ഇറാനെതിരെ സൈനിക നടപടി; വിവരം കോൺഗ്രസിനെ അറിയിച്ച് ട്രംപ്, ഹുർമുസിൽ ഉപരോധം
text_fieldsട്രംപ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരായ സൈനിക നടപടികൾ ജൂലൈ 7ന് പുനരാരംഭിച്ചതായി കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു. ഹുർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളായതിനെത്തുടർന്ന് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾ പുനരാരംഭിച്ചതായാണ് ട്രംപ് അറിയിച്ചത്. ഈ മാസം ഏഴാം തീയതി മുതൽ ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈനിക നടപടികൾ ആരംഭിച്ചതായും, ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് യു.എസ് കോൺഗ്രസിന് സമർപ്പിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.
1973ലെ യുദ്ധാധികാര നിയമപ്രകാരം, സൈനിക നടപടികൾ തുടങ്ങി 48 മണിക്കൂറിനുള്ളിൽ പ്രസിഡന്റ് കോൺഗ്രസിനെ അറിയിക്കണം. ഏപ്രിൽ 7ലെ വെടിനിർത്തലോടെ ശത്രുത അവസാനിച്ചതിനാൽ പഴയ 60 ദിവസത്തെ കാലാവധി ബാധകമല്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, ഈ വ്യാഖ്യാനത്തിനെതിരെ നിയമസഭാംഗങ്ങൾക്കിടയിൽ വലിയ വിമർശനമുണ്ട്. നേരത്തെ, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരായ സൈനിക നടപടികളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ട് സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും പ്രമേയം പാസാക്കിയിരുന്നു.
ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, ഇറാൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഒന്നിലധികം തവണ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെയും നിർദേശിച്ച പാതയിലൂടെയല്ലാതെയും ഹുർമുസ് കടലിടുക്കിലൂടെ കപ്പലുകൾ സഞ്ചരിക്കാൻ പാടില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിക്കുന്നത്. അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി യു.എസിന്റെ സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ സൈനിക നടപടി പരിമിതമായതും, കൃത്യമായി ആസൂത്രണം ചെയ്തതും, സാധാരണക്കാർക്ക് സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാനായി ശ്രദ്ധയോടെ നടപ്പിലാക്കിയതുമാണ് എന്ന് ട്രംപ് കത്തിൽ വിവരിക്കുന്നു. യുഎസ് സൈന്യത്തിനും വാണിജ്യ കപ്പൽ ഗതാഗതത്തിനും ഭീഷണിയായ ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന വ്യവസ്ഥ ഇറാൻ ലംഘിച്ചതാണ് വീണ്ടും സൈനിക നടപടിയിലേക്ക് നയിച്ചതെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഇറാനെ ലക്ഷ്യമിട്ട് ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം പുനഃസ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. അതേസമയം, മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് ഈ പാതയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ അനുവാദമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

