ഒന്റാറിയോയിൽ വെയർഹൗസിൽ വൻ തീപിടിത്തം; ജീവനക്കാരൻ അറസ്റ്റിൽ
text_fieldsഒന്റാറിയോ: കാലിഫോർണിയയിലെ ഒന്റാറിയോയിലുള്ള കിംബർലി-ക്ലാർക്ക് പേപ്പർ ഉൽപ്പന്ന വിതരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ വെയർഹൗസ് ജീവനക്കാരൻ അറസ്റ്റിലായി. മനഃപൂർവ്വം തീയിട്ടു എന്ന കുറ്റത്തിനാണ് 29കാരനായ ഷമീൽ അബ്ദുൾകരീമിനെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ചൊവ്വാഴ്ച പുലർച്ചെ 12:36ഓടെയാണ് 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസിൽ തീപിടിത്തമുണ്ടായത്. അതീവ വേഗത്തിൽ തീ പടർന്നതോടെ വെയർഹൗസിനുള്ളിൽ കടന്ന് രക്ഷാപ്രവർത്തനം നടത്താൻ അഗ്നിശമന സേനാംഗങ്ങൾക്ക് സാധിച്ചില്ല. തീപിടിത്തത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണു. ആറാം നില വരെ ഉയരത്തിൽ ആളിപ്പടർന്ന തീ അണക്കാൻ 175ഓളം അഗ്നിശമന സേനാംഗങ്ങളാണ് രംഗത്തിറങ്ങിയത്. 20 എഞ്ചിൻ കമ്പനികൾ ഉൾപ്പെടെ ഒരു ഡസനിലധികം ഏജൻസികൾ സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുത്തത്.
തീപിടിത്തം ഉണ്ടായ സമയത്ത് 20 ജീവനക്കാർ വെയർഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇവരെ ഉടൻ തന്നെ ഒഴിപ്പിച്ചു. എന്നാൽ രക്ഷപ്പെടുത്തിയവരിൽ ഒരാളെ കാണാനില്ലെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹൈലാൻഡ് സ്വദേശിയായ ഷമീൽ അബ്ദുൾകരീമിനെ പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് തീയിട്ടതെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയിലാണ്.
മൈലുകളോളം ദൂരത്തിൽ കാണാവുന്ന രീതിയിൽ വെയർഹൗസിൽ നിന്നും പുക ഉയർന്നു. പേപ്പർ ഉൽപ്പന്നങ്ങൾ കത്തിയതിനാൽ വായു നിലവാരത്തിൽ വലിയ കുറവുണ്ടായി. തുടർന്ന് കുട്ടികളും മുതിർന്നവരും വീടിനുള്ളിൽ തന്നെ ഇരിക്കണമെന്ന് അധികൃതർ നിർദേശം നൽകി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചക്ക് ഒരു മണിയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കിംബർലി-ക്ലാർക്ക് അധികൃതർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

