Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ ആണവ സമ്പുഷ്ടീകരണം കുറക്കണം; വാൻസ്

text_fields
bookmark_border
വാൻസ്
cancel
camera_alt

ജെ.ഡി. വാൻസ്

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ ശേഷിയിൽ കാര്യമായ കുറവ് വരുത്തണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ചർച്ചകളിൽ ഇറാൻ എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലാസ്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസാരിക്കവെ, ഭാവിയിൽ ആണവ പദ്ധതികൾ കുറക്കാം എന്ന ഉറപ്പുകൾക്ക് പകരം ഇറാൻ തങ്ങളുടെ നിലവിലെ ആണവ സമ്പുഷ്ടീകരണ ശേഷി കുറക്കുകയാണ് വേണ്ടതെന്ന് വാൻസ് വ്യക്തമാക്കി. ‘നിങ്ങൾക്ക് ആണവായുധം ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനാണ് 60 ശതമാനം സമ്പുഷ്ടീകരിച്ച ഇന്ധനം ആവശ്യമായി വരുന്നത്? ആണവായുധം നിർമിക്കില്ലെന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച ഇന്ധനം നിർമിക്കാതിരിക്കുക. അതൊരു അടിസ്ഥാനപരമായ കാര്യമാണ്,’ വാൻസ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനും സുപ്രധാന ആഗോള ഊർജ്ജ ചരക്ക് കടത്തുപാതയായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇറാനും അമേരിക്കയും കഴിഞ്ഞ ആഴ്ചകളിൽ വിവിധ നിർദേശങ്ങൾ പരസ്പരം കൈമാറിയിരുന്നു. എന്നാൽ ഇറാന്റെ ഏറ്റവും പുതിയ നിർദേശം ട്രംപ് തള്ളിക്കളയുകയും, ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം സൈനിക നടപടികൾ കൂടുതൽ തീവ്രമായേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

തെഹ്‌റാനിൽ തീരുമാനങ്ങൾ എടുക്കുന്നത് ആരാണെന്ന് വാഷിങ്ടണിന് കൃത്യമായ ധാരണയില്ലെന്നതാണെന്ന് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നതെന്ന് വാൻസ് പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, യുദ്ധത്തിന്റെ തുടക്കത്തിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാനഈ കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലെ അധികാര കേന്ദ്രങ്ങളിൽ ഇവർക്ക് എത്രത്തോളം സ്വാധീനമുണ്ടെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തങ്ങളുടെ എതിരാളികൾ ആരെന്നും ഇറാന്റെ തീരുമാനമെടുക്കൽ വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും യു.എസ് ഉദ്യോഗസ്ഥർക്ക് നന്നായി അറിയാമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ പ്രതികരിച്ചു.

ഇതിനി​ടെ യുദ്ധത്തിന് പ്രതിമാസം 3 ബില്യൺ ഡോളറിലധികം ചിലവ് വരുന്നുണ്ടെന്നത് യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. ഉയർന്ന ഊർജ്ജ വില ട്രംപിനെയും റിപ്പബ്ലിക്കൻമാരെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എങ്കിലും, റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നത് തുടരണമെന്ന് വാൻസ് വോട്ടർമാരോട് അഭ്യർത്ഥിച്ചു. അലാസ്കയിൽ നടന്ന റാലിക്കിടെ, റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സല്ലിവന് വേണ്ടി വാൻസ് പ്രചാരണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vance says Iran must cut enrichment to end war
Next Story