ചൈനയിൽ വീണ്ടും ഷി യുഗം? നാലാം ഊഴത്തിന് കളമൊരുക്കി കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക പ്ലീനറി സമ്മേളനം
text_fieldsബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് നാലാം തവണയും അധികാരത്തിൽ തുടരാൻ വഴിയൊരുക്കുന്നതായി വിലയിരുത്തപ്പെടുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക പ്ലീനറി സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. നാലുദിവസം നീളുന്ന സമ്മേളനം അടുത്ത വർഷം നടക്കുന്ന പാർട്ടിയുടെ ദേശീയ കോൺഗ്രസിൽ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിനും ഷിയുടെ നാലാം അഞ്ചുവർഷ കാലാവധിക്ക് കളമൊരുക്കുന്നതിനും നിർണായകമാകും.
പാർട്ടിയുടെയും ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും തലപ്പത്ത് മൂന്നാം തവണയും തുടരുന്ന 73കാരനായ ഷി ജിൻപിങ്, പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പോളിറ്റ്ബ്യൂറോയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടിക്കുള്ളിലെ അച്ചടക്കവും നിയന്ത്രണവും കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കരടുപ്രമേയവും അദ്ദേഹം വിശദീകരിച്ചതായി ഔദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് മാവോ സെ തുങ്ങിനുശേഷം പാർട്ടിയുടെ പരമോന്നത നേതാവെന്ന പദവി നേടിയ ഷി, മുൻഗാമികൾ പിന്തുടർന്നിരുന്ന രണ്ട് അഞ്ചുവർഷ കാലാവധി എന്ന കീഴ്വഴക്കം മറികടന്ന നേതാവാണ്. അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസിൽ എതിരില്ലാതെ നാലാം തവണയും ഷി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കേന്ദ്രതലം മുതൽ പ്രവിശ്യകളിലേക്കും സൈന്യത്തിലേക്കും പുതിയ നേതൃനിരയെ നിയോഗിക്കാനും സാധ്യതയുണ്ട്.
2013 മുതൽ ഷി ജിൻപിങ് നടപ്പാക്കിയ വ്യാപകമായ അഴിമതിവിരുദ്ധ നടപടികളിലൂടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കെതിരെയാണ് ശിക്ഷാനടപടികൾ സ്വീകരിച്ചത്. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ‘പുതിയ ലോങ് മാർച്ചി’ന് ഷി ജിൻപിങ് ആഹ്വാനം ചെയ്തിരുന്നു. 1934 മുതൽ 1936 വരെ നടന്ന ചരിത്രപ്രസിദ്ധമായ ലോങ് മാർച്ചിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

