‘യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇനിയൊരു ചെലവേറിയ യുദ്ധത്തിന് ട്രംപിന് അധികാരമില്ല’; ഇറാനെതിരായ സൈനിക നടപടി തടയുന്ന ബില്ലുമായി ബേർണി സാൻഡേഴ്‌സ്
text_fieldsവാഷിംങ്ടൺ: കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇറാനെതിരായ യു.എസ് സൈനിക നടപടിക്ക് ഫെഡറൽ ഫണ്ട് ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമാണം സെനറ്റർ ബേർണി സാൻഡേഴ്‌സ് അവതരിപ്പിച്ചു.
സെനറ്റർമാരായ പീറ്റർ വെൽച്ച്, എലിസബത്ത് വാറൻ, ജെഫ് മെർക്ലി, ക്രിസ് വാൻ ഹോളൻ, എഡ് മാർക്കി, ടാമി ബാൾഡ്വിൻ, ടിന സ്മിത്ത് എന്നിവർ സാൻഡേഴ്‌സിനൊപ്പം ചേർന്നു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ‘അശ്രദ്ധവും നിയമവിരുദ്ധവുമായ ആക്രമണങ്ങൾ’ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്നും മേഖലാതല യുദ്ധത്തിന് തിരികൊളുത്തുമെന്നും സാൻഡേഴ്‌സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
നെതന്യാഹു തെരഞ്ഞെടുത്ത യുദ്ധത്തിലേക്ക് അമേരിക്ക വലിച്ചിഴക്കപ്പെടില്ലെന്ന് കോൺഗ്രസിൽ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ മറ്റൊരു ‘ചെലവേറിയ യുദ്ധം’ ആരംഭിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ‘അധികാരമില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു യുദ്ധം കൂടി ഉണ്ടായാൽ എണ്ണമറ്റ ജീവൻ നഷ്ടപ്പെടുകയും കോടിക്കണക്കിന് ഡോളർ പാഴാക്കുകയും, കൂടുതൽ മരണങ്ങൾക്കും സംഘർഷങ്ങൾക്കും കൂടുതൽ കുടിയിറക്കത്തിനും കാരണമാകുകയും ചെയ്യും’- അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ സൈനിക നടപടിയെടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്ന യു.എസ് നിയമസഭാംഗങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഡെമോക്രാറ്റിക് കോൺഗ്രസുകാരനായ റോ ഖന്നയാണ് ഈ നിരയിലേക്ക് പുതുതായി കടന്നുവന്നത്.
ജനപ്രതിനിധിസഭയിലെ കാലിഫോർണിയയിലെ 17-ാമത് കോൺഗ്രസ് ജില്ലയെ പ്രതിനിധീകരിക്കുന്ന ഖന്ന ഇറാനുമായുള്ള ഇസ്രായേലിന്റെ സംഘർഷത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ട്രംപ് കോൺഗ്രസിന്റെ അംഗീകാരം നേടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണക്കുമെന്ന് ‘എക്‌സി’ൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

