽ’ തുടങ്ങിയ നിരവധി ബോളിവുഡിന് ജനപ്രിയ കോമഡി ചിത്രങ്ങൾ പ്രിയദർശന്‍റെ സംഭാവനകളാണ്. എന്നാൽ ഇത്രയേറെ സിനിമകൾ ചെയ്തിട്ടും തനിക്ക് കോമഡി ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ ഒട്ടും താൽപര്യമില്ലെന്നാണ് പ്രിയദർശൻ പറയുന്നത്. പുതിയ ചിത്രമായ ഹൈവാന്‍റെ പ്രമോഷൻ പരിപാടിക്കിടെയാണ് സംവിധായകൻ ഇതിനെ കുറിച്ച് സംസാരിച്ചത്.
ബോളിവുഡിൽ തന്റെ കരിയർ ആരംഭിച്ചത് ഗൗരവമേറിയ ചിത്രങ്ങളിലൂടെയാണെന്ന് പ്രിയദർശൻ പറയുന്നു. ‘ഗാർദിഷ്’, ‘വിരാസത്’ തുടങ്ങിയ സീരിയസ് ചിത്രങ്ങൾക്ക് വലിയ നിരൂപക പ്രശംസ ലഭിച്ചിരുന്നു. എന്നാൽ 2000ൽ പുറത്തിറങ്ങിയ ‘ഹേര ഫേരി’ പ്രിയദർശന്‍റെ കരിയറിലെ മേൽവിലാസം തന്നെ മാറ്റിമറിച്ചു. 2001നും 2021നും ഇടയിൽ പ്രിയദർശൻ സംവിധാനം ചെയ്ത 20 ഹിന്ദി ചിത്രങ്ങളിൽ 16 എണ്ണവും ലൈറ്റ് ഹാർട്ടഡ് കോമഡികളായിരുന്നു.
ഞാൻ ഗൗരവമേറിയ സിനിമകളാണ് തുടങ്ങിയത്. ഗാർദിഷും വിരാസതും എനിക്ക് വിജയങ്ങൾ നേടിത്തന്നു. എന്നാൽ ‘ഹേര ഫേരി’ എന്റെ ജീവിതം ദുസ്സഹമാക്കി. അതിനുശേഷം കോമഡി, കോമഡി, കോമഡി മാത്രമായി. സത്യം പറഞ്ഞാൽ, കോമഡി സിനിമകൾ ഷൂട്ട് ചെയ്യാൻ എനിക്ക് ഇപ്പോൾ തീരെ താൽപര്യമില്ലെന്ന് പ്രിയദർശൻ പറയുന്നു.
‘ഹൈവാൻ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും സീരിയസ് സ്റ്റോറി ടെല്ലിങ്ങിലേക്ക് മടങ്ങിവരികയാണ് പ്രിയദർശൻ. സിനിമയിൽ വലിപ്പിച്ചുകെട്ടിയ തമാശകളോ പ്രത്യേക കോമഡി ട്രാക്കുകളോ ഉൾപ്പെടുത്താൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സാഹചര്യങ്ങളിൽ നിന്നും കഥയിൽ നിന്നും സ്വാഭാവികമായി ഉണ്ടാകുന്ന നർമ്മമാണ് താൻ തിരഞ്ഞെടുക്കുന്നത്.
‘ഇപ്പോൾ എനിക്ക് മനസ്സിലായി, ഒന്നിനുപുറകെ ഒന്നായി തമാശകൾ കുത്തിനിറക്കുന്നതിന് പകരം നർമ്മബോധമുള്ള കഥകൾ ചെയ്യാൻ സാധിക്കുമെന്ന്. ഞാൻ സിറ്റുവേഷണൽ കോമഡിയാണ് പരീക്ഷിക്കുന്നത്. കോമഡി ട്രാക്കുകളൊന്നും വെക്കാറില്ല. എന്റെ കോമഡി സിനിമകളിൽ പോലും കഥാപാത്രങ്ങൾ ഗൗരവമുള്ളവരാണ്, എന്നാൽ അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ആളുകൾക്ക് ചിരി സമ്മാനിക്കുന്നത്. അഭിനേതാക്കൾ മുഖം കോട്ടിക്കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ പ്രിയദർശൻ പറയുന്നു.
ഒരേ തരത്തിലുള്ള ചിത്രങ്ങൾ നിരന്തരം ചെയ്യുമ്പോൾ ഒരു മാറ്റം ആവശ്യമാണെന്നും, തനിക്ക് മാത്രമായി ഒരു പ്രത്യേക 'സിഗ്നേച്ചർ സ്റ്റൈൽ' നിലനിർത്താൻ താൽപ്പര്യമില്ലെന്നും പ്രിയദർശൻ പറയുന്നു. തനിക്ക് ഏറ്റവും ആസ്വാദ്യകരമായി തോന്നുന്നത് ഗൗരവമുള്ള സിനിമകൾ ചെയ്യാനാണെന്നും, അതുകൊണ്ടാണ് ‘ഹൈവാൻ’ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും മുഖ്യവേഷങ്ങളിൽ എത്തുന്ന ‘ഹൈവാനിൽ’ ബൊമാൻ ഇറാനി, ശ്രിയ പിൽഗോൺകർ, സയാമി ഖേർ, രാജ്പാൽ യാദവ്, ശാരിബ് ഹാഷ്മി, രാജേഷ് ശർമ്മ, മനോജ് ജോഷി, ജിഷു സെൻഗുപ്ത തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

