ഇറാന്റെ 100 ബില്യൺ ഡോളറിന്റെ ആസ്തികൾ എവിടെ? മരവിപ്പിക്കപ്പെട്ട ഫണ്ടുകൾ യു.എസ്-ഇറാൻ ചർച്ചകളിൽ നിർണ്ണായകമാകും
text_fieldsതെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന രണ്ടാം വട്ട ചർച്ചകളിൽ വിദേശ രാജ്യങ്ങളിലുള്ള മരവിപ്പിക്കപ്പെട്ട ഇറാന്റെ ആസ്തികൾ പ്രധാന വിഷയമാകും. ഏകദേശം 100 ബില്യൺ ഡോളറിലധികം ( 8.3 ലക്ഷം കോടി രൂപ) മൂല്യമുള്ള ഇറാന്റെ ഫണ്ടുകൾ വിവിധ രാജ്യങ്ങളിലായി തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്.
പ്രധാനമായും ഇറാൻ വിദേശ രാജ്യങ്ങൾക്ക് എണ്ണ വിറ്റതിലൂടെ ലഭിച്ച വരുമാനമാണിത്. 1979-ലെ വിപ്ലവത്തിന് പിന്നാലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തോടെയാണ് ഇറാനെതിരെ ആദ്യമായി ഉപരോധം ഏർപ്പെടുത്തിയത്. പിന്നീട് ഇറാന്റെ ആണവ പദ്ധതികളുടെയും മിസൈൽ പരീക്ഷണങ്ങളുടെയും പേരിൽ ഉപരോധങ്ങൾ കടുപ്പിച്ചു. ഇതോടെയാണ് വിദേശ ബാങ്കുകളിലുള്ള ഇറാന്റെ പണം മരവിപ്പിക്കപ്പെട്ടത്.
മരവിക്കപ്പെട്ട പണത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും വിദഗ്ധർ നൽകുന്ന സൂചനകൾ പ്രകാരം വിവിധ രാജ്യങ്ങളിലായി പണം വിന്യസിക്കപ്പെട്ടിരിക്കുന്നുണ്ട്.
ചൈന: 20 ബില്യൺ ഡോളർ
ഇന്ത്യ: 7 ബില്യൺ ഡോളർ
ഇറാഖ്: 6 ബില്യൺ ഡോളർ
ഖത്തർ: 6 ബില്യൺ ഡോളർ
അമേരിക്ക: 2 ബില്യൺ ഡോളർ
യൂറോപ്യൻ യൂണിയൻ : 1.6 ബില്യൺ ഡോളർ
ജപ്പാൻ: 1.5 ബില്യൺ ഡോളർ
ഇറാന്റെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) നാലിലൊന്ന് വരും ഈ തുക. കഴിഞ്ഞ കുറേ വർഷങ്ങളായി തകർച്ച നേരിടുന്ന ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഈ പണം അത്യാവശ്യമാണ്. അതോടൊപ്പം ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യത്തകർച്ച തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും ഈ പണം സഹായിക്കും.
എണ്ണപ്പാടങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, വൈദ്യുതി ഗ്രിഡുകൾ എന്നിവ ആധുനികവൽക്കരിക്കാൻ വൻതോതിൽ നിക്ഷേപം ആവശ്യമാണ്. കൂടാതെ യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും സാമ്പത്തിക വളർച്ച തിരികെ പിടിക്കാനും മരവിപ്പിക്കപ്പെട്ട ഫണ്ടുകൾ വിട്ടുകിട്ടണമെന്ന് നേരത്തേ തന്നെ ഇറാൻ ആവശ്യപ്പെട്ടിരുന്നു.
പാകിസ്താനിൽ വെച്ച് നടന്ന സമാധാന ചർച്ചകളിൽ തങ്ങളുടെ 6 ബില്യൺ ഡോളറെങ്കിലും പ്രാഥമികമായി വിട്ടുകിട്ടണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പണം വിട്ടുനൽകിയെന്ന റിപ്പോർട്ടുകൾ വാഷിങ്ടൺ നിഷേധിച്ചു. ഏപ്രിൽ 22-ന് വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ ആസ്തികളുടെ കാര്യത്തിൽ യു.എസ് എടുക്കുന്ന തീരുമാനം വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ നിർണ്ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

