യു.എസ് സ്പീക്കർ നാൻസി പെലോസി തയ്‍വാനിലേക്ക്; അതൃപ്തി പ്രകടിപ്പിച്ച് ചൈന
text_fieldsവാഷിങ്ടൺ: യു.എസ് സ്പീക്കർ നാൻസി പെലോസി തയ്‍വാൻ സന്ദർശിക്കുന്നു. ആഗസ്റ്റിലാണ് സന്ദർശനം. 25 വർഷത്തിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ സ്പീക്കർ തായ്‍വാനിലെത്തുന്നത്. വരുന്ന ആഴ്ചകളിൽ പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും വിർച്വലായി ഇതുസംബന്ധിച്ച് ചർച്ച നടത്തും.
അതേസമയം, പെലോസിയുടെ സന്ദർശനത്തിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചു. സന്ദർശിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് ചൈന അറിയിച്ചു. തയ്‍വാനുമായുള്ള സൈനിക ബന്ധങ്ങൾ നിർത്താനും അമേരിക്കക്ക് ചൈന താക്കീത് നൽകിയിട്ടുണ്ട്.
ഉപദ്രവകരവും പ്രകോപനപരവുമായ നീക്കമാണ് അമേരിക്ക നടത്തുന്നതെന്നാണ് പെലോസിയുടെ സന്ദർശനത്തെ കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചത്. ആഗസ്റ്റ് ഒന്നിന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനാലും പെലോസിയുടെ വരവിനെ ചൈന എതിർക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ 20ാം കോൺഗ്രസ് നടക്കാനിരിക്കുകയുമാണ്.