Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅപ്രതീക്ഷിത ആക്രമണം...

അപ്രതീക്ഷിത ആക്രമണം ഉണ്ടായേക്കാം; സൈനിക കേന്ദ്രങ്ങൾക്കും പൗരന്മാർക്കും യു.എസ് മുന്നറിയിപ്പ്, ഇറാനിൽ ആക്രമണം കടുപ്പിച്ചു

text_fields
bookmark_border
അപ്രതീക്ഷിത ആക്രമണം ഉണ്ടായേക്കാം; സൈനിക കേന്ദ്രങ്ങൾക്കും പൗരന്മാർക്കും യു.എസ് മുന്നറിയിപ്പ്, ഇറാനിൽ ആക്രമണം കടുപ്പിച്ചു
cancel

തെഹ്റാൻ/വാഷിങ്ടൺ: ജോർഡനിൽ യു.എസ് സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ, ഇറാനിൽ ആക്രമണം ശക്തമാക്കി യു.എസ്. അതേസമയം, പശ്ചിമേഷ്യയിലും പുറത്തുമുള്ള അമേരിക്കൻ കേന്ദ്രങ്ങൾക്കുനേരെ 'അപ്രതീക്ഷിത ആക്രമണത്തിന് സാധ്യതയുണ്ടെന്ന്' യു.എസ് മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള അമേരിക്കക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു.

തെക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ഖഷം ദ്വീപ് എന്നിവിടങ്ങളിൽ യു.എസ് നിരവധി തവണ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 3.40-ഓടെയാണ് ഖഷം ദ്വീപിൽ ആക്രമണം നടന്നത്. എന്നാൽ ബന്ദർ അബ്ബാസിൽ ആക്രമണത്തിന്റെ ആഘാതമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐ.ആർ.എൻ.എ (IRNA) റിപ്പോർട്ട് ചെയ്തു. സാർമിക് പാലത്തിൽ മിസൈൽ പതിച്ചെന്ന റിപ്പോർട്ടുകൾ ബലൂചിസ്ഥാൻ ഡെപ്യൂട്ടി ഗവർണർ സലിം കഡ്ഖോഡ തള്ളി.

പശ്ചിമേഷ്യക്ക് പുറത്തുള്ളതുൾപ്പെടെയുള്ള തങ്ങളുടെ കേന്ദ്രങ്ങൾക്കും പൗരന്മാർക്കും യു.എസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "ഇറാൻ അനുകൂല ഗ്രൂപ്പുകൾ വിദേശത്തുള്ള യു.എസ് സൈനികകേന്ദ്രങ്ങളെയോ ആസ്തികളെയോ ലോകമെമ്പാടുമുള്ള അമേരിക്കക്കാരെയോ ലക്ഷ്യം വച്ചേക്കാം" എന്ന് മുന്നറിയിപ്പിൽ പറയുന്നു. പശ്ചിമേഷ്യക്ക് പുറത്തുള്ള യു.എസ് നയതന്ത്ര കേന്ദ്രങ്ങളെയും ഇവർ ലക്ഷ്യമിടുന്നുണ്ട്. വിമാന റദ്ദാക്കലുകളും വ്യോമാതിർത്തി അടച്ചിടലുകളും യാത്രാ തടസ്സങ്ങൾക്ക് കാരണമായേക്കാമെന്നും യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിദേശത്തുള്ള അമേരിക്കക്കാർ അടുത്തുള്ള യു.എസ് എംബസി അല്ലെങ്കിൽ കോൺസുലേറ്റ് നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു.

ഈ മരണങ്ങൾ 'വളരെ ദുഃഖകരമായ കാര്യമാണ്' എന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം കൈവശംവെക്കാൻ തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ട്രംപിന്റെ ഒപ്പ് "വിലയില്ലാത്തതും അസാധുവും" ആണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ ആരോപിച്ചു. കഴിഞ്ഞ മാസം ഒപ്പുവച്ച ധാരണാപത്രം യു.എസ് ആവർത്തിച്ച് ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇർബിലിലെ യു.എസ് കോൺസുലേറ്റ് വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയതായി ഇറാഖി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പ്രധാന സൗകര്യങ്ങളിലൊന്ന് ഇറാൻ ആക്രമണത്തിൽ തകർന്നതായി കുവൈത്ത് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയും അറിയിച്ചു.

കഴിഞ്ഞ ദിവസം ജോർഡനിൽ നടന്ന ഇറാൻ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരു സൈനികനെ കാണാതാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ ശനിയാഴ്ചയാണ് പുറത്തുവിട്ടത്. നിലവിലെ യു.എസ്-ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ആകെ അമേരിക്കൻ സൈനികരുടെ എണ്ണം ഇതോടെ 16 ആയി ഉയർന്നു. 430-ലധികം സൈനികർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോർഡനിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഫെബ്രുവരി 28-ന് ഇറാനിൽ ഇസ്രായേലും യു.എസും ഏകപക്ഷീയ ആക്രമണം ആരംഭിച്ചതോടെയാണ് മേഖല യുദ്ധത്തിലേക്ക് നീങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranjordanUS soldiersDonald TrumpUS Iran WarUS Israel Iran War
News Summary - US launches new strikes; Trump mourns killed soldiers
Next Story