Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കന്‍ ഉപരോധം; ഇറാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ, സർവിസുകൾ നിലച്ചു

text_fields
bookmark_border
അമേരിക്കന്‍ ഉപരോധം; ഇറാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ,  സർവിസുകൾ നിലച്ചു
cancel

തെഹ്റാന്‍: അമേരിക്കൻ ഉപരോധത്തിന്റെ സമ്മർദം ശക്തമാകുന്നതിനിടെ ഇറാന്റെ വ്യോമയാന മേഖലയ്ക്ക് തിരിച്ചടി. ഇറാൻ വിമാനക്കമ്പനികളുടെ യു.എ.ഇയിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് യു.എ.ഇ വിലക്കേർപ്പെടുത്തി. സെപ്റ്റംബർ 24 മുതൽ പ്രാബല്യത്തിൽ വന്ന നിയന്ത്രണം അടുത്ത അറിയിപ്പ് വരെ തുടരുമെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഇറാൻ വിമാനക്കമ്പനികൾക്ക് വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം നേരിടുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ നടപടി.

ഒമാൻ, ഇറാഖ്, അസർബൈജാൻ, ജോർജിയ, തുർക്ക്മെനിസ്ഥാൻ എന്നിവയ്ക്ക് പിന്നാലെയാണ് യു.എ.ഇയും ഇറാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇറാൻ വിമാനക്കമ്പനികളുടെ പ്രധാനപ്പെട്ട അന്താരാഷ്ട്ര കേന്ദ്രവും കൂടിയാണ് ദുബൈ. ദിവസേന നിരവധി സർവീസുകൾ ഇവിടെനിന്നും ഇറാനിലേക്കും തിരിച്ചും നടത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ വ്യാപാരബന്ധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ നിർത്തിവെച്ചത്. വ്യാഴാഴ്ച തെഹ്‌റാനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇറാൻ എയർടൂർ വിമാനത്തിന്റെ സർവീസും ഇതോടെ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയതിനു ശേഷമാണ് വിമാനം റദ്ദാക്കിയത്. അതേസമയം, ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ കഴിഞ്ഞ മാസം യു.എ.ഇ നിർത്തിവെച്ചിരുന്നു. ബുധനാഴ്ച ഇറാന്റെ ബാങ്ക് മെല്ലിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും യു.എ.ഇ സെൻട്രൽ ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം, ആയുധവ്യാപനം എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു യു.എ.ഇയുടെ ആരോപണം.

അതേ സമയം അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങി ഇറാനിയൻ വിമാന സർവിസുകൾ തടയാൻ അയൽരാജ്യങ്ങൾ തയാറായാൽ, ആ രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തന്നെ സ്തംഭിപ്പിക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സ്റ്റേറ്റ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏഴ് മാസങ്ങൾ പിന്നിടുമ്പോഴാണ് വ്യോമയാന മേഖലയെ കേന്ദ്രീകരിച്ച് പുതിയ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്.

ഇറാനിയൻ എയർലൈനുകളെ ആഗോളതലത്തിൽ പൂർണമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് നിർണായക ഉപരോധ പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 23-ഓടെ എല്ലാ ഇറാനിയൻ എയർലൈനുകളുടെയും പ്രവർത്തനം ആഗോളതലത്തിൽ നിലക്കുമെന്നും, ഇറാനിയൻ വിമാനങ്ങൾക്ക് ലാൻഡിങ് സൗകര്യമോ ഇന്ധനമോ നൽകുന്ന വിമാനത്താവളങ്ങൾക്കും ദാതാക്കൾക്കും എതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഈ സെക്കൻഡറി ഉപരോധ ഭീഷണിയെത്തുടർന്ന് വിദേശ രാജ്യങ്ങളിലെ എയർപോർട്ടുകളും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികളും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രതിരോധ നടപടിയുണ്ടായിരിക്കുന്നത്.

അമേരിക്കയുടെ ഈ സാമ്പത്തിക യുദ്ധത്തിനും ഉപരോധ ഭീഷണികൾക്കും വഴങ്ങി അയൽരാജ്യങ്ങൾ ആരെങ്കിലും ഇറാനിയൻ വിമാനങ്ങളെ തടയാൻ മുതിർന്നാൽ കനത്ത വില നൽകേണ്ടിവരുമെന്ന് മുഹ്‌സിൻ റസായി വ്യക്തമാക്കി. "ഞങ്ങളുടെ സുഹൃത്തുക്കളായ അയൽരാജ്യങ്ങൾ അമേരിക്കയുടെ ഈ നീക്കത്തിന്റെ ഭാഗമാകരുത്. അല്ലാത്തപക്ഷം അവരുടെ സ്വന്തം വിമാനത്താവളങ്ങൾക്കും വിമാന സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യം ഞങ്ങൾ ഉണ്ടാക്കും" എന്ന് അദ്ദേഹം താക്കീത് നൽകി.

ആയുധങ്ങളും ഉദ്യോഗസ്ഥരെയും രഹസ്യമായി കടത്താൻ ഐ.ആർ.ജി.സി ഈ പ്രൈവറ്റ് എയർലൈനുകളെ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് യു.എസ് ഈ കടുത്ത നടപടി സ്വീകരിച്ചത്. ഇതിന്റെ തുടർച്ചയായാണ് വിമാനത്താവളങ്ങളും ഇന്ധന ദാതാക്കളും ലക്ഷ്യമിടപ്പെടുന്നതത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാന്തരീക്ഷം വ്യോമയാന മേഖലയിലേക്കും വ്യാപിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Imposes Iran Sanctions
Next Story