ഐസ്‌ക്രീമിൽ ആണിയടക്കമുള്ള ലോഹക്കഷ്ണങ്ങൾ; അമേരിക്കൻ യുവതിക്ക് 132 കോടി രൂപ നഷ്ടപരിഹാരം
text_fieldsഫ്ലോറിഡ: ഐസ്‌ക്രീമിൽ ആണി ഉൾപ്പെടെയുള്ള ലോഹക്കഷ്ണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ശാരീരിക പ്രശ്നങ്ങൾ നേരിട്ട യുവതിക്ക് 132 കോടി രൂപ (14 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഫ്ലോറിഡ സ്വദേശിയായ ബ്രാൻഡി ബക്ക്‌ലിക്കാണ് ബ്രെവാർഡ് കൗണ്ടി കോടതി വൻതുക നഷ്ടപരിഹാരം അനുവദിച്ചത്. പ്രശസ്ത ഐസ്‌ക്രീം ശൃംഖലയായ 'ബ്രസ്റ്റേഴ്‌സ് റിയൽ ഐസ്‌ക്രീമി'നെതിരെയാണ് വിധി.
2018 സെപ്റ്റംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാം ബേയിലെ ഐസ്‌ക്രീം ഷോപ്പിൽ മക്കൾക്കൊപ്പം എത്തിയതായിരുന്നു ബ്രാൻഡി. ബട്ടർ പെക്കൺ ഫ്ലേവർ ഐസ്‌ക്രീം കഴിക്കുന്നതിനിടെയാണ് ലോഹക്കഷണങ്ങൾ ഉള്ളിൽ ചെന്നത്. ഐസ്‌ക്രീമിലുണ്ടായിരുന്ന അണ്ടിപ്പരിപ്പാണെന്ന് കരുതിയാണ് ഇവർ വേഗത്തിൽ ഐസ്‌ക്രീം കഴിച്ചതെന്ന് അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ബ്രാൻഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സ്‌റേ പരിശോധനയിൽ വയറിനുള്ളിൽ ആണി ഉൾപ്പെടെയുള്ള ലോഹക്കഷണങ്ങൾ കണ്ടെത്തി.
ശസ്ത്രക്രിയയിലൂടെ ചില കഷണങ്ങൾ നീക്കം ചെയ്‌തെങ്കിലും, എല്ലാ ലോഹഭാഗങ്ങളും പുറത്തെടുക്കാൻ സാധിച്ചില്ല. ഇത് യുവതിക്ക് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. ആണി വിഴുങ്ങിയതിനെത്തുടർന്ന് അന്നനാളത്തിലും ആമാശയത്തിലും മുറിവുകൾ ഉണ്ടായി.
എങ്ങനെയാണ് ലോഹം ഐസ്‌ക്രീമിൽ എത്തിയത്? കോടതി നടപടികൾക്കിടയിൽ ഉയർന്ന പ്രധാന ചോദ്യമായിരുന്നു ഇത്. ഐസ്‌ക്രീം നിർമാണത്തിനോ വിതരണത്തിനോ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളിൽ നിന്നോ അല്ലെങ്കിൽ ഐസ്‌ക്രീം സൂക്ഷിച്ചിരുന്ന പാത്രങ്ങളിൽ നിന്നോ ആകാം ഈ ആണിയും ലോഹക്കഷണങ്ങളും വന്നതെന്നാണ് കരുതപ്പെടുന്നത്. ഉപഭോക്താക്കൾക്ക് നൽകുന്നതിന് മുമ്പ് ഗുണനിലവാര പരിശോധനയിൽ വന്ന വലിയ വീഴ്ചയായാണ് കോടതി ഇതിനെ കണക്കാക്കിയത്.
ഐസ്‌ക്രീം കോണിന്റെ അവശിഷ്ടങ്ങളും അതിൽ കണ്ടെത്തിയ ആണിയുടെ ചിത്രങ്ങളും യുവതിയുടെ അഭിഭാഷകർ കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. 2019ൽ ഫയൽ ചെയ്ത കേസിൽ ഈ മാസമാണ് വിചാരണ പൂർത്തിയായി വിധി വന്നത്. ‘ദേശീയ ബ്രാൻഡുകളിൽ എത്രത്തോളം വിശ്വാസമുണ്ടെങ്കിലും ഇത്തരം തെറ്റുകൾ സംഭവിക്കാം. ഈ വിധി ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബ്രാൻഡുകളുടെ ഉത്തരവാദിത്തം ഓർമിപ്പിക്കുന്നതിനും സഹായിക്കും’ - സ്കോട്ട് അൽപിസാർ (അഭിഭാഷകൻ) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

