കാർ ഇടിച്ചുകയറ്റാൻ ശ്രമം, യു.എസ് കാപിറ്റൽ മന്ദിരം അടച്ചു; രണ്ട് പൊലീസുകാർക്ക് പരിക്ക്
text_fieldsവാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റലിന്റെ സുരക്ഷാ ബാരിക്കേഡിലേക്ക് കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. സംഭവത്തിന് പിന്നാലെ കാപിറ്റൽ മന്ദിരം പൂർണ്ണമായും അടച്ചു. വാഹനമോടിച്ചയാൾ മരിച്ചതായാണ് റിപ്പോർട്ട്.
രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും യു.എസ് കാപിറ്റൽ പൊലീസ് ട്വിറ്ററിൽ കുറിച്ചു.
ടെലിവിഷൻ ദൃശ്യങ്ങളിൽ കാപിറ്റൽ മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്ക് നീല കാർ ഇടിച്ചുകയറിയ നിലയിലാണുള്ളത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലൻസുകളിലേക്ക് കയറ്റുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
ജനുവരി ആറിന് കാപിറ്റൽ മന്ദിരത്തിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തിയ കലാപത്തിനു ശേഷം മേഖല അതീവ സുരക്ഷാവലയത്തിലായിരുന്നു.

