Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണം യുദ്ധക്കുറ്റമായേക്കാം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റി

text_fields
bookmark_border
us israel iran war
cancel
camera_alt

ഇറാനിലെ മിനാബിൽ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അടക്കം ചെയ്യുന്നതിനായി ഖബറിടങ്ങൾ ഒരുക്കുന്നു (ഫയൽ ചിത്രം)

ലണ്ടൻ: ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ മൂന്ന് ജനവാസ മേഖലകളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾ യുദ്ധക്കുറ്റത്തിന് തുല്യമായേക്കാമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. മാർച്ച് 1 മുതൽ 13 വരെയുള്ള തീയതികളിൽ നടന്ന ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 41 സിവിലിയന്മാരെങ്കിലും കൊല്ലപ്പെടുകയും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉൾപ്പെടെ കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടാക്കുന്ന സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി ആംനസ്റ്റി ജനറൽ സെക്രട്ടറി ആഗ്നസ് കാലമാർഡ് പറഞ്ഞു. സാധാരണക്കാരുടെ ജീവന് ഗുരുതരമായ ഭീഷണിയാകുമെന്നറിഞ്ഞിട്ടും ഇത്തരം മാരകായുധങ്ങൾ ഉപയോഗിച്ചത് വൻ ദുരന്തത്തിനാണ് വഴിവെച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനുകൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) ബസിജ് ബറ്റാലിയൻ കേന്ദ്രം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. അന്താരാഷ്ട്ര നിയമപ്രകാരം ഇത്തരം കേന്ദ്രങ്ങൾ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കാമെങ്കിലും, ചുറ്റുമുള്ള ജനവാസ മേഖലകൾക്ക് സംഭവിച്ച വൻ നാശനഷ്ടങ്ങൾ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുമെന്ന് ആംനസ്റ്റി വ്യക്തമാക്കി.

തെഹ്‌റാനിലെ റിസാലത് മേഖലയിൽ ബസിജ് കേന്ദ്രത്തിനും സമീപത്തെ മൂന്ന് കെട്ടിടങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 16 സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. നിലൂഫർ, ജവാദിഹ് മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ 25 സാധാരണക്കാർക്കും ജീവൻ നഷ്ടമായി. ആക്രമണം നടത്തുന്നതിന് മുമ്പ് ജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാനോ ആളപായം കുറക്കാനോ ഉള്ള യാതൊരു മുൻകരുതലുകളും അമേരിക്കൻ-ഇസ്രായേൽ സഖ്യം സ്വീകരിച്ചിട്ടില്ലെന്ന് ആഗ്നസ് കാലമാർഡ് കുറ്റപ്പെടുത്തി. വിവേചനരഹിതമായി നടത്തിയ ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഉപഗ്രഹ ചിത്രങ്ങൾ, പരിശോധിച്ചുറപ്പിച്ച 60 വിഡിയോകൾ, ഇറാൻ, ഇസ്രായേൽ, യു.എസ് അധികൃതരുടെ ഔദ്യോഗിക പ്രസ്താവനകൾ എന്നിവ വിശകലനം ആംനസ്റ്റി റിപ്പോർട്ട് തയാറാക്കിയത്. ഇതിനുപുറമെ ഇറാന് ഉള്ളിലുള്ള രണ്ടുപേരിൽ നിന്ന് നേരിട്ടും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, ഈ മൂന്ന് നിർദ്ദിഷ്ട ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയോ ഇസ്രായേലോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും തെഹ്‌റാനിലെ ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇരുരാജ്യങ്ങളും മുൻപ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് ആംനസ്റ്റി ബന്ധപ്പെട്ടെങ്കിലും യു.എസ്, ഇസ്രായേൽ, ഇറാൻ അധികൃതർ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amnesty says US Israeli strikes on Tehran may amount to war crimes, calls for probe
Next Story