റൂട്ടറിലെ തകരാറും കാലപ്പഴക്കം ചെന്ന സിസ്റ്റവും; അമേരിക്കയിൽ ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി, ഞായറാഴ്ചയും സർവീസുകൾ തടസപ്പെടും
text_fieldsവാഷിങ്ടൺ: വ്യോമയാന നിയന്ത്രണ കേന്ദ്രങ്ങളിലെ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിൽ ഉണ്ടായ വിമാന സർവീസ് തടസ്സങ്ങൾ ഞായറാഴ്ച വൈകുന്നേരത്തോടെ മാത്രമേ പൂർണ്ണമായും പരിഹരിക്കാനാകൂ എന്ന് അധികൃതർ. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കരാറുകാരായ എൽ3ഹാരിസ് സ്ഥാപിച്ച തകരാറുള്ള റൂട്ടറും കാലപ്പഴക്കം ചെന്ന സിസ്റ്റവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യവ്യാപകമായി ഏർപ്പെടുത്തിയ വിമാന വിലക്ക് വെള്ളിയാഴ്ച വൈകുന്നേരം പിൻവലിച്ചെങ്കിലും ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയത്. പ്രമുഖ ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌അവെയർ നൽകുന്ന വിവരമനുസരിച്ച്, ശനിയാഴ്ച വൈകുന്നേരത്തോടെ എയർലൈനുകൾ 6150-ലധികം സർവീസുകൾ റദ്ദാക്കുകയും 7300-ലധികം സർവീസുകൾ വൈകിക്കുകയും ചെയ്തു. ഞായറാഴ്ച നടത്താനിരുന്ന അഞ്ഞൂറിലധികം സർവീസുകളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷമുള്ള അമേരിക്കയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും നീണ്ടതും വലിയതുമായ സ്തംഭനമാണിത്.
പഴയ കോപ്പർ വയറിംഗിന് പകരം ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കരാറുകാരായ എൽ3ഹാരിസ് നടത്തിയ പതിവ് അറ്റകുറ്റപ്പണികളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി വ്യക്തമാക്കി. കരാറുകാരുടെ വീഴ്ചയാണോ അതോ റൂട്ടറിന് വന്ന സാങ്കേതിക തകരാറാണോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. എഫ്.എ.എ-യുടെ 22 എൻ റൂട്ട് വ്യോമയാന നിയന്ത്രണ കേന്ദ്രങ്ങളിൽ 17 എണ്ണത്തെയും ഈ തകരാർ ബാധിച്ചിരുന്നു.
സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ മറ്റ് ബോധപൂർവ്വമായ അട്ടിമറികളോ ഉണ്ടോ എന്നറിയാൻ വൈറ്റ് ഹൗസിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. എന്നാൽ ഇത് സൈബർ ആക്രമണമല്ലെന്നും അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗതാഗത സെക്രട്ടറിയും എഫ്.എ.എ മേധാവി ബ്രയാൻ ബെഡ്ഫോർഡും സ്ഥിരീകരിച്ചു.
രാജ്യത്തെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ കാലപ്പഴക്കം ചെന്നതാണെന്ന ആശങ്ക ഈ സംഭവം വീണ്ടും ശക്തമാക്കിയിട്ടുണ്ട്. സിസ്റ്റം നവീകരിക്കുന്നതിനായി 5000 കോടി ഡോളറിന്റെ അധിക ഫണ്ടാണ് ഗതാഗത സെക്രട്ടറി സീൻ ഡഫി ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ചയോടെ സർവീസുകൾ ഭൂരിഭാഗവും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെങ്കിലും, കാലഹരണപ്പെട്ട സാങ്കേതികവിദ്യ പൂർണ്ണമായി മാറ്റിയെടുക്കുന്നതുവരെ ഇത്തരം വെല്ലുവിളികൾ ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

