യുദ്ധഭീതി: മൂന്നാംദിവസവും യു.എസ് ആക്രമണം
text_fieldsതെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ തുടർച്ചയായ മൂന്നാം ദിവസവും ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി യു.എസ്. ഇറാന്റെ പ്രതിരോധ, ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളിൽ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. നാല് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
യു.എസ് സൈനികാക്രമണങ്ങൾക്ക് പിന്നാലെ ബഹ്റൈൻ, കുവൈത്ത്, ജോർഡൻ എന്നീ രാജ്യങ്ങൾ ലക്ഷ്യമിട്ട് ഇറാനും പ്രത്യാക്രമണം നടത്തിയതോടെ മേഖല ഒരിക്കൽകൂടി യുദ്ധനിഴലിലായി. ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിലെ നിർണായക മേഖലയായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കുക എന്ന അധിക ലക്ഷ്യത്തോടെയുള്ള യു.എസ് ആക്രമണങ്ങൾക്കും കഴിഞ്ഞദിവസം പശ്ചിമേഷ്യ സാക്ഷിയായി.
ഇറാനിലെ ആറ് പ്രമുഖ നഗരങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ യു.എസ് ആക്രമണമുണ്ടായത്. തെഹ്റാനുപുറമെ ബൂശഹർ, ബന്ദർ അബ്ബാസ്, മാഹ്ശഹർ, അബാദാൻ, ചാബഹാർ എന്നിവിടങ്ങളിലാണ് വൻ ആക്രമണമുണ്ടായത്. ഇറാന്റെ പ്രതിരോധ-ഊർജ മേഖലകളിൽ സുപ്രധാനമാണ് ഈ നഗരങ്ങൾ. ബന്ദർ അബ്ബാസ്, ചാബഹാർ തുടങ്ങിയവ തുറമുഖ നഗരങ്ങളാണ്.
പശ്ചിമേഷ്യയിലെത്തന്നെ ഏറ്റവും പഴക്കംചെന്ന എണ്ണ ശുദ്ധീകരണശാലയുള്ളത് അബാദാനിലാണ്. മാഹ്ശഹറിൽ ഇറാന്റെ ആണവ നിലയവും സ്ഥിതിചെയ്യുന്നുണ്ട്. ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ചശേഷമായിരുന്നു ഈ ആക്രമണങ്ങൾ. ഇതിനുപുറമെയാണ് ഹുർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ 20 ശതമാനം ചുങ്കംപിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യയിലെ യു.എസിന്റെ സഖ്യരാഷ്ട്രങ്ങൾ വരെ അതൃപ്തി പ്രകടിപ്പിച്ച ഈ പ്രഖ്യാപനം ഇറാൻ തള്ളി. ഹുർമുസിന്റെ സംരക്ഷണാവകാശം തങ്ങളുടേതു മാത്രമാണെന്ന് തിരിച്ചടിച്ച ഇറാൻ ഇതുസംബന്ധിച്ച നിയമനിർമാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
അതിനിടെ, ഹുർമുസിൽ യു.എ.ഇയുമായി ബന്ധമുള്ള രണ്ട് എണ്ണ ടാങ്കറുകൾക്കുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ജി.സി.സി രാജ്യങ്ങളിൽനിന്നുയരുന്നത്. ഒമാന്റെ നിയന്ത്രണത്തിലുള്ള കടൽ ഭാഗത്തുകൂടി കടന്നുപോകുന്ന കപ്പലിനുനേരെയാണ് ഇറാൻ ആക്രമണമുണ്ടായതെന്നാണ് യു.എ.ഇ വാദം. ബഹ്റൈനും ജോർഡനും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നിരവധി മിസൈലുകൾ തകർത്തതായി അവകാശപ്പെട്ടു.
ഇതിനിടെ, ഇറാനെച്ചൊല്ലി യമനിലും സംഘർഷം കനക്കുകയാണ്. യമനിൽ ഇറാൻ അനുകൂലികളായ ഹൂതി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സൻആ വിമാനത്താവളം ഔദ്യോഗിക സർക്കാറിന്റെ ഒത്താശയോടെ ആക്രമിക്കപ്പെട്ടതാണ് സംഘർഷങ്ങളുടെ തുടക്കം. ഇതോടെ, ഹൂതികൾ സൗദി അറേബ്യ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഹൂതികൾ കൂടി സംഘർഷത്തിന്റെ ഭാഗമാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എണ്ണ ക്കപ്പൽ ഗതാഗതത്തിൽ നിർണായകമായ ബാബുൽ മന്ദിബ് കടലിടുക്കിലും ഹൂതികൾ ആക്രമണം നടത്തുമോ എന്നാശങ്കയുണ്ട്. അറബിക്കടലിൽനിന്ന് സൂയസ് കനാലിലേക്കുള്ള പാതയായ ബാബുൽ മന്ദിബിൽ നേരത്തെ ഇസ്രായേൽ കപ്പലുകൾ ലക്ഷ്യമാക്കി ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയർന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹുർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള ഊർജവിപണിയിലും കപ്പൽഗതാഗത മേഖലയിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

