തായ്‍വാനിൽ യു.എസ്; ചൈനയുടെ രോഷത്തിന്റെ കാരണം അറിയാം
text_fieldsവാഷിങ്ടൺ: യു.എസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി ചൊവ്വാഴ്ച വ്യോമസേനയുടെ പാസഞ്ചർ ജെറ്റിൽ തായ്‌വാനിൽ ഇറങ്ങിയപ്പോഴേ തായ്‍വാൻ കടലിലും ആകാശത്തും സംഘർഷം ഉറഞ്ഞുകൂടി. തായ്‌വാന്റെ സ്നേഹോഷ്മള സ്വീകരണം ഏറ്റുവാങ്ങി പെലോസി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലേക്ക് കടന്നതിനു പിന്നാലെ ചൈന സൈനികനീക്കങ്ങളുമായി രംഗത്തെത്തി.
തായ്‌വാൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന വിദേശ ഉദ്യോഗസ്ഥ സന്ദർശനങ്ങൾ തായ്‍വാന് സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കലായാണ് കണക്കാക്കുന്നത്. ഇതാണ് പെലോസിയുടെ സന്ദർശനം മേഖലയിലെ സംഘർഷസാധ്യത വർധിപ്പിക്കാൻ കാരണം. എന്നാൽ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പിരിമുറുക്കം കുറക്കാൻ അമേരിക്കയുടെ ദീർഘകാല 'ഏക ചൈന നയത്തിൽ' മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടും ചൈന അയഞ്ഞില്ല. സ്വേച്ഛാധിപത്യ രാജ്യങ്ങൾക്കെതിരെ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുന്ന യു.എസ് നയത്തിന്റെ ഭാഗമായാണ് പെലോസി തന്റെ യാത്രയെ കാണുന്നത്.
പതിറ്റാണ്ടുകളായി സംഘർഷഭരിതമായ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകാനുള്ള ദൗത്യമാണ് പെലോസിയുടേതെന്നാണ് വിലയിരുത്തൽ. 1991ൽ ടിയാനൻമെൻ സ്‌ക്വയറിൽ ജനാധിപത്യത്തെ പിന്തുണക്കുന്ന ബാനർ ഉയർത്തിയിരുന്നു. 1949ലെ ആഭ്യന്തരയുദ്ധത്തെതുടർന്ന് തായ്‌വാനും ചൈനയും രണ്ടു രാജ്യങ്ങളായി. എന്നാൽ, ചൈന തായ്‍വാൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. അടുത്തിടെയായി നയതന്ത്രപരവും സൈനികവുമായ സമ്മർദം ചൈന വർധിപ്പിക്കുകയാണ്.
തായ്‍വാന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വാതന്ത്ര്യം ശാശ്വതമാക്കുന്നതിനുള്ള പ്രോത്സാഹനമായി തായ്‌വാനുമായുള്ള യു.എസ് ബന്ധത്തെ ചൈന കാണുന്നു. എന്നാൽ, ഇത് അംഗീകരിക്കില്ലെന്നാണ് യു.എസ് നിലപാട്. 1995ൽ അന്നത്തെ തായ്‌വാൻ പ്രസിഡന്റ് ലീ ടെങ്-ഹുയിയുടെ യു.എസ് സന്ദർശനത്തിൽ അതൃപ്തി പ്രകടിപ്പിക്കാൻ ചൈന നടത്തിയ സൈനികാഭ്യാസത്തിന് ശേഷം തായ്‌വാനെ ലക്ഷ്യമിടുന്ന ഏറ്റവും വലിയ സൈനികാഭ്യാസമായാണിതിനെ കാണുന്നത്. 1997ൽ ന്യൂട്ട് ഗിംഗ്‌റിച്ചിന് ശേഷം 25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ആദ്യത്തെ യു.എസ് സഭ സ്പീക്കറാണ് പെലോസി. എന്നാൽ, കഴിഞ്ഞ വർഷം യു.എസ് കോൺഗ്രസിലെ അംഗങ്ങൾ തായ്‌വാൻ സന്ദർശിച്ചിട്ടുണ്ട്.
തായ്‌വാനെ കൈവിടില്ലെന്ന് പെലോസി; ഇനി ദക്ഷിണ കൊറിയയിലേക്ക്
തായ്‌പെയ്: ചൈനീസ് പ്രതിഷേധമുണ്ടെങ്കിലും അമേരിക്ക തായ്‍വാനെ കൈവിടില്ലെന്ന് യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി. ഇന്ന് ലോകം ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്ന് ബുധനാഴ്ച തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഹ്രസ്വ പ്രഭാഷണത്തിൽ പറഞ്ഞു.
