Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിൽനിന്ന്...

ഇന്ത്യയിൽനിന്ന് മടങ്ങിയ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; 87 മരണം, 60 പേർക്കായി തിരച്ചിൽ തുടരുന്നു

text_fields
bookmark_border
Iranian warship
cancel

കൊളംബോ: ഇറാനിൽ യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണം തുടരുന്നതിനിടെ ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ 101 പേരെ കാണാതായി. ശ്രീലങ്കൻ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രി അധികൃതർ നൽകുന്ന വിവരമനുസരിച്ച് 87 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 32 പേരെ രക്ഷപ്പെടുത്തി ചികിത്സയിൽ പ്രവേശിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ഏകദേശം 180 പേരിൽ 60 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്ന് സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിനു നേരെ അന്തർവാഹിനി ആക്രമണമാണ് നടന്നത്. തകർന്ന കപ്പൽ ഇറാനിയൻ നാവികസേനയുടെ മൗഡ്ജ്-ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേനയാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം പുലർച്ചെ 5.30ഓടെ ഗാലെ നഗരത്തിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചത്. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ സഹായം നൽകുകയാണെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് കമാൻഡർ ബുദ്ധിക സമ്പത്ത് പറഞ്ഞു. ഇന്ത്യയിൽ നടന്ന ‘ഇന്റർനാഷനൽ ഫ്ലീറ്റ് റിവ്യൂ 2026’ ൽ പങ്കെടുത്ത ശേഷമാണ് ഇറാനിയൻ കപ്പൽ മടക്കയാത്ര ആരംഭിച്ചത്.

രണ്ടാഴ്ച മുമ്പ് ഇന്ത്യയിലെ സന്ദർശന വേളയിൽ വിശാഖപട്ടണത്തെത്തിയ ഇറാനിയൻ കപ്പലിനെ ഈസ്റ്റേൺ നാവിക കമാൻഡ് സ്വാഗതം ചെയ്തിരുന്നു. അന്തർവാഹിനി ഉപയോഗിച്ച് കപ്പലിനെ ആക്രമിച്ചത് അമേരിക്കയാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾക്ക് വ്യക്തതയില്ലെന്ന് ശ്രീലങ്കൻ അധികൃതർ പറഞ്ഞു. ലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. നിരവധി പേരുടെ ജീവൻ അപകടത്തിലായ സംഭവത്തിൽ കൂടുതൽ പേരെ രക്ഷപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കൻ നാവിക സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എത്രപേർ മരിച്ചുവെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ചേർന്ന് ദിവസങ്ങൾക്കുമുമ്പ് ഇറാനു നേരെ നടത്തിയ ഏകപക്ഷീയ ആക്രമണം പശ്ചിമേഷ്യയിൽ അസ്വസ്ഥത പടർത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് ഇറാന് നേരെ നടത്തിയ ആക്രമണത്തില്‍ രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപെട്ടിരുന്നു. മകള്‍, മരുമകന്‍, പേരക്കുട്ടി എന്നിവരും 40ൽ അധികം മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ആക്രമണത്തിൽ ഇറാനിൽ 700ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankan navyWarshipship attackIran Israel Tensions
News Summary - US sinks Iran warship, returning from India, near Lanka; 87 killed
Next Story