ഷട്ട്ഡൗണിൽ വലഞ്ഞ് യു.എസ്; ജീവനക്കാരുടെ ക്ഷാമം മൂലം വിമാനസർവീസുകൾ താളംതെറ്റി
text_fieldsവാഷിങ്ടൺ: ജീവനക്കാരുടെ ക്ഷാമം മൂലം യു.എസിലെ വിമാനസർവീസുകൾ താളംതെറ്റിയെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. യു.എസിലെ അടച്ചിടൽ എട്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് വിമാനസർവീസുകളിൽ പ്രശ്നമുണ്ടായെന്ന് ഫെഡറൽ ഏവിയേഷൻ അറിയിക്കുന്നത്. ബുധനാഴ്ച ആറ് എയർട്രാഫിക് കൺട്രോൾ യൂണിററുകളുടെ പ്രവർത്തനം ജീവനക്കാരുടെ കുറവ് മൂലം താളംതെറ്റി.
വാഷിങ്ടൺ ഡി.സി, ഡെന്നവർ, നേവാർക്ക്, ഓർലാൻഡോ, ന്യു മെക്സികോ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ യുണിറ്റുകളുടെയെല്ലാം പ്രവർത്തനം ഇതുമൂലം തടസപ്പെട്ടു. പല വിമാനസർവീസുകളും ഇതുമൂലം വൈകിയാണ് ഓടുന്നത്. വാഷിങ്ടണിലെ റോണാൾഡ് റീഗൻ വിമാനത്താവളത്തിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ ജീവനക്കാരുടെ വലിയ കുറവ് രേഖപ്പെടുത്തിയെന്നും ഇത് മൂലം വിമാനങ്ങൾ 31 മിനിറ്റ് വരെ വൈകിയെന്നും അധികൃതർ അറിയിച്ചു.
നേവാർക്കിലും വിമാന ജീവനക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇതുമൂലം വിമാനങ്ങൾ 30 മിനിറ്റാണ് വൈകിയത്. ഒർലാൻഡോ, ലോസ് ഏഞ്ചലസ് തുടങ്ങിയ വിമാനത്താവളങ്ങളിലും ജീവനക്കാരുടെ എണ്ണം കുറവാണ്. ഇവിടേയും വിമാന സർവീസുകൾ പലതും വൈകിയെന്നാണ് റിപ്പോർട്ടുകൾ. യു.എസിലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകി ധനബിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്നുള്ള ഷട്ട്ഡൗൺ ഇപ്പോഴും തുടരുകയാണ്. എട്ട് ദിവസം കഴിഞ്ഞിട്ടും യു.എസിലെ ഷട്ട്ഡൗണിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല.
ധനബിൽ പാസാകണമെങ്കിൽ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാൽ, രണ്ട് അംഗങ്ങൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഇതോടെ യു.എസ് സർക്കാർ ഷട്ട്ഡൗണിലേക്ക് പോവുകയായിരുന്നു. ബൈഡൻ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

