യു.എസിനെയും ഇസ്രായോലിനെയും വിറപ്പിക്കുന്ന അലി ലറിജാനി ആരാണ്?
text_fieldsതെഹ്റാൻ: ഇറാൻ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ നഷ്ടങ്ങളെ അഭിമിഖീകരിച്ചുകൊണ്ടിരിക്കുമ്പോഴും എതിരാളികളെ കിടുകിടാ വിറപ്പിക്കുന്ന സുരക്ഷാ മേധാവി അലി ലറിജാനിയിലേക്കാണ് ലോകത്തിന്‍റെ ശ്രദ്ധ. അക്രമം നടത്തുന്ന ഇസ്രായേലും യു.എസും ഗൾഫ് രാജ്യങ്ങളുമെല്ലാം അലി ലറിജാനിയുടെ വാക്കുകൾ സാകൂതം കാതോർക്കുന്നു. ആരാണ് ഈ അലി ലറിജാനി?.
പതിറ്റാണ്ടുകളായി, ഇറാനിയൻ ഭരണകൂടത്തിന്റെ ശാന്തനും പ്രായോഗികവാദിയുമായ മുഖമായിരുന്നു അദ്ദേഹം. പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മൻ തത്ത്വചിന്തകനായ ഇമ്മാനുവൽ കാന്തിനെക്കുറിച്ച് പുസ്തകങ്ങൾ എഴുതുകയും പാശ്ചാത്യലോകവുമായി ആണവ കരാറുകൾ ചർച്ച ചെയ്യുകയും ചെയ്ത സൗമ്യ വ്യക്തി.
എന്നാൽ മാർച്ച് ഒന്നിന് ശേഷം ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ 67 കാരന്‍റെ സ്വരം മാറ്റാനാവാത്തവിധം മാറി. യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതിന് 24 മണിക്കൂറിന് ശേഷം സ്റ്റേറ്റ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ലറി ജാനിയിൽ നിന്നുണ്ടായത് ഒരു തീപ്പൊരി സന്ദേശമായിരുന്നു.
“അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും (ഇസ്രായേൽ) ഇറാനിയൻ രാജ്യത്തിന്റെ ഹൃദയത്തിന് തീയിട്ടിരിക്കുന്നു,” അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി. “ഞങ്ങൾ അവരുടെ ഹൃദയങ്ങളെ കത്തിക്കും. സയണിസ്റ്റ് കുറ്റവാളികളെയും ലജ്ജയില്ലാത്ത അമേരിക്കക്കാരെയും അവരുടെ പ്രവൃത്തികളുടെ ഫലം അനുഭവിപ്പിക്കും.”മൂർച്ചയേറിയതായിരുന്നു വാക്കുകൾ.“ അന്താരാഷ്ട്ര നരാധമ അക്രമികൾക്ക് മഹത്തായ ഇറാൻ രാഷ്ട്രവും ധീരരായ സൈനികരും മറക്കാനാവാത്ത പാഠം നൽകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ കെണിയിൽ അകപ്പെട്ടുവെന്നും ആരോപിച്ചു. ഖാംനഈയുടെ മരണത്തിന് ശേഷം രൂപീകൃമായ മൂന്നംഗ കൗൺസിലിലെ പ്രധാനിയാണ് ലറിജാനി.
1958ൽ നജഫിലെ സമ്പന്നകുടുംബത്തിലാണ് ജനനം. പ്രമുഖ മതപണ്ഡിതനായ മിർസ ഹാഷിം അമോലിയാണ് പിതാവ്. 979-ൽ, ഷരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടി. പിന്നീട് ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് ബിരുദവും പൂർത്തിയാക്കി.
1979-ലെ വിപ്ലവത്തിനുശേഷം, 1980-കളുടെ തുടക്കത്തിൽ അദ്ദേഹം ഐആർജിസിയിൽ ചേർന്നു. 1994 നും 1997 നും ഇടയിൽ പ്രസിഡന്റ് അക്ബർ ഹാഷെമി റഫ്സഞ്ജാനിയുടെ കീഴിൽ സാംസ്കാരിക മന്ത്രിയായും പിന്നീട് 1994 മുതൽ 2004 വരെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന്റെ (ഐആർഐബി) തലവനായും സേവനമനുഷ്ഠിച്ചു. ഐ.ആർ.ഐ.ബിയിലെ തലവനായിരിക്കെ ഇറാനിയൻ യുവാക്കളെ വിദേശ മാധ്യമങ്ങളിലേക്ക് ആകർഷിക്കുന്നുവെന്ന് ആരോപണം നേരിട്ടു.
2008 നും 2020 നും ഇടയിൽ, തുടർച്ചയായി മൂന്ന് തവണ പാർലമെന്റ് (മജ്‌ലിസ്) സ്പീക്കറായി വനമനുഷ്ഠിക്കുകയും ആഭ്യന്തര, വിദേശ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
2005 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പക്ഷേ രണ്ടാം ഘട്ടത്തിലേക്ക് എത്തിയില്ല.
കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും ലറിജാനിയെ പലപ്പോഴും പ്രായോഗികബുദ്ധി കാണിക്കുകയും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവുകയും ചെയ്തിരുന്നു, 2015 ആണവ കരാറിലും ലറിജാനി പ്രധാന പങ്ക് വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

