'ഇന്ത്യയും ചൈനയും ആഗോള ശക്തികളായി വളരുന്നത് തടയലാണ് ഇറാനുമായുള്ള യു.എസ് സംഘർഷത്തിന്‍റെ ലക്ഷ്യം, അവർ യുദ്ധം നിർത്തിയാൽ ഞങ്ങളും നിർത്തും'; ആരോപണവുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി
text_fieldsഅബ്ദുൽ മജീദ് ഹക്കീം ഇലാഹി
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാൻ പ്രതിനിധി. ആഗോളശക്തിയായി തുടരുന്നതിനുവേണ്ടിയാണ് അമേരിക്ക മറ്റു രാജ്യങ്ങൾക്കു മേൽ അന്യായമായ ആക്രമണത്തിന് ഒരുങ്ങുന്നതെന്നും ഇവർ പറയുന്നു.
ഇന്ത്യയും ചൈനയും വളർന്നുവരുന്ന ശക്തികളായി മാറുന്നത് തടയുക എന്നതാണ് ഇറാനുമായുള്ള സംഘർഷത്തിന്റെ ലക്ഷ്യമെന്ന് ഇറാനിലെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധിയായ അബ്ദുൽ മജീദ് ഹക്കീം ഇലാഹി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. മറ്റ് ആഗോള ശക്തികളുടെ ഉദയം തടയുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതുവഴി വാഷിങ്ടണിന് അവരുടെ ആധിപത്യം നിലനിർത്തുകയാണ് വേണ്ടതെന്നും ഇലാഹി പ്രസ്താവിച്ചു.
'വരും കാലങ്ങളിൽ ഇന്ത്യ, ചൈന, റഷ്യ, അമേരിക്ക എന്നിവയായിരിക്കും ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങൾ. എന്നിരുന്നാലും, അമേരിക്കക്ക് ഒരു പങ്കാളിയെയും ആവശ്യമില്ല. ഇന്ത്യയോ ചൈനയോ തുല്യ ശക്തികളായി ഉയർന്നുവരുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നില്ല. ആയതിനാൽ ഈ മാറ്റം തടയാനും അവരുടെ ആഗോള ആധിപത്യം നിലനിർത്താനും അവർ ഈ യുദ്ധങ്ങൾ ആസൂത്രണം ചെയ്യുന്നു' -അദ്ദേഹം പറഞ്ഞു.
ഇറാനല്ല, അമേരിക്കയും ഇസ്രായേലുമാണ് യുദ്ധം ആരംഭിച്ചതെന്ന് ഇലാഹി ചൂണ്ടിക്കാട്ടി. 'അവരാണ് ഞങ്ങളെ ആക്രമിക്കുന്നതും ഞങ്ങളുടെ പൗരന്മാർക്കുനേരെ ബോംബിടുന്നതും. ഇറാൻ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. യുദ്ധം ആരംഭിച്ചത് അമേരിക്കയായതിനാൽ, അത് അവസാനിപ്പിക്കേണ്ടതും അവരാണ്. അവർ യുദ്ധം നിർത്തിയാൽ, ഞങ്ങളും നിർത്തും' -ഇലാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

