‘ഹുർമുസ് മുഴുവൻ നമ്മൾ നിയന്ത്രിക്കണം’; ട്രംപിന് പിന്നാലെ സമാധാന കരാർ പൂർണ്ണമായും റദ്ദാക്കിയതായി ഇറാൻ
text_fieldsഹുർമുസ് കടലിടുക്ക്
വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിലെ സംഘർഷം വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം അമേരിക്കയുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാറിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച്, ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് സൈന്യം ഉപരോധം പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം.
കരാറിലെ വ്യവസ്ഥകൾ അമേരിക്ക ലംഘിച്ചുവെന്നും, ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയതിലൂടെ അമേരിക്ക കരാർ അട്ടിമറിച്ചുവെന്നും ഇറാൻ ആരോപിക്കുന്നു. ജൂൺ മാസത്തിൽ ഒപ്പുവെച്ച ഇടക്കാല കരാർ പൂർണ്ണമായും തകർന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. ആണവ വിഷയങ്ങളിലും നാവിക സുരക്ഷയിലും ചർച്ചകൾക്കായി അനുവദിച്ചിരുന്ന 60 ദിവസത്തെ കാലാവധിക്ക് ശേഷമാണ് കരാർ അപ്രസക്തമായത്. ഏപ്രിൽ മാസത്തിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ജൂൺ പകുതിയോടെ പിൻവലിച്ചിരുന്നുവെങ്കിലും, ഹുർമുസ് കടലിടുക്കിലെ സൈനിക ഏറ്റുമുട്ടലുകൾ തുടർന്നത് ചർച്ചകൾ പരാജയപ്പെടാൻ കാരണമായി.
അമേരിക്കയുമായി ഇനിയൊരു ചർച്ചക്കും തയാറല്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പ്രഖ്യാപിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കിൽ ഇറാൻ പൂർണ്ണ പരമാധികാരം പ്രയോഗിക്കുമെന്ന് ഗരീബാബാദി മുന്നറിയിപ്പ് നൽകി. ഒമാനുമായി പങ്കിട്ടിരുന്ന നിയന്ത്രണം ഇനി ഉണ്ടാവില്ലെന്നും, യുദ്ധസമാനമായ ഈ സാഹചര്യത്തിൽ ദേശീയ സുരക്ഷ മുൻനിർത്തി ഹുർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യു.എസ് സൈന്യം വീണ്ടും ഉപരോധം ഏർപ്പെടുത്തിയതോടെ മേഖലയിൽ സംഘർഷം വർധിച്ചു. കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി ആക്രമണം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പുനഃസ്ഥാപിച്ചത്. നേരത്തെ കപ്പലുകൾക്ക് 20% അധിക ഫീസ് ഏർപ്പെടുത്താൻ ട്രംപ് ആലോചിച്ചിരുന്നെങ്കിലും, ഗൾഫ് സഖ്യകക്ഷികളുടെ എതിർപ്പിനെത്തുടർന്ന് ആ തീരുമാനം പിൻവലിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് ഹുർമുസ് കടലിടുക്ക്. സമാധാനകാലത്ത് പോലും ലോകത്തെ മൊത്തം എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. നിലവിലെ സാഹചര്യത്തിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളും ഭീഷണികളും സമുദ്രഗതാഗതത്തെ തടസ്സപ്പെടുത്തുന്നതും ആഗോള വിപണിയിൽ എണ്ണ, ചരക്ക് വില കുത്തനെ ഉയരുന്നതിനും കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

