യു.എസുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് പെസഷ്‍കിയാനോട് ഉർദുഗാൻ
text_fieldsതെഹ്റാൻ: യു.എസുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നറിയിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇറാൻ പ്രസിഡന്റ് പെസ്ഷികിയാനെയാണ് ഉർദുഗാൻ നിലപാട് അറിയിച്ചത്. ഇന്ന് പെസഷ്‍കിയാനുമായി ഉർദുഗാൻ ഫോണിൽ സംസാരിച്ചിരുന്നു.
യു.എസും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി ഇടപെടാൻ തയാറാണ്. പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കുമെന്ന് ഉർദുഗാൻ അറിയിച്ചുവെന്നാണ് വിവരം. ഇറാനിൽ നിന്നുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥൻ അബ്ബാസി അരാഗച്ചി തുർക്കിയിൽ തുടരുന്നതിനിടെയാണ് ഉർദുഗാന്റെ മധ്യസ്ഥ നീക്കമെന്നതും ശ്രദ്ധേയമാണ്.
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു, യുദ്ധക്കപ്പലുകൾ വിന്യസിച്ച് യു.എസ്; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ, യുദ്ധം ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇറാനുമായി ചർച്ച നടത്താൻ പദ്ധതിയുണ്ടെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ആണവ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, രാജ്യത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം വ്യാപകമായ അറസ്റ്റ് നടപടികൾ തുടരുകയാണ്.
ഇറാനെതിരെ മിന്നൽ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സൈനിക നടപടികൾ അമേരിക്ക പരിഗണിക്കുന്നുണ്ട്. എന്നാൽ, സൈനിക ശക്തി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് ഇറാനെ ഓർമിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യു.എസിന്‍റെ ഭാഗത്തുനിന്നുണ്ടായാൽ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങൾക്കുള്ളിൽ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ കപ്പലുകൾക്ക് ഗുരുതരമ സുരക്ഷാ പിഴവുകളുണ്ടെന്നും തങ്ങളുടെ മിസൈൽ പരിധിയിലാണ് അവയെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമീനിയ പറഞ്ഞു.
അതിനിടെ ഇറാനിലെ റവല്യൂഷനറി ഗാർഡിനെ യൂറോപ്യൻ യൂണിയൻ 'ഭീകര സംഘടന'യായി പ്രഖ്യാപിച്ചു. സ്വന്തം ജനതയുടെ പ്രതിഷേധങ്ങളെ രക്തത്തിൽ മുക്കിക്കൊല്ലുന്ന ഒരു ഭരണകൂടത്തെ അങ്ങനെ മാത്രമേ വിളിക്കാനാകൂ എന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഇറാന്റെ ആഭ്യന്തര മന്ത്രി, പ്രോസിക്യൂട്ടർ ജനറൽ എന്നിവരുൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർക്ക് യാത്രാ വിലക്കും ആസ്തി കണ്ടുകെട്ടലും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

