ഇസ്രായേലിൽ ഇറാൻ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്
text_fieldsതെൽ അവീവ്: ഇസ്രായേൽ നഗരമായ തെൽ അവീവിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തെൽ അവീവിലെ റസിഡൻഷ്യൽ ബ്ലോക്കിന് നേരെ ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഇസ്രായേൽ ഇറാനെ ആക്രമിച്ച ശേഷം അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. 40കാരിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ കെട്ടിടത്തിന് വലിയ നാശമുണ്ടായതായാണ് വിവരം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സ്ത്രീ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 25 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആരുടേയുംനില ഗുരുതരമല്ല. ചിലർക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റിരിക്കുന്നത്.
മിസൈൽ ആക്രമണത്തിന് ശേഷം ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ പൊലീസ് അറിയിച്ചു. ഫയർഫോഴ്സിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈവിന്റെ മരണം ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിൽ നിന്നുള്ള ആക്രമണവിവരങ്ങളും പുറത്ത് വരുന്നത്.
അതേസമയം, ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ആളുകൾ ഒത്തുകൂടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാംനഇൗയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഇറാൻ ജനത കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്. ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും തെഹ്റാനിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

