ഇറാനെ തകർക്കാനായില്ല; യുദ്ധം തുടരുമ്പോഴും ആണവശേഷി സുരക്ഷിതമെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇറാന്റെ ആണവായുധ നിർമാണ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച സൈനിക നീക്കങ്ങൾ പൂർണ്ണ ലക്ഷ്യം കണ്ടില്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. രണ്ട് മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും ഇറാന്റെ ആണവശേഷിയിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ ഒരു ആണവായുധം നിർമിക്കാൻ തീരുമാനിച്ചാൽ അതിന് ഏകദേശം ഒരു വർഷത്തോളം സമയം വേണ്ടിവരുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം ജൂണിൽ യു.എസ് നടത്തിയ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന ആക്രമണത്തിന് ശേഷമുള്ള അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ ഡോണാൾഡ് ട്രംപ് ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' പ്രധാനമായും ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെച്ചത്. എന്നാൽ ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇപ്പോഴും സുരക്ഷിതമായി തുടരുന്നത് അമേരിക്കക്ക് തലവേദനയാണ്.
ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങൾ ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ യു.എസ് മിസൈലുകൾക്ക് ഇവ പൂർണ്ണമായും തകർക്കാൻ സാധിച്ചിട്ടില്ല. നത്വാൻസ്, ഫുർദൂ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ സമുച്ചയങ്ങൾ കഴിഞ്ഞ ജൂണിൽ തകർക്കപ്പെട്ടെങ്കിലും ആയുധങ്ങൾ നിർമിക്കാനാവശ്യമായ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) നിഗമനം. ഇത് കൈക്കലാക്കാൻ ഇസ്ഫഹാനിലെ ഭൂഗർഭ തുരങ്കങ്ങളിലേക്ക് അമേരിക്കൻ കരസേനയെ അയക്കുന്ന സാഹസിക നീക്കങ്ങളെക്കുറിച്ചും വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ട്.
ഹുർമുസ് കടലിടുക്കിലെ സംഘർഷവും ആഗോള എണ്ണപ്രതിസന്ധിയും നിലനിൽക്കെ ഇറാന്റെ ആണവശേഷി സംബന്ധിച്ച ഈ റിപ്പോർട്ടുകൾ മേഖലയിലെ സമാധാന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കും. ഇതിനിടെ ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നിരുന്നു. ഇറാന്‍ തുറമുഖങ്ങളില്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ യു.എസിന് മുന്നില്‍ രണ്ട് വഴികള്‍ മാത്രമാണ് ഉള്ളതെന്നാണ് ഇറാന്റെ നിലപാട്. ഒന്നുകില്‍ അസാധാരണമായ സൈനിക നടപടി അല്ലെങ്കില്‍ ഇറാനുമായുള്ള കരാര്‍. രണ്ടിനായാലും യു.എസിനുള്ള സമയം കുറഞ്ഞുവരികയാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

