കാപിറ്റൽ ഹിൽ കലാപം; പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ അമേരിക്ക
text_fieldsയു.എസ് പാർലമെൻറ് മന്ദിരത്തിൽ അതിക്രമിച്ചുകടന്ന കലാപകാരികൾ (ഫയൽ ചിത്രം)
വാഷിങ്ടൺ: ജനുവരി ആറിന് ട്രംപ് അനുകൂലികൾ യു.എസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹില്ലിൽ അതിക്രമിച്ചു കടന്നതിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്താനുള്ള തെളിവുകൾ ലഭിച്ചതായി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്.
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡെൻറ വിജയത്തെ തുടർന്ന് ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ലഭ്യമായ വസ്തുതകൾ ആരോപണങ്ങളെ പിന്തുണക്കുന്നുവെന്ന് അക്രമത്തെക്കുറിച്ച അന്വേഷണത്തിന് നേതൃത്വം നൽകിയ കൊളംബിയ ഡിസ്ട്രിക്ട് ആക്ടിങ് യു.എസ് അറ്റോണി മൈക്കൽ ഷെർവിൻ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് 400 പേർക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്മെൻറ് കേസെടുത്തിട്ടുണ്ടെങ്കിലും ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ല. അതിക്രമിച്ചു കടന്നു, ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് കലാപകാരികൾക്കെതിരെ ചുമത്തിയത്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ രാജ്യദ്രോഹംകൂടി ചുമത്താനുള്ള സാധ്യത ഏറെയാണ്.