സൗദിക്ക് യു.എസ് 500 കോടി ഡോളറിന്റെ ബോംബുകൾ വിൽക്കും; മേഖലയിൽ യുദ്ധാന്തരീക്ഷം നിലനിൽക്കെയാണ് നീക്കം
text_fieldsവാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധാന്തരീക്ഷവും വ്യോമാക്രമണ ഭീഷണികളും രൂക്ഷമായി തുടരുന്നതിനിടെ സൗദി അറേബ്യക്ക് 500 കോടി ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) വൻ ആയുധ വിൽപ്പനയ്ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകി. പതിനായിരത്തിലധികം ബോംബുകളും കൃത്യതയാർന്ന ലക്ഷ്യവേധശേഷി നൽകുന്ന ഗൈഡൻസ് കിറ്റുകളും അടങ്ങുന്നതാണ് നിർദിഷ്ട ആയുധക്കരാർ.
കര-വ്യോമ പ്രതിരോധം ശക്തമാക്കുന്നതിനായി 10,000-ത്തിലധികം ജെഡാം ഗൈഡൻസ് കിറ്റുകളും, 500 പൗണ്ട്, 2,000 പൗണ്ട് ഭാരമുള്ള ബി.എൽ.യു ബോംബുകളുമാണ് കരാർ പ്രകാരം സൗദിക്ക് കൈമാറുക. ബോയിങ് കമ്പനിയാണ് ഈ പ്രതിരോധ ഇടപാടിലെ പ്രധാന കരാറുകാർ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അംഗീകരിച്ച ഈ വിൽപനാ നിർദേശം അന്തിമ അനുമതിക്കായി യുഎസ് കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ട്.
മേഖലയിലെ നിലവിലെയും ഭാവിയിലെയും സുരക്ഷാ ഭീഷണികളെ ഫലപ്രദമായി നേരിടാനും സൗദിയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ കാര്യക്ഷമമാക്കാനും ഈ ഇടപാട് സഹായകമാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായ സൗദി അറേബ്യയുടെ സുരക്ഷ വർധിപ്പിക്കുന്നത് യുഎസിന്റെ വിദേശനയ-ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്ക് അനിവാര്യമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.
ഇറാനും യെമനിലെ ഹൂതി വിമതരും സൗദി ലക്ഷ്യമാക്കി തുടർച്ചയായി ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് പെന്റഗണിന്റെ ഈ നീക്കം. പുതിയ ആയുധക്കരാർ മിഡിൽ ഈസ്റ്റിലെ സൈനിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കില്ലെന്നും യുഎസ് സൈന്യത്തിന്റെ സ്വന്തം സന്നദ്ധതയെ ബാധിക്കില്ലെന്നും വാഷിംഗ്ടൺ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

