വാൻസ് ഇന്ന് രാത്രി സ്വിറ്റ്സർലൻഡിലേക്ക് പോകുന്നില്ല; ഇറാൻ-യു.എസ് ധാരണാപത്രം അന്തിമമാക്കിയിട്ടില്ലെന്ന് വൈറ്റ് ഹൗസ്
text_fieldsതെഹ്റാൻ: ഇറാൻ സമാധാനചർച്ചയുടെ ധാരണാ പത്രം അന്തിമമാക്കിയിട്ടില്ലെന്നും ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് മാറ്റിവച്ചതായും വൈറ്റ് ഹൗസ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പിട്ടിരുന്നു. ഇറാനുമായുള്ള പുതിയ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി വാൻസ് വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
യുഎസ് വൈസ് പ്രസിഡന്റ് ഇറാനുമായി ചർച്ചകൾ നടത്താൻ ഇന്ന് രാത്രി സ്വിറ്റ്സർലൻഡിലേക്ക് പോകില്ലെന്ന് സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസ് വക്താവിന്റെ പ്രസ്താവന ലഭിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ യാത്ര അധികം വൈകില്ലെന്നാണ് സൂചനകൾ.
"വൈസ് പ്രസിഡന്റ് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞതുപോലെ, വരാനിരിക്കുന്ന സാങ്കേതിക ചർച്ചകൾക്കുള്ള പദ്ധതികൾ അന്തിമമാക്കിയിട്ടില്ല, ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ യു.എസ് പ്രതിനിധി സംഘം പുറപ്പെടാൻ തയ്യാറാണ്," വക്താവ് പറഞ്ഞു.
യു.എസിൽ നിന്നും ഇസ്രായേലിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലും വാൻസ് കരാറിനെ ന്യായീകരിച്ച് രംഗത്ത് എത്തിയിരുന്നു. ഇറാനുമായി 60 ദിവസത്തെ ചർച്ചാ കാലയളവ് ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
110 ദിവസം പിന്നിട്ട യു.എസ്-ഇറാൻ സംഘർഷത്തിന് വിരാമമിട്ട് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി രൂപപ്പെടുത്തിയ 14 ഇന സമാധാന കരാറിന്റെ ധാരണപത്രത്തിലാണ് (എം.ഒ.യു) യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചത്. ഫ്രാൻസിലെ വെർസായ്‌സ് കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ധാരണയായത്. തുടർന്ന്, വെള്ളിയാഴ്ച ജനീവയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താനുമായിരുന്നു തീരുമാനം. എന്നാൽ, അതിന് ഒരു ദിവസം മുമ്പുതന്നെ, ജി 7 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ട്രംപ് ധാരണപത്രത്തിൽ ഒപ്പുവെക്കുകയായിരുന്നു. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ തെഹ്റാനിൽനിന്ന് ധാരണപത്രത്തിൽ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി.
ഇസ്‍ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് എന്നറിയപ്പെടുന്ന ധാരണപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതോടെ മൂന്നുമാസം പിന്നിട്ട യുദ്ധത്തിന് താൽക്കാലിക വിരാമമാവുകയാണ്.
അതേസമയം, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിൽ ആശങ്ക തുടരുന്നുമുണ്ട്. നിലവിലെ ധാരണയനുസരിച്ച്, ഹുർമുസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കാനും ഇറാന്റെ എണ്ണക്കയറ്റുമതിക്ക് അനുമതി നൽകാനും അമേരിക്ക സമ്മതിച്ചു. കൂടാതെ ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ വിട്ടുനൽകാനും ഇറാന്റെ പുനർനിർമാണത്തിനായി 300 ബില്യൺ ഡോളർ നിക്ഷേപ ഫണ്ട് നൽകാനും യു.എസ് സമ്മതിച്ചിട്ടുണ്ട്.മറുവശത്ത്, ഇറാന്റെ ആണവ പദ്ധതികളിൽ നിയന്ത്രണം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

