ഇറാൻ യുദ്ധം: അമേരിക്കയുടെ ആയുധശേഖരം തീരുന്നുവോ? 25% റീപ്പർ ഡ്രോണുകൾ നഷ്ടപ്പെട്ടു
text_fieldsഎം.ക്യു 9 റീപ്പർ ഡ്രോൺ
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടെ അമേരിക്കക്ക് ആയുധശേഖരത്തിൽ വൻ കുറവ് വന്നതായി റിപ്പോർട്ട്. 45 എം.ക്യു 9 റീപ്പർ ഡ്രോണുകൾ നഷ്ടപ്പെട്ടതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കക്ക് ലഭ്യമായ റീപ്പർ ഡ്രോണുകളുടെ ഏകദേശം 25 ശതമാനമാണിത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. നിരീക്ഷണത്തിനും ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായ ആക്രമണം നടത്തുന്നതിനും ഉപയോഗിക്കുന്നതാണ് എം.ക്യു 9 റീപ്പർ ഡ്രോണുകൾ. ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളുടെയും ആയുധങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ഡ്രോണിന് 30 മില്യൺ മുതൽ 50 മില്യൺ ഡോളർ വരെ വിലവരും. നഷ്ടപ്പെട്ട ഡ്രോണുകളുടെ മൂല്യം മാത്രം 1.3 ബില്യൺ ഡോളറിലേറെയാകാമെന്നാണ് റിപ്പോർട്ട്.
ഇറാൻ യുദ്ധത്തിനിടെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന് സമീപം റീപ്പർ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചതായാണ് റിപ്പോർട്ട്. ആഗോള കപ്പൽഗതാഗതത്തിന് നിർണായകമായ ഈ ജലപാത നിലവിലെ സംഘർഷത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. സമാധാന ധാരണയിലെത്താനുള്ള ശ്രമങ്ങൾക്കും ഹുർമുസിലെ സാഹചര്യം വെല്ലുവിളിയായി തുടരുകയാണ്.
റീപ്പർ ഡ്രോണുകൾ താരതമ്യേന കുറഞ്ഞ വേഗതയിലും പലപ്പോഴും താഴ്ന്ന ഉയരത്തിലുമാണ് പറക്കുന്നത്. ഇതുമൂലം ഇറാൻ സൈന്യത്തിനും യെമനിലും ഇറാഖിലുമുള്ള ഇറാൻ അനുകൂല സായുധസംഘങ്ങൾക്കും ഇവയെ ലക്ഷ്യമിടുന്നത് താരതമ്യേന എളുപ്പമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ നഷ്ടപ്പെട്ട എല്ലാ റീപ്പർ ഡ്രോണുകളും വെടിവെച്ചിട്ടതല്ല. മറ്റൊരു യുഎസ് ഉദ്യോഗസ്ഥന്റെ വിവരമനുസരിച്ച്, ഓപ്പറേറ്റർമാരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചില ഡ്രോണുകൾ തകർന്നുവീണതായും എത്ര ഡ്രോണുകളാണ് ഇത്തരത്തിൽ തകർന്നതെന്നും വ്യക്തമാക്കിയിട്ടില്ല.
റീപ്പർ ഡ്രോണുകളുടെ നഷ്ടം അമേരിക്ക നേരിടുന്ന വിശാലമായ ആയുധശേഖര സമ്മർദത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. ഇറാൻ യുദ്ധത്തിന്റെ ആദ്യ മാസത്തിൽ യുഎസ് സേന 850ലേറെ ടോമഹോക്ക് ക്രൂസ് മിസൈലുകളും 1,000ലേറെ പാട്രിയറ്റ്, ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇതോടെ ദീർഘദൂര ആക്രമണ ശേഷിയിലും പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളിലുമുള്ള ശേഖരത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ആയുധങ്ങളുടെ ലഭ്യതയിലെ സമ്മർദം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നീക്കങ്ങൾക്കുള്ള സാധ്യതകളെയും ബാധിച്ചതായാണ് റിപ്പോർട്ട്. അതേസമയം, അമേരിക്കൻ ആയുധശേഖരം കുറയുന്നതായുള്ള റിപ്പോർട്ടുകൾ പെന്റഗൺ നിഷേധിച്ചുവരുന്നതായും റിപ്പോർട്ടിലുണ്ട്. ഇറാൻ യുദ്ധച്ചെലവുകൾ നികത്താനും ആയുധശേഖരം പുനഃസ്ഥാപിക്കാനുമായി ട്രംപ് ഭരണകൂടം അധിക ഫണ്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 31ന് മേരിലാൻഡിലെ ക്യാമ്പ് ഡേവിഡിൽ നടന്ന മന്ത്രിസഭാ യോഗത്തിനിടെ ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് അമേരിക്കൻ ആയുധശേഖരത്തിന്റെ സ്ഥിതിയെക്കുറിച്ച് ചോദിച്ചതായും റിപ്പോർട്ടിലുണ്ട്.
ആയുധശേഖരത്തിലെ സമ്മർദം ഇറാന്റെ നിലപാട് കൂടുതൽ ശക്തമാക്കിയതായും റിപ്പോർട്ട് വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച ആവശ്യങ്ങൾക്കും യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനും ഇറാൻ കൂടുതൽ ശക്തമായ നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്.
യുദ്ധം തുടരുന്നതിനിടെ സൈനിക ശേഷി നിലനിർത്തുന്നതിനൊപ്പം ആയുധശേഖരം പുനഃസ്ഥാപിക്കാനും നയതന്ത്രപരമായ പരിഹാരം തേടാനും അമേരിക്കക്ക് ഒരേസമയം ശ്രമിക്കേണ്ട സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

