ഇറാനുമേൽ വീണ്ടും യു.എൻ ഉപരോധം; നടപടി ആണവായുധം വികസിപ്പിക്കുന്നത് തടഞ്ഞ് 2015ൽ ഒപ്പുവെച്ച കരാർ ലംഘിച്ചുവെന്ന് കാട്ടി
text_fieldsയു.എൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനെ ഹസ്തദാനം ചെയ്യുന്ന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്
ലണ്ടൻ: ഇറാനുമേൽ വീണ്ടും യു.എൻ ഉപരോധം. ആണവായുധം വികസിപ്പിക്കുന്നത് തടഞ്ഞ് 2015ൽ ഒപ്പുവെച്ച കരാർ ഇറാൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് യു.എൻ രക്ഷാസമിതിയിൽ ഉപരോധം വീണ്ടും കൊണ്ടുവന്നത്. ആറു മാസം ഇളവ് ആവശ്യപ്പെട്ട് റഷ്യയും ചൈനയും നടത്തിയ ഇടപെടൽ പരാജയപ്പെട്ടതോടെ ശനിയാഴ്ച രാത്രി മുതൽ ഉപരോധം പ്രാബല്യത്തിലായി.
ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് ഇറാൻ വീണ്ടും ഉപരോധക്കുരുക്കിലാകുന്നത്. തൊട്ടുപിന്നാലെ ഈ രാജ്യങ്ങളിലെ അംബാസഡർമാരെ തിരിച്ചുവിളിച്ച ഇറാൻ, തീരുമാനംമൂലമുള്ള പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാൻ ആണവായുധം നിർമിക്കില്ലെന്നും ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറില്ലെന്നും പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ പറഞ്ഞു.
യു.എൻ രക്ഷാസമിതിയിൽ ഇറാന് അനുകൂലമായ പ്രമേയത്തെ ഒമ്പതു രാജ്യങ്ങൾ എതിർത്തപ്പോൾ നാലുപേർ അനുകൂലിച്ചു. രണ്ടു രാജ്യങ്ങൾ വിട്ടുനിന്നു. നയതന്ത്ര വഴികൾ കുഴിച്ചുമൂടുകയായിരുന്നു പാശ്ചാത്യ ശക്തികളെന്ന് റഷ്യൻ പ്രതിനിധി ആരോപിച്ചു. 2015ൽ മൂന്നു രാജ്യങ്ങളടക്കം രക്ഷാസമിതി സ്ഥിരാംഗങ്ങളും ഇറാനും ചേർന്ന് ഒപ്പുവെച്ച കരാർ പ്രകാരം ഇറാനിൽ ഊർജ ആവശ്യത്തിന് മാത്രമാകണം യുറേനിയം സമ്പുഷ്ടീകരണം. എന്നാൽ, രണ്ടുവർഷം മുമ്പ് നടത്തിയ പരിശോധനയിൽ ഇറാൻ ആണവായുധ നിർമാണത്തിനാവശ്യമായ അളവിൽ സമ്പുഷ്ടീകരണം നടത്തുന്നതായി ആരോപണമുയർന്നിരുന്നു.
കരാറിൽനിന്ന് 2018ൽ യു.എസ് പിൻവാങ്ങി. 2020ലും പിന്നീട് ഈ വർഷവും ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും താവളങ്ങളെയും ലക്ഷ്യമിട്ട് യു.എസ് അടക്കം ആക്രമണം നടത്തി. ഇതേതുടർന്ന് നിർത്തിവെച്ച ഇറാൻ നിലയങ്ങളിലെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പരിശോധന കഴിഞ്ഞയാഴ്ച പുനരാരംഭിച്ചിരുന്നു.
യു.എൻ ഉപരോധത്തിന് പിന്നാലെ അടുത്തയാഴ്ച യൂറോപ്യൻ യൂനിയൻ വിലക്കും വരും. നടപടി നീട്ടിവെക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പാശ്ചാത്യ ശക്തികൾ വിട്ടുവീഴ്ച ചെയ്തില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

