അഞ്ച് എണ്ണക്കപ്പൽ യു.എസ് ആക്രമിച്ചു; യു.എസ് പടക്കപ്പലിനും സൈനിക താവളത്തിനും നേരെ ഇറാൻ മിസൈൽ; എണ്ണവില കുതിക്കുന്നു
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം വീണ്ടും രൂക്ഷമാകുന്നു. രണ്ടു ദിവസത്തിനിടെ രണ്ടുതവണ യു.എസ് യുദ്ധക്കപ്പലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ഇതിനുപിന്നാലെ ഒമാൻ ഉൾക്കടലിലും ഖാർഗ് ദ്വീപിന് സമീപത്തുമായി കിടന്നിരുന്ന അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. ഈ ആക്രമണങ്ങൾക്ക് മറുപടിയായി, യു.എസിന്റെ നിരവധി പോർവിമാനങ്ങൾ നിലയുറപ്പിച്ചിരിക്കുന്ന ജോർഡനിലെ അൽ അസ്രഖ് താവളത്തിന് നേരെ ഇറാൻ 20 മിസൈലുകൾ തൊടുത്തുവിട്ടു.
ഇതിൽ 18 എണ്ണവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു തകർത്തതായും ബാക്കി രണ്ട് മിസൈലുകൾ തുറസ്സായ പ്രദേശങ്ങളിൽ പതിച്ചതായും ജോർഡൻ അവകാശപ്പെട്ടു. അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തുന്ന യുദ്ധം ആറ് മാസം പിന്നിടുമ്പോഴാണ് ഗൾഫ് മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്നത്. ഹുർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയ നടപടിയിൽ തെഹ്‌റാൻ ഇളവ് വരുത്താൻ തയാറായിട്ടില്ല. ഇറാനിയൻ തുറമുഖങ്ങളിൽ യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധവും തുടരുകയാണ്. യുദ്ധഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബാരലിന് 99.46 ഡോളറാണ് വില.
അതേസമയം, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ യു.എസ് യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ രണ്ടുതവണ ആക്രമണത്തിന് ശ്രമിച്ചെങ്കിലും കപ്പൽ വിജയകരമായി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അവകാശപ്പെട്ടു. അമേരിക്കൻ ഉദ്യോഗസ്ഥർക്കോ സൈനികർക്കോ യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ലെന്നും സെന്റ്‌കോം അവകാശപ്പെട്ടു. ഇതിന് പ്രതികാരമായി ഒമാൻ ഉൾക്കടലിലെ എം/ടി കവിസ്, ചാർമിനാർ, ഹൊറൈസൺ 1, റിയാസ്കോ എന്നീ ഇറാനിയൻ എണ്ണക്കപ്പലുകളും, ഖാർഗ് ദ്വീപിന് സമീപമുണ്ടായിരുന്ന ദെര്യ എന്ന കപ്പലും തകർത്തതായി സെന്റ്‌കോം അറിയിച്ചു. എന്നാൽ, തങ്ങളുടെ ആക്രമണം വിജയകരമായിരുന്നുവെന്നും യു.എസിന് കനത്ത തിരരിച്ചടി നേരിട്ടതായും ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.
യുദ്ധത്തിന് മുൻപ് രാജ്യത്തിന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്തിരുന്ന ഖാർഗ് ദ്വീപിന് സമീപമുണ്ടായ ആക്രമണം ഇറാന്റെ ഐ.ആർ.ഐ.ബി ചാനൽ സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചതായും ഒമാൻ ഉൾക്കടലിലെ തെക്കൻ തുറമുഖമായ ജാസ്കിന് സമീപം രണ്ടാമതൊരു എണ്ണക്കപ്പൽ കൂടി ആക്രമിക്കപ്പെട്ടതായം ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ വാണിജ്യക്കപ്പലുകൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി അറിയിച്ച ഐ.ആർ.ജി.സി, ഇതിന് തിരിച്ചടിയായാണ് ജോർഡനിലെ അൽ അസ്രഖ് താവളത്തിന് നേരെ കനത്ത മിസൈലാക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടു.
ആക്രമണത്തിൽ യു.എസ് ഫൈറ്റർ ജെറ്റുകൾ സൂക്ഷിച്ചിരുന്ന ഹാങ്ങറുകൾ തകർത്തതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു. യു.എസ് നാവികസേനയുടെ ഡി.ഡി.ജി-119, ഡി.ഡി.ജി-53 എന്നീ പടക്കപ്പലുകൾക്ക് നേരെ നേരത്തെ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി. കൂടാതെ കുവൈത്തിലെയും ബഹ്‌റൈനിലെയും തുറമുഖങ്ങളിലുള്ള എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകുകയും അവിടെയുള്ള ജീവനക്കാരോട് ഉടൻ തന്നെ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

