ആണവായുധത്തേക്കാൾ വലിയ ഭീഷണി; ഏതുനിമിഷവും ഹുർമുസ് അടച്ചുപൂട്ടാൻ ഇറാന് സാധിക്കുമെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: തങ്ങൾ വിചാരിക്കുന്ന ഏതു സമയത്തും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാന് പൂർണ ശേഷിയുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട്. വാഷിങ്ടണുമായി സമാധാന കരാറിലെത്തിയാൽ പോലും ആഗോള വ്യാപാരത്തെയും ഊർജ്ജ വിപണിയെയും വീണ്ടും തകിടം മറിക്കാൻ തെഹ്‌റാന് സാധിക്കുമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും കഴിഞ്ഞ ഞായറാഴ്ച ധാരണയിലെത്തിയതായും നാളെ ജനീവയിൽ വെച്ച് ഔദ്യോഗിക സമാധാന കരാർ ഒപ്പിടുമെന്നുമാണ് വിവരം. എന്നാൽ ഈ സമാധാന നീക്കങ്ങൾക്കിടയിലും ഇറാന്റെ സൈനിക ശേഷി അമേരിക്കക്ക് വലിയ ആശങ്കയായി തുടരുകയാണ്.
ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ഭീഷണികളെ ശക്തമായ ഒരു തന്ത്രപ്രധാന ആയുധമായി ഉപയോഗിക്കാൻ ഇറാൻ പഠിച്ചുകഴിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കാനുള്ള ശേഷിയുള്ളതിനാൽ, ഹുർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ സ്വാധീനത്തെ ‘ഏതൊരു ആണവായുധത്തേക്കാളും ശക്തമായ ആയുധം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഫെബ്രുവരി 28-നാണ് ഇസ്രായേലും യു.എസും സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചത്. ഇതിന് മറുപടിയായി പശ്ചിമേഷ്യക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന പ്രധാന കപ്പൽപ്പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതും ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധികൾക്ക് കാരണമായിരുന്നു. നിലവിലെ സമാധാന കരാർ പ്രകാരം ഹുർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കും. എന്നാൽ കരാർ ലംഘനമുണ്ടായാൽ മേൽക്കൈ ഇറാന് തന്നെയായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

