‘അൽപ്പം അത്യാഗ്രഹമുള്ള, എന്നാൽ അനുസരണയുള്ള നടൻ’: എപ്പോഴും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും; സെയ്ഫ് അലി ഖാനെ കുറിച്ച് പ്രിയദർശൻ
text_fieldsസൈഫ് അലി ഖാനൊപ്പം പ്രിയദർശൻ
സംവിധായകൻ പ്രിയദർശനും നടൻ സെയ്ഫ് അലി ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ഹൈവാൻ' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാന താരമായ സെയ്ഫ് അലി ഖാനൊപ്പമുള്ള അഭിനയ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
സെയ്ഫിന്‍റെ അഭിനയശൈലിയെയും സ്വഭാവത്തെയും കുറിച്ചും പ്രിയദർശൻ മനസ്സ് തുറന്നു .‘സെയ്ഫ് തികച്ചും അനുസരണയുള്ള ഒരു നടനായാണ്, ഒപ്പം അൽപ്പം അത്യാഗ്രഹവുമുള്ളവനും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഭാഗം. അദ്ദേഹം എന്നിൽ പൂർണ്ണമായ ആത്മവിശ്വാസം അർപ്പിച്ചു. അത് സിനിമ വളരെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ എന്നെ ഏറെ സഹായിച്ചു’ പ്രിയദർശൻ പറഞ്ഞു.
സെയ്ഫിന്‍റെ സെറ്റിലെ ജിജ്ഞാസയെക്കുറിച്ചും പ്രിയദർശൻ സംസാരിച്ചു. ഷൂട്ടിങ് വേളകളിൽ സെയ്ഫിന് ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ അതൊന്നും ജോലിയെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു പക്വതയുള്ള കുട്ടിയോട് പെരുമാറുന്നതുപോലെയായിരുന്നു. കാരണം അദ്ദേഹത്തിന് എപ്പോഴും ഒട്ടനവധി ചോദ്യങ്ങൾ ഉണ്ടായിരിക്കും. എല്ലാ നടന്മാർക്കും സംശയങ്ങൾ ചോദിക്കാൻ അവകാശമുണ്ട്. എന്നാൽ നമ്മുടെ മറുപടി ലഭിച്ചുകഴിഞ്ഞാൽ അദ്ദേഹം പൂർണ്ണമായും നമ്മെ അനുസരിക്കും പ്രിയദർശൻ കൂട്ടിച്ചേർത്തു.
ചിത്രീകരണം തുടങ്ങി രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സെയ്ഫിന് യാതൊരു സംശയങ്ങളും ഇല്ലാതായി എന്ന് പ്രിയദർശൻ പറയുന്നു. ‘ഒരു ദിവസം രാവിലെ ഞാൻ ചോദിച്ചു. എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? എന്ന്. അതിന് അദ്ദേഹം മറുപടി നൽകി. ഇല്ല സർ, നിങ്ങൾ എന്താണ് ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായിരിക്കുന്നു എന്നായിരുന്നു സെയ്ഫിന്‍റെ മറുപടി. അങ്ങനെയാണ് ഞങ്ങളുടെ പരസ്പര വിശ്വാസം വളർന്നത് എന്ന് പ്രിയദർശൻ പറയുന്നു.
സെറ്റിലെ സെയ്ഫിന്‍റെ അച്ചടക്കത്തെയും വായനയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയും കുറിച്ചും പ്രിയദർശൻ സംസാരിച്ചു. ഷൂട്ടിങ് ഇടവേളകളിൽ ഫോണിൽ സമയം കളയുന്നതിന് പകരം പുസ്തകങ്ങൾ വായിക്കാനാണ് സെയ്ഫ് സമയം കണ്ടെത്താറുള്ളത്. കുടുംബവേരുകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സെയ്ഫുമായി സംസാരിക്കാൻ കഴിഞ്ഞത് വലിയൊരു സന്തോഷമാണെന്ന് പ്രിയദർശൻ പറയുന്നു. താൻ നവാബ് പട്ടൗഡിയുടെ വലിയൊരു ആരാധകനാണെന്നും സെയ്ഫിനൊപ്പം സംസാരിച്ചിരിക്കുമ്പോൾ ആ സൗഹൃദം സിനിമക്കപ്പുറത്തേക്ക് വളർന്നതായും പ്രിയദർശൻ വെളിപ്പെടുത്തി.
സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്താൻ തയാറെടുക്കുന്ന 'ഹൈവാൻ' ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ കാഴ്ചശക്തിയില്ലാത്ത കഥാപാത്രമായാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്. അതേസമയം, ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ 'തഷൻ' എന്ന ചിത്രത്തിന് ശേഷം 18 വർഷങ്ങൾക്കു ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിച്ച് വലിയ സ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസും തിസ്പിയൻ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

