സൈന്യം സജ്ജം; ഇറാനെ ആക്രമിക്കാൻ ട്രംപ് മൂളിയാൽ മതിയെന്ന് റിപ്പോർട്ട്
text_fieldsതെഹ്റാൻ: ഇറാനിൽ ഈ ആഴ്ചതന്നെ സൈനികാക്രമണം നടത്താൻ യു.എസിന് പദ്ധതിയുള്ളതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജനീവയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടത്തിയ ചർച്ചയിൽ കൃത്യമായ പരിഹാരങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് യു.എസ് സൈനിക നീക്കം സജീവമാക്കാനൊരുങ്ങുന്നത്.
വിഷയത്തിൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. ന്യൂയോർക് ടൈംസ്, സി.എൻ.എൻ, സി.ബി.എസ് എന്നീ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇതിനകം യു.എസിന്റെ യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, ഇന്ധനം നിറക്കുന്ന വിമാനങ്ങൾ എന്നിവയുൾപ്പെടെ പശ്ചിമേഷ്യയിൽ വൻതോതിൽ സൈനിക വിന്യാസം നടത്തിയതിനു പിന്നാലെയാണ് വാർത്ത പുറത്തുവന്നത്.
ഈ വാരാന്ത്യത്തോടെ സൈന്യം ആക്രമണത്തിന് തയാറാണെന്ന് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്ന് പറയുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതികൾ പൂർണമായൂം നിർത്തിവെക്കണമെന്നാണ് യു.എസിന്റെ ആവശ്യം. എന്നാൽ, തങ്ങൾ ഊർജാവശ്യങ്ങൾക്ക് മാത്രമാണ് ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ഇറാന്റെ വാദം. അതിനിടെ, യു.എസ് വിദേശ കാര്യ സെക്രട്ടറി മാർകോ റൂബിയോ അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടയും ഇറാനിലെ സൈനിക നീക്കമായിരിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

