ഹുർമുസ് നിയന്ത്രണം അവകാശപ്പെട്ട് യു.എസും ഇറാനും; മേഖലയിൽ വീണ്ടും ആക്രമണങ്ങൾ, ആശങ്കയിൽ ലോകം
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് യു.എസും ഇറാനും. അമേരിക്കൻ സെൻട്രൽ കമാൻഡ് തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ ഉപകരണങ്ങൾ, ചെറുകപ്പലുകൾ എന്നിവ ഉൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായാണ് അമേരിക്കയുടെ വിശദീകരണം. ഹുർമുസ് കടലിടുക്ക് ആഗോള വ്യാപാരത്തിന് നിർണായകമായ സമുദ്രപാതയാണ്. അതിന്റെ നിയന്ത്രണം ഇറാന്റെ കയ്യിലല്ല -സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അമേരിക്കയുടെ അവകാശവാദം തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തി. ഹുർമുസ് കടലിടുക്ക് ഇറാന്റെ പ്രദേശമാണെന്നും വിദേശ സൈനിക ഇടപെടൽ അനുവദിക്കില്ലെന്നും ഐ.ആർ.ജി.സി പ്രസ്താവനയിൽ അറിയിച്ചു.
തിങ്കളാഴ്ച ബഹ്റൈനിലും കുവൈത്തിലും മിസൈൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു. ഇരുരാജ്യങ്ങളും ആക്രമണങ്ങൾ വിജയകരമായി പ്രതിരോധിച്ചതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഒമാൻ തീരത്തോട് ചേർന്ന ഹുർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിനെ ഇറാൻ ആക്രമിച്ചതോടെയാണ് സ്ഥിതി വീണ്ടും വഷളായത്. ആഗോള ക്രൂഡ് ഓയിൽ, പ്രകൃതി വാതക വ്യാപാരത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്ക് യുദ്ധം ആരംഭിച്ചതുമുതൽ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലൂടെ ഇറാൻ കടലിടുക്കിൽ സമ്മർദം തുടരുമ്പോൾ, കപ്പൽ ഗതാഗതവും വ്യാപാരവും പ്രതിസന്ധിയിലാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുദ്ധം വീണ്ടും പൂർണതോതിൽ പൊട്ടിപ്പുറപ്പെട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഇറാനിൽ വിവിധ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി സർക്കാർ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കുറഞ്ഞത് ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ജോർഡൻ, ഒമാൻ എന്നിവിടങ്ങളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പ്രധാന ഇടനിലക്കാരനായ ഒമാൻ, ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി.
ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള ഇറാനിയൻ കുർദ് പ്രതിപക്ഷ സംഘടനയായ കുർദിസ്ഥാൻ ഫ്രീഡം പാർട്ടിയുടെ സായുധ വിഭാഗത്തിന്റെ താവളത്തിനുനേരെയും ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഞായറാഴ്ച അമേരിക്ക ഇറാനിലെ ഏകദേശം 140 സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി അറിയിച്ചിരുന്നു. മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധശേഖരങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം വലിയ വെല്ലുവിളി നേരിടുകയാണ്. അമേരിക്ക ഒമാൻ തീരത്തോട് ചേർന്നുള്ള സുരക്ഷിത സമുദ്രപാതയിലൂടെ കപ്പലുകൾക്ക് സംരക്ഷണം നൽകാൻ തുടങ്ങിയതോടെ ഇറാന്റെ സമ്മർദം ഭാഗികമായി കുറഞ്ഞെങ്കിലും, ആ പാത ഉപയോഗിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുകയാണ്. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ, പാകിസ്താൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ട്. പാകിസ്താൻ വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച് സംഘർഷം കുറക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ, തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രസ്താവനയിൽ പ്രഖ്യാപിച്ചതോടെ മേഖലയിലെ അനിശ്ചിതത്വം കൂടുതൽ വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

