ഇറാന്‍റെ വ്യാപാര പങ്കാളികൾക്ക് ട്രംപിന്‍റെ വക 25% അധിക തീരുവ; ഇന്ത്യയെ ബാധിച്ചേക്കും?
text_fieldsയു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (File Photo/ AFP)
ന്യൂഡൽഹി: ഇറാനുമായി വ്യാപാരബന്ധം തുടരുന്ന ഏത് രാജ്യത്തിനും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുന്നു. നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ റഷ്യൻ എണ്ണ വാങ്ങുന്നതിനും മറ്റും അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. പുതിയ 25 ശതമാനം കൂടി വരുന്നതോടെ, അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി സാധനങ്ങൾക്ക് ആകെ 75 ശതമാനം വരെ നികുതി നൽകേണ്ടി വന്നേക്കാം. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിക്കും.ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ ഇറാനിലെ ചാബഹാർ തുറമുഖ പദ്ധതിയെ ട്രംപിന്‍റെ നീക്കം ആശങ്കയിലാക്കുന്നു. അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശന കവാടമായാണ് ഈ തുറമുഖം കണക്കാക്കുന്നത്.
2024-25 കാലയളവിൽ ഇന്ത്യയും ഇറാനും തമ്മിൽ ഏകദേശം 1.68 ബില്യൺ ഡോളറിന്റെ വ്യാപാരം നടന്നിട്ടുണ്ട്. അരി, ചായ, മരുന്നുകൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും ഇറാനിലേക്ക് കയറ്റി അയക്കുന്നത്. ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. നേരത്തെ പകരച്ചുങ്കമായി 25 ശതമാനം, റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം എന്നിങ്ങനെയാണ് യു.എസ് ഇന്ത്യക്കുമേൽ താരിഫ് ഏർപ്പെടുത്തിയത്. ഉപരോധം വകവെക്കാതെ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള ബില്ലും ട്രംപ് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആ രാജ്യത്തിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ട്രംപ് സാമ്പത്തിക ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറുകൾക്കായി ചർച്ചകൾ നടന്നു വരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ അമേരിക്കയുടെ അവിഭാജ്യ പങ്കാളിയാണെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നുമുള്ള ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡർ സെർജിയോ ഗോറിന്‍റെ പ്രതികരണം ആശ്വാസം നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

