ഇസ്രായേലിന്റെ എതിർപ്പ് അവഗണിച്ച് ട്രംപ്; സിറിയയെ ‘ഭീകരവാദ പട്ടികയിൽ’ നിന്ന് ഒഴിവാക്കാൻ നീക്കം
text_fieldsവാഷിങ്ടൺ: സിറിയയിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന സാമ്പത്തിക ഉപരോധങ്ങൾക്കും നിക്ഷേപ പ്രതിസന്ധികൾക്കും അറുതി വരുത്തിക്കൊണ്ട്, രാജ്യത്തെ ‘ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ’ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായുടെ പുതിയ ഭരണകൂടത്തിന് പൂർണ്ണ ആത്മവിശ്വാസം നൽകുന്നതാണ് യു.എസിന്റെ ഈ നിർണായക നീക്കം.
അന്താരാഷ്ട്ര ഭീകരപ്രവർത്തനങ്ങൾക്ക് ആവർത്തിച്ച് പിന്തുണ നൽകുന്ന രാജ്യങ്ങളെ അടയാളപ്പെടുത്താൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഉപയോഗിക്കുന്ന ഔദ്യോഗിക പദവിയാണ് 'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം' അല്ലെങ്കിൽ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യം എന്നത്. സിറിയൻ ജനതക്ക് പുതിയൊരു കുതിച്ചുചാട്ടത്തിനുള്ള അവസരമൊരുക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച ചരിത്രപരമായ നടപടിയാണിതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ വ്യക്തമാക്കി. യു.എസ് നിയമസഭാംഗങ്ങൾ ഈ തീരുമാനത്തെ തടയാൻ സാധ്യതയില്ലാത്തതിനാൽ, അടുത്ത 45 ദിവസത്തിനുള്ളിൽ ഈ നീക്കം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയയെ അടിച്ചമർത്തി ഭരിച്ച അൽ-അസദ് കുടുംബത്തിന്റെ ഭരണം 2024ൽ വീണതിന് പിന്നാലെ, രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തുന്ന ജനകീയ നേതാവായി മാറാൻ മുൻ വിമത നേതാവ് കൂടിയായ അൽ-ഷറാക്ക് സാധിച്ചിട്ടുണ്ട്. തന്റെ പഴയ സൈനിക വേഷം ഉപേക്ഷിച്ച് ഔദ്യോഗിക സ്യൂട്ടണിഞ്ഞ് ട്രംപിനെ കാണാനെത്തിയ അൽ-ഷറായെ ട്രംപ് പ്രശംസ കൊണ്ട് മൂടി. സിറിയയെ ഒരുമിപ്പിച്ചു നിർത്തുന്നതിൽ അദ്ദേഹം അവിശ്വസനീയമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും മുൻ സർക്കാരിന്റെ കാലത്ത് സിറിയ വലിയൊരു തകർച്ചയിലായിരുന്നു എന്നും ട്രംപ് പറഞ്ഞു.
‘സിറിയയുടെ മേലുള്ള ഉപരോധങ്ങൾ നീക്കുന്നത് അന്താരാഷ്ട്ര വ്യാപാരവും നിക്ഷേപങ്ങളും വർധിപ്പിക്കും. രാജ്യത്തെ പുനർനിർമിക്കാനും സിറിയൻ ജനതക്ക് ഒരു പുതിയ അധ്യായം തുറക്കാനും ഇത് സഹായിക്കും’ മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു. അയൽരാജ്യങ്ങളുമായി സമാധാനത്തിൽ കഴിയുന്ന, സുസ്ഥിരവും ഏകീകൃതവുമായ ഒരു സിറിയ ഈ മേഖലക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ സിറിയ അന്താരാഷ്ട്ര ഭീകരപ്രവർത്തനങ്ങളെ ഒരു തരത്തിലും പിന്തുണക്കുന്നില്ലെന്ന് പ്രസിഡന്റ് അഹ്മദ് അശ്ശറാ യു.എസിന് നൽകിയ കൃത്യമായ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടികയിൽ നിന്നുള്ള ഒഴിവാക്കൽ എന്ന് റൂബിയോ വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധവും ഐസിസ് (ISIL) ഭീകരരുടെ ആക്രമണങ്ങളും ലക്ഷക്കണക്കിന് അഭയാർഥികളെ സൃഷ്ടിച്ച വലിയ പ്രതിസന്ധിയും നേരിട്ട സിറിയക്ക്, തങ്ങളുടെ തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനർനിർമിക്കാൻ വലിയ തോതിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. മുൻപ് ട്രംപ് ചില ഉപരോധങ്ങൾ നീക്കിയിരുന്നെങ്കിലും 'ഭീകരവാദ പട്ടികയിൽ' തുടർന്നതിനാൽ അമേരിക്കൻ കമ്പനികൾക്ക് സിറിയയിൽ നിക്ഷേപം നടത്താൻ നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധി പൂർണ്ണമായി മാറും.
അതേസമയം, സിറിയയുടെ പരമ്പരാഗത ശത്രുവായ ഇസ്രായേലിന്റെ കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് ട്രംപ് ഈ തീരുമാനവുമായി മുന്നോട്ട് പോയത്. സിറിയയുമായി സമാധാന ചർച്ചകൾക്ക് ട്രംപ് നേരത്തെ സമ്മർദം ചെലുത്തിയിരുന്നെങ്കിലും, അതിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നതിന് മുൻപ് തന്നെ ഉപരോധം നീക്കാൻ ട്രംപ് തീരുമാനിക്കുകയായിരുന്നു. ലബനാനിലെ ഹിസ്ബുല്ല ഭീകരരെ അടിച്ചമർത്താൻ ഇസ്രായേലിന് പകരം സിറിയക്ക് സൈനിക ചുമതല നൽകാം എന്ന് ട്രംപ് കഴിഞ്ഞ മാസം നിർദേശിച്ചിരുന്നെങ്കിലും, ലബനാനിലേക്ക് സൈനികമായി ഇടപെടാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് അഹ്മദ് അശ്ശറാ വ്യക്തമാക്കിയിരുന്നു.
1979 മുതലാണ് അമേരിക്ക സിറിയയെ 'ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമായി' പ്രഖ്യാപിച്ചത്. 45 ദിവസത്തിനകം സിറിയ ഈ പട്ടികയിൽ നിന്ന് പുറത്താകുന്നതോടെ, ലോകത്ത് ഇനി വെറും മൂന്ന് രാജ്യങ്ങൾ മാത്രമാകും അമേരിക്കയുടെ ഭീകരവാദ കരിമ്പട്ടികയിൽ അവശേഷിക്കുക. ഇറാൻ, ഉത്തര കൊറിയ, ക്യൂബ എന്നിവയാണ് ഈ രാജ്യങ്ങൾ. തങ്ങളുടെ ആദ്യ ഭരണകാലത്തിന്റെ അവസാനത്തിലാണ് ഡോണൾഡ് ട്രംപ് ഭരണകൂടം കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. ജൂണിൽ ഒപ്പുവെച്ച സമാധാന ധാരണാപത്രങ്ങൾ തകർന്നതോടെ മധ്യപൂർവേഷ്യൻ മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

