അന്താരാഷ്ട്ര ജലപാതകൾ അടച്ചുപൂട്ടുന്നത് സ്വയം പ്രതിരോധമല്ല; ഇറാനോട് യു.എസ്
text_fieldsവാഷിങ്ടൺ: ഹുർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഇറാന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്സ്. "വാണിജ്യ കപ്പലുകളെ ഭീഷണിപ്പെടുത്തുന്നത് യു.എൻ ചാർട്ടർ പ്രകാരം ന്യായീകരിക്കാനാവില്ലെന്ന് വാൾട്സ് പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ യു.എസും ഇറാനും ഏർപ്പെട്ടിരിക്കുമ്പോഴാണ് ഈ പരാമർശം.
ആഗോള എണ്ണ-വാതക വ്യാപാരത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ചർച്ചകളിൽ പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ബഹ്‌റൈന്‍റെ അഭ്യർത്ഥന പ്രകാരം വിളിച്ചുചേർത്ത യു.എൻ സെക്യൂരിറ്റി കൗൺസിലിന്‍റെ അടിയന്തര യോഗത്തിൽ സംസാരിക്കവേ അന്താരാഷ്ട്ര ജലപാതകൾ അടച്ചുപൂട്ടുന്നത് സ്വയം പ്രതിരോധമല്ലെന്ന് വാൾട്സ് ഇറാനിയൻ ഭരണകൂടത്തോട് വ്യക്തമാക്കി. ഇറാനെതിരെ നടപടിയെടുക്കാൻ അദ്ദേഹം യു.എൻ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
സിംഗപ്പൂർ, പനാമ എന്നീ രാജ്യങ്ങളുടെ പതാക വഹിച്ച കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടി ഇറാനെ വാൾട്സ് വിമർശിച്ചു. സമാധാനത്തിന്‍റെയും ചർച്ചകളുടെയും പാതയിലേക്ക് മടങ്ങാൻ ഇറാനോട് ആവശ്യപ്പെട്ട വാൾട്സ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷമക്ക് പരിധിയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
യു.എസ്-ഇറാൻ ചർച്ചകൾ
ഖത്തറിൽ നടന്ന യു.എസ്-ഇറാൻ ചർച്ചകൾ ബുധനാഴ്ച അവസാനിച്ചു. ഹുർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതും ഇറാൻ ഫണ്ടുകൾ മരവിപ്പിച്ചത് നീക്കുന്നതുമായിരുന്നു ചർച്ചാവിഷയം. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ധാരണയിലേക്ക് എത്താൻ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ജൂലൈ 9ന് ചർച്ചകൾ വീണ്ടും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