സൗഹൃദവും പിന്തുണയും പ്രകടിപ്പിക്കാൻ തായ്‌വാനിലേക്ക് വരുന്നവരുടെ വഴിമുടക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പെലോസി പറഞ്ഞു. തായ്‌വാന് സൈനികമായി യു.എസ് പ്രതിരോധമൊരുക്കും. തായ്‌വാന്റെ സുരക്ഷയിൽ യു.എസ് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി. തീരത്തെ സൈനികാഭ്യാസമടക്കമുള്ള ചൈനീസ് സൈനിക ഭീഷണിയെ തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു. മനഃപൂർവമുള്ള സൈനിക ഭീഷണികൾ നേരിടുന്നതിൽ തായ്‌വാൻ പിന്നോട്ടില്ലെന്നും പെലോസിയുമായുള്ള കൂടിക്കാഴ്ചയിൽ സായ് പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം ഞങ്ങൾ ദൃഢമായി ഉയർത്തിപ്പിടിക്കുകയും ജനാധിപത്യത്തിനായുള്ള പ്രതിരോധം തുടരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തായ്‌വാന് പതിറ്റാണ്ടുകളായി പെലോസി നൽകിയ പിന്തുണക്ക് നന്ദി അറിയിച്ച സായ്, 'ഓർഡർ ഓഫ് ദി പ്രോപീഷ്യസ് ക്ലൗഡ്‌സ്' എന്ന സിവിലിയൻ ബഹുമതിയും പെലോസിക്ക് സമ്മാനിച്ചു. തായ് പെയിൽ മനുഷ്യാവകാശ മ്യൂസിയം സന്ദർശിച്ച അവർ തായ്‌വാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അഞ്ചംഗ യു.എസ് കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിക്കുന്ന പെലോസി തായ്‌വാനിലെ നിയമസഭാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.ജനപ്രതിനിധി സഭ വിദേശകാര്യ സമിതി ചെയർമാനായ ഗ്രിഗറി മീക്‌സ്, ഇന്റലിജൻസ് സമിതിയിലെ രാജാ കൃഷ്ണമൂർത്തി, ആൻഡി കിം, മാർക്ക് ടകാനോ, സുസാൻ ഡെൽബെൻ എന്നിവരും പ്രതിനിധിസംഘത്തിലുണ്ട്. സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന ഏഷ്യാ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലേക്കാണ് തായ്‍വാനിൽനിന്ന് പെലോസി യാത്രതിരിച്ചത്.
പെലോസിയുടെ സന്ദർശനം വിജയകരം, ഭീഷണി തുടർന്ന് ചൈന
ബെയ്ജിങ്: തങ്ങളുടെ കടുത്ത ഭീഷണി വകവെക്കാതെ യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‍വാൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിൽ അമർഷവുമായി ചൈന. ചൈന അവകാശവാദം ഉന്നയിക്കുന്ന സ്വയംഭരണപ്രദേശമായ തായ്‍വാനിൽ 25 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥയാണ് പെലോസി. ഈ സാഹചര്യത്തിൽ നടപടി ചൈനക്ക് സമ്മർദം സൃഷ്ടിച്ചതായാണ് വിലയിരുത്തൽ. മൂന്നാംതവണയും അധികാരത്തിൽ തുടരുമെന്ന് കരുതുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചതായും ആക്ഷേപമുണ്ട്.
ചൈനയിൽനിന്ന് വേർപിരിഞ്ഞ പ്രവിശ്യ എന്ന നിലയിലുള്ള 'ഏക ചൈന നയം' ലംഘിച്ചതിന് യു.എസിനും തായ്‌വാനും എതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ചൈന ബുധനാഴ്ച പറഞ്ഞു. 'ഞങ്ങൾ പറഞ്ഞത് ചെയ്യും, ദയവായി അൽപം ക്ഷമയോടെ കാത്തിരിക്കൂ' യു.എസുമായി നയതന്ത്രതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താനും തത്സമയ സൈനികാഭ്യാസ പ്രകടനങ്ങൾക്കും പുറമേ ചൈനക്ക് എന്ത് നടപടിയെടുക്കാൻ കഴിയുമെന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പെലോസിയുടെ സന്ദർശനവേളയിൽ തായ്‌വാന് ചുറ്റുമായി ചൈനീസ് സൈന്യം നടത്തിയ സൈനികാഭ്യാസങ്ങളെയും തായ്‌വാൻ കടലിടുക്കിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചതിനെയും ഹുവ ന്യായീകരിച്ചു. ചൈനയുടെ പരമാധികാരവും അഖണ്ഡതയും ലംഘിച്ച സന്ദർശനത്തിന് ശേഷം സ്വയം പ്രതിരോധിക്കാൻ ചൈന നിർബന്ധിതരായെന്ന് അദ്ദേഹം വ്യക്തമാക്കി. തായ്‌വാൻ സ്വാതന്ത്ര്യം തേടാൻ യു.എസിന്റെ കരുത്തിനെ ആശ്രയിക്കുന്നതാണ് സംഘർഷങ്ങളുടെ അടിസ്ഥാന കാരണമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ രാഷ്ട്രീയക്കാർ വ്യക്തിപരമായ നേട്ടങ്ങൾക്കായി രാഷ്ട്രീയ സ്റ്റണ്ട് നടത്തുകയാണെന്ന് തായ്‌വാൻ സന്ദർശനത്തിൽനിന്ന് പെലോസിയെ തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്ന വിമർശനത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ചൊവ്വാഴ്ച രാത്രി വൈകി ചൈനയിലെ യു.എസ് അംബാസഡർ നിക്കോളാസ് ബേൺസിനെ അടിയന്തരമായി വിളിച്ചുവരുത്തിയ ചൈനീസ് ഉപവിദേശകാര്യ മന്ത്രി ഷീ ഫെങ് പെലോസിയുടെ സന്ദർശനത്തിൽ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

