‘ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും സ്വന്തം മേഖലയിലെ രാജാക്കന്മാർ’; പ്രിയദർശനെ ടൈഗർ പട്ടൗഡിയുമായി താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ
text_fieldsമൻസൂർ അലി ഖാൻ പട്ടൗഡി,സെയ്ഫ് അലി ഖാൻ, പ്രിയദർശൻ
പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹൈവാൻ'. കാഴ്ചപരിമിതിയുള്ള ഒരു സംഗീതജ്ഞന്റെയും മാർഷ്യൽ ആർട്സ് പരിശീലകന്റെയും കഥാപാത്രത്തെയാണ് ചിത്രത്തിൽ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ സംവിധായകൻ പ്രിയദർശനെക്കുറിച്ചും തന്റെ പിതാവും ഇതിഹാസ ക്രിക്കറ്റ് താരവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് സെയ്ഫ്. പ്രിയദർശന് ഒപ്പം പ്രവർത്തിക്കുമ്പോൾ തന്റെ അന്തരിച്ച പിതാവിനെയാണ് ഓർമ വരുന്നതെന്നും, ഇരുവർക്കുമിടയിൽ ഒട്ടേറെ അപൂർവ്വ സാമ്യതകൾ ഉണ്ടെന്നും സെയ്ഫ് അലി ഖാൻ വ്യക്തമാക്കി.
ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെ വളരെ ശാന്തനും അനുഭവസമ്പന്നനുമായ സംവിധായകനാണ് പ്രിയദർശൻ. തന്റെ പിതാവിനെപ്പോലെ തന്നെ പ്രിയദർശനും ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാരനായിരുന്നു.
ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ച മറ്റൊരു യാദൃച്ഛികത, അപകടത്തിൽപ്പെട്ട് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്നതാണ്. എങ്കിലും സ്വന്തം മേഖലകളിൽ ഇരുവരും മികച്ച നേട്ടങ്ങൾ കൈവരിച്ചു. ഷൂട്ടിങ് സെറ്റിൽ ഒരു ടേക്ക് മാത്രമാണ് പ്രിയദർശൻ നൽകുക, അതിനാൽ അഭിനേതാക്കൾ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടിവരും. കൃത്യസമയത്ത് ഷൂട്ടിങ് അവസാനിപ്പിക്കുന്ന ശീലവും പ്രിയദർശനുണ്ടെന്ന് സെയ്ഫ് കൂട്ടിച്ചേർത്തു.
1961ൽ ലണ്ടനിൽ വെച്ചുണ്ടായ കാറപകടത്തിലാണ് സെയ്ഫിന്റെ പിതാവ് ടൈഗർ പട്ടൗഡിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത്. കണ്ണിന് ശസ്ത്രക്രിയ നടത്തിയെങ്കിലും 'ഡബിൾ വിഷൻ' (ഒരു വസ്തു രണ്ടായി കാണുന്ന അവസ്ഥ) നിലനിന്നു. എന്നാൽ അപകടം നടന്ന് അഞ്ച് മാസത്തിന് ശേഷം, 20-ാം വയസ്സിൽ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയും തൊട്ടടുത്ത വർഷം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനാവുകയും ചെയ്തു.
കാഴ്ച പ്രശ്നം പരിഹരിക്കാൻ ക്യാപ് വലതുകണ്ണിന് മുകളിലേക്ക് താഴ്ത്തിയിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. സമാനമായി, പ്രിയദർശനും സംസ്ഥാന തലത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന ആളായിരുന്നു. എന്നാൽ കളിക്കളത്തിൽ വെച്ച് പന്ത് ഇടതു കണ്ണിൽ ശക്തമായി അടിച്ചതിനെത്തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും, തുടർന്ന് ക്രിക്കറ്റ് ഉപേക്ഷിച്ച് സിനിമയിലേക്ക് വഴിതിരിയുകയുമായിരുന്നു.
അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഹൈവാൻ' ചിത്രത്തിനുണ്ട്. 2007ൽ പുറത്തിറങ്ങിയ 'തഷാൻ' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്നത് സിനിമയുടെ റേഞ്ച് മാറ്റിയെന്നും, അക്ഷയ്‌ക്കൊപ്പം അഭിനയിച്ചതിൽ വെച്ച് ഏറ്റവും മികച്ചതും ശക്തവുമായ കഥാപാത്രമാണ് തനിക്ക് ഇതിൽ ലഭിച്ചതെന്നും സെയ്ഫ് പറഞ്ഞു.
ഇരുവരും ആദ്യമായി ഒന്നിച്ച 'മേ ഖിലാഡി തു അനാരി' കാലത്തെ രസകരമായ ഓർമകളും സെയ്ഫ് പങ്കുവെച്ചു. 'ഹൈവാൻ' സിനിമയിലെ സെയ്ഫിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണെന്നാണ് പ്രിയദർശനും അക്ഷയ് കുമാറും അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

