മരവിപ്പിച്ച 12 ബില്യൺ ഡോളർ ആസ്തി യു.എസ് വിട്ടുനൽകുമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: യു.എസ് മരവിപ്പിച്ച തങ്ങളുടെ 12 ബില്യൺ ഡോളർ ആസ്തികൾ വിട്ടുകൊടുക്കാനും എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കാനും സ്വിറ്റ്സർലൻഡിൽ നടന്ന സമാധാന ചർച്ചയിൽ ധാരണയായതായി ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഓഗസ്റ്റ് ഒന്ന് വരെ ഇറാനിയൻ എണ്ണയുടെയും പെട്രോകെമിക്കലുകളുടെയും വിൽപ്പന അനുവദിക്കുന്നതിനായി യു.എസ് ട്രഷറി വകുപ്പ് ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്. "മരവിപ്പിച്ച 12 ബില്യൺ ഡോളർ ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കുന്നതിനുള്ള യു.എസിന്റെ കരാർ സ്വിറ്റ്‌സർലൻഡിൽ അന്തിമമാക്കിയിരുന്നു," ഗാലിബാഫ് തിങ്കളാഴ്ച ഇറാനിയൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
അന്താരാഷ്ട്ര ആണവ പരിശോധനകൾ അനുവദിക്കാൻ ഇറാന്റെ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം എന്ന് യു.എസ് പറയുന്നു.സ്വിറ്റ്സർലൻഡിൽ 18 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയത്. ധാരണാപത്രത്തിന് കീഴിൽ ടെഹ്‌റാൻ നേടിയ പ്രധാന നേട്ടങ്ങളിലൊന്നാണ് ഫണ്ട് വിട്ടുകിട്ടലെന്ന് ഗാലിബാഫ് വിശേഷിപ്പിച്ചു.അന്തിമ കരാറിലെത്തുന്നതുവരെ ക്രൂഡ് ഓയിൽ കയറ്റുമതി, പെട്രോകെമിക്കൽസ്, അനുബന്ധ ഡെറിവേറ്റീവുകൾ എന്നിവയ്ക്കുള്ള ഉപരോധങ്ങൾ നീക്കിയതായി ഗാലിബാഫ് പറഞ്ഞു. ബാങ്കിങ്, ഇൻഷുറൻസ്, ഗതാഗത മേഖലകളിലേക്കും ഈ നടപടികൾ വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇളവ് അനുവദിക്കുന്ന ഏതൊരു ഇറാൻ ആസ്തിയും യു.എസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഇറാന്റെ സെൻട്രൽ ബാങ്ക് ഈ അഭിപ്രായങ്ങൾ നിരസിച്ചു. യു.എസിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇറാൻ ബാധ്യസ്ഥരല്ലെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്കയുമായി അന്തിമ കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്‌സർലൻഡിൽ നടന്ന സാങ്കേതിക ചർച്ചകൾ വിജയകരമായി അവസാനിച്ചതായും അടുത്ത ഘട്ട ചർച്ചകളിൽ ഉന്നത സമിതി മധ്യസ്ഥതയ്ക്ക് മേൽനോട്ടം വഹിക്കുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു.
തുടർ ചർച്ചകൾക്കായി നാല് പ്രവർത്തന സമിതികൾ രൂപീകരിച്ചതായി ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഓരോ ഗ്രൂപ്പും ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉപരോധ ഇളവ്, ഇറാന്റെ ആണവ പദ്ധതി, രാജ്യത്തിന്റെ പുനർനിർമാണം, സാമ്പത്തിക വികസനം, ഇരുപക്ഷവും ധാരണാപത്രം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവ അവയിൽ ഉൾപ്പെടുന്നുവെന്നും ചർച്ചക്ക് നേതൃത്വം വഹിക്കുന്ന വിദേശകാര്യ സഹമന്ത്രി ഖാസിം ഘരിബാബാദി പറഞ്ഞു.
ഞായറാഴ്ച സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ആരംഭിച്ച ചർച്ച തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അവസാനിച്ചത്. പാകിസ്താൻ, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. ഫെബ്രുവരി 29നാണ് ഇറാനെതിരെ ഇസ്രായേലും യു.എസും ഏകപക്ഷീയമായി ആക്രമണം ആരംഭിച്ചത്. ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിൽത്തൽ പ്രഖ്യാപിച്ചു. എന്നാൽ തുടർ ചർച്ചകൾ അനിശ്ചിതത്വത്തിലായി. 110 ദിവസം പിന്നിട്ടശേഷം പാക്-ഖത്തർ ഊർജിത നീക്കങ്ങളെത്തുടർന്ന് ഇക്കഴിഞ്ഞ 18നാണ് ഇരു രാജ്യങ്ങളും താൽക്കാലിക ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിന്റെ തുടർച്ചയായിരുന്നു സ്വിറ്റ്സർലൻഡിലെ ചർച്ച. 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തുന്നതിനുള്ള റോഡ്മാപ്പ്, ലെബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംഘർഷരഹിത സെൽ രൂപീകരിക്കാനും ധാരണയായിരുന്നു. ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ കയറ്റുമതിക്കുള്ള ഉപരോധം നീക്കാനും മരവിപ്പിച്ച ചില ആസ്തികൾ സ്വതന്ത്രമാക്കാനും ഇറാനുവേണ്ടി പ്രധാന പുനർനിർമാണത്തിന് സ്വകാര്യ ഫണ്ട് അനുവദിക്കാനും ധാരണയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

