ഇസ്രായേലിനെ ഭയപ്പെടുത്തുന്ന എന്താണ് ഇറാനിലെ അരാക്കിൽ ഉള്ളത്? ന്യൂക്ലിയർ കോംപ്ലക്‌സ് ആക്രമണത്തിന് പിന്നിൽ...
text_fields
ഇറാനിലെ അറാക്കിലെ ഹെവി വാട്ടർ റിയാക്ടറിന്റെ സെക്കൻഡറി സർക്യൂട്ടിൽ സാങ്കേതിക വിദഗ്ധർ ജോലി ചെയ്യുന്നു (2019 ഡിസംബർ 23ലെ ചിത്രം)
തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഏഴാം ദിവസം ഇറാനിലെ അരാക്ക് ഘനജല റിയാക്ടറിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഈ കേന്ദ്രം ആക്രമിക്കുമെന്ന് വ്യാഴാഴ്ച രാവിലെ ഇസ്രായേൽ മുന്നറിയിപ്പ് നൽകുകയും പൊതുജനങ്ങൾ പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെടുകയുംചെയ്തിരുന്നു. രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ആശുപത്രിയിൽ ഇറാനിയൻ മിസൈൽ പതിച്ചതിന് സമാന്തരമായാണ് ഇസ്രായേൽ ആക്രമണമെന്നും ഇത് വ്യാപകനാശം വരുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അരാക്ക് ന്യൂക്ലിയർ കോംപ്ലക്‌സ്
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽനിന്ന് ഏകദേശം 280 കി.മീറ്റർ അകലെ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന അരാക്ക് ന്യൂക്ലിയർ കോംപ്ലക്‌സിലാണ് ഘനജല റിയാക്ടർ പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്ന് ഘനജല ഉൽപാദന പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്. ഈ പ്ലാന്റിൽനിന്നുള്ള ഘനജലം ആണവ റിയാക്ടറുകളെ തണുപ്പിക്കാൻ സഹായിക്കുന്നു. ഈ റിയാക്ടറിൽ ഉപോൽപന്നമായി ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉൽപാദിപ്പിക്കുന്നുണ്ട്. ഇത് ആണവായുധങ്ങളിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് വിമർശനം.
ആണവ നിലയത്തിന്റെ ഉപഗ്രഹ ചിത്രം
യുറേനിയം സമ്പുഷ്ടമാക്കാതെ തന്നെ ആണവബോംബ്
ഇറാൻ ആണവായുധം നിർമിക്കാൻ തീരുമാനിച്ചാൽ, യുറേനിയം സമ്പുഷ്ടമാക്കാതെ തന്നെ ആണവബോംബ് വികസിപ്പിക്കാൻ പ്ലൂട്ടോണിയം അവരെ സഹായിക്കും എന്നതിനാൽ അരാക്ക് റിയാക്ടറിനെക്കുറിച്ച് ആശങ്കാകുലരാണ്. 1990കളിൽ നിരവധി ആണവ വിതരണക്കാർ അവരുടെ അഭ്യർഥന നിരസിച്ചതിനെത്തുടർന്ന് 2003ലാണ് ഇറാൻ രഹസ്യമായി ഘനജല ഗവേഷണ റിയാക്ടർ വികസിപ്പിക്കാൻ തുടങ്ങിയത്.
റിയാക്ടർ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രം -ഇറാൻ
പ്ലൂട്ടോണിയം ഉൽപാദിപ്പിക്കുന്നത് തടയാനാണ് അരാക്കിലെ പ്ലാന്റ് ആക്രമിച്ചതിലൂെട ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. റിയാക്ടർ പുനഃസ്ഥാപിക്കുന്നതും ആണവായുധ വികസനത്തിനായി ഉപയോഗിക്കുന്നതും തടയുന്നതിനാണ് ആക്രമണമെന്നും ഇസ്രായേൽ വ്യക്തമാക്കി. അതേസമയം, ഘനജല റിയാക്ടർ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ), ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ ഏജൻസി എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ഏജൻസികൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

