ഇറാൻ തങ്ങളുടെ 2,000 കിലോമീറ്റർ മിസൈൽ ദൂരപരിധി എടുത്തുകളഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം എന്ത്? യു.എസിനെ ഇത് എങ്ങനെ ബാധിക്കും? പുതിയ ലക്ഷ്യത്തിൽ ആരൊക്കെ?
text_fieldsഇറാൻ തങ്ങളുടെ മിസൈൽ ദൂരപരിധി 2,000 കിലോമീറ്ററായി നിജപ്പെടുത്തിയിരുന്ന മുൻ തീരുമാനം പിൻവലിച്ചിരിക്കുന്നു. ഇതുവരെ പാലിച്ചുപോന്നിരുന്ന മിസൈൽ ദൂരപരിധി നിയന്ത്രണം ഔദ്യോഗികമായി എടുത്തുകളഞ്ഞതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സാണ് (ഐ.ആർ.ജി.സി) അറിയിച്ചിരിക്കുന്നത്. അമേരിക്കൻ-ഇസ്രായേൽ സഖ്യവുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, മിസൈൽ ശേഷിയിലെ നിർണായകമായ ഈ പ്രഖ്യാപനം ആഗോള രാഷ്ട്രീയത്തെയും ഇറാന്റെ വിലപേശൽ ശക്തിയേയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.
എന്താണ് പ്രഖ്യാപനം?
വർഷങ്ങളായി തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾക്ക് ഇറാൻ സ്വയം നിശ്ചയിച്ചിരുന്ന 2,000 കിലോമീറ്റർ (1,250 മൈൽ) ദൂരപരിധി നിയന്ത്രണമാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്. ടെഹ്‌റാനിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ.ആർ.ജി.സി വക്താവ് ബ്രിഗേഡിയർ ജനറൽ ഹൊസൈൻ മൊഹെബിയാണ് ഇക്കാര്യം അറിയിച്ചത്.
ഇറാൻ സൈനിക നയം പൂർണ്ണമായും 'ആക്രമണാത്മക' ശൈലിയിലേക്ക് മാറിയതിന്റെ സൂചനയാണിത്. ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ ഏത് ഭീഷണിക്കും മറുപടി നൽകുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമേനിയും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ മാറ്റംകൊണ്ട് എന്താണ് സംഭവിക്കുന്നത്?
2,000 കിലോമീറ്ററിലധികം ദൂരത്തിൽ മിസൈലുകൾ തൊടുവിച്ചുവിടാനുള്ള സാങ്കേതിക ശേഷി ഇറാനുണ്ടിsങ്കെിലും, ഇതുവരെ പ്രാദേശിക പ്രതിരോധം മുൻനിർത്തി അവർ ഇതിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ദൂരപരിധി ഒഴിവാക്കിയതോടെ മിസൈൽ ദൂരപരിധി 4,000 മുതൽ 5,000 കിലോമീറ്റർ വരെയായി ഉയർത്താൻ സാധിക്കും. ഇത് വഴി തെക്കുകിഴക്കൻ യൂറോപ്പും വടക്കേ ആഫ്രിക്കയും ഇറാന്റെ മിസൈൽ പരിധിയിൽ വരുമെന്നും സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്പിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിടാൻ ഈ മാറ്റം ഇറാനെ സഹായിച്ചേക്കാം. യുകെയിലെയും ബൾഗേറിയയിലെയും യു.എസ് താവളങ്ങൾക്ക് നേരെ സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് അമേരിക്ക തങ്ങളുടെ സൈനിക വിമാനങ്ങൾ അവിടങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു.
അതേ സമയം, ഗൾഫ് രാജ്യങ്ങൾ ഇതിനകം തന്നെ ഇറാന്റെ 2,000 കിലോമീറ്റർ പരിധിക്കുള്ളിലായതിനാൽ, ഈ പ്രഖ്യാപനം അവർക്ക് കാര്യമായ പുതിയ ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല.
ഈ സമയത്ത് ഇറാൻ ഇത്തരമൊരു നീക്കം നടത്താൻ ഉണ്ടായ കാരണം എന്താണ്?
അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമുള്ള ശക്തമായൊരു താക്കീതാണിത്. യു.എസ് സൈനിക ഓപ്പറേഷനുകളെ സഹായിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ഇത് വലിയൊരു ആശങ്കയായി മാറിയിട്ടുണ്ട്.
അമേരിക്കയുമായി പുതിയൊരു കരാറിലെത്താൻ ട്രംപ് ഭരണകൂടത്തിന്മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, മിസൈൽ പരിധി എടുത്തുകളഞ്ഞത് ഒരു വിലപേശൽ ആയുധമായി ഉപയോഗിക്കാനും ടെഹ്‌റാൻ ശ്രമിക്കുന്നു.
ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ മിസൈൽ-ആണവ പദ്ധതികൾ തകർക്കുക എന്നത് അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ ശേഖരമുള്ള (2,500 മുതൽ 6,000 വരെ മിസൈലുകൾ) രാജ്യങ്ങളിലൊന്നാണ് ഇറാൻ. മിസൈൽ ദൂരപരിധി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ഈ സംഘർഷം കൂടുതൽ സങ്കീർണ്ണമായ തലത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

