ഇറാന്റെ ആക്രമണത്തിൽ യു.എസ് താവളങ്ങൾക്ക് കനത്ത നാശനഷ്ടം, അറ്റകുറ്റപ്പണിക്ക് കോടിക്കണക്കിന് ഡോളർ ചെലവാകും; റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇറാന്റെ സമീപകാല ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫിലെ യു.എസ് സൈനിക താവളങ്ങൾക്കും ഉപകരണങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. പ്രാഥമിക വിലയിരുത്തലിനേക്കാൾ നാശത്തിന്റെ വ്യാപ്തി വലുതാണെന്നും അറ്റകുറ്റപ്പണികൾക്കായി കോടിക്കണക്കിന് ഡോളർ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ വിവിധ രാജ്യങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. സംഭരണ വെയർഹൗസുകൾ, കമാൻഡ് സെന്ററുകൾ, എയർക്രാഫ്റ്റ് ഹാംഗറുകൾ, സാറ്റലൈറ്റ് ആശയവിനിമത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെ ചുരുങ്ങിയത് ഏഴ് രാജ്യങ്ങളിലെയെങ്കിലും സൈനിക കേന്ദ്രങ്ങളെയാണ് ആക്രമണം ബാധിച്ചത്. കൂടാതെ റൺവേകൾ, റഡാർ സംവിധാനങ്ങൾ, സൈനിക നീക്കത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കുന്ന വിമാനങ്ങൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചു. യു.എസിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഒരു പഴയ ഇറാനിയൻ എഫ് -5 വിമാനത്തിന് പോലും കടന്നുകയറാനും ആക്രമണം നടത്താനും കഴിഞ്ഞതായും പറയുന്നു.
ഇറാനിയൻ ആക്രമണങ്ങളിൽ യഥാർത്ഥത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായി എന്നതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ യു.എസ് പ്രതിരോധ വകുപ്പ് പങ്കുവെച്ചിട്ടില്ല. മേഖലയിലെ സൈനിക നടപടികൾ കൈകാര്യം ചെയ്യുന്ന യു.എസ് സെൻട്രൽ കമാൻഡ് നാശനഷ്ടങ്ങളേക്കുറിച്ച് പ്രതികരിക്കാനും തയാറായിട്ടില്ല.
അതേസമയം, സുതാര്യത ഇല്ലാത്തതിൽ ചില റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ കടുത്ത അമർഷത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആഴ്ചകളായി ചോദ്യങ്ങൾ ഉന്നയിച്ചിട്ടും, പെന്റഗൺ റെക്കോഡ് ബജറ്റ് ആവശ്യപ്പെടുന്ന സമയമായിരുന്നിട്ടും വിഷയത്തെക്കുറിച്ചുള്ള പൂർണ ചിത്രം ലഭിക്കുന്നില്ലെന്നും റിപ്പബ്ലിക്കൻ പ്രതിനിധി പറഞ്ഞു.
ഇറാൻ യുദ്ധത്തിന് വേണ്ടി പെന്റഗൺ, യു.എസ് കോൺഗ്രസിൽനിന്ന് 200 ബില്യൺ ഡോളറിലധികം ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. യുദ്ധം ആരംഭിച്ച് ആദ്യ ആഴ്ചയിൽ സൈനിക പ്രവർത്തനങ്ങൾക്കായി യു.എസ് 11 ബില്യൺ ഡോളർ ചെലവഴിച്ചെന്നാണ് കണക്കുകൾ. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ട്രംപ് 1.5 ട്രില്യൺ ഡോളർ പ്രതിരോധ ബജറ്റ് ആവശ്യപ്പെട്ടിരുന്നു, ഇത് മുൻ വർഷത്തേക്കാൾ 50 ശതമാനത്തിലധികം കൂടുതലാണ്. 2026ലേക്കുള്ള 838.5 ബില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റിന് യു.എസ് കോൺഗ്രസ് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

