'ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കും'; ഇറാനുമായുള്ള കരാർ നാളെ ഒപ്പുവെക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള കരാർ ഞായറാഴ്ച ഒപ്പുവെക്കാൻ പോവുകയാണെന്നും, അതിനു തൊട്ടുപിന്നാലെ ഹുർമുസ് കടലിടുക്ക് എല്ലാ കപ്പൽ ഗതാഗതത്തിനുമായി ഉടനടി തുറന്നുനൽകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ കരാർ നിലവിൽ വരുന്നതോടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ സമുദ്ര ഗതാഗതവും പുനരാരംഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരിക്കുകയാണ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദിഷ്ട കരാർ ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുമെന്നും, മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015-ൽ ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണെന്നും ആണ് ട്രംപിന്‍റെ അവകാശ വാദം.
ആഗോള ഊർജവിതരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് കഴിഞ്ഞ കുറച്ചുമാസങ്ങളായി യു.എസും ഇറാനും തമ്മിലുള്ള തർക്കങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു. ഇവിടുത്തെ സംഘർഷങ്ങൾ സമുദ്ര ഗതാഗതത്തെയും ആഗോള എണ്ണ വിപണിയെയും കാര്യമായി ബാധിച്ചിരുന്നു.
ഏതെങ്കിലും തരത്തിൽ ഇറാൻ ആണവായുധം കൈക്കലാക്കുന്നത് ഈ കരാർ ശാശ്വതമായി തടയുമെന്ന് ട്രംപ് പറയുന്നത്. ഒബാമ ഭരണകൂടത്തിന്റെ കാലത്തുണ്ടാക്കിയ 'ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ' എന്ന ആണവ കരാറിനെ ട്രംപ് വിമർശിച്ചു. ആ പഴയ കരാർ ഇറാന് ആണവായുധം നിർമിക്കാനുള്ള ഒരു പാതയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇറാന് ഇനി ഒരു ആണവായുധം ആവശ്യമില്ലെന്നും, പുതിയ കരാർ പ്രകാരം അതിന് അവരെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
മുൻ ഒബാമ ഭരണകൂടത്തിന്റെ ഇറാൻ നയം പോലെ ഈ കരാറിൽ ഇറാന് നേരിട്ട് പണം നൽകുന്ന രീതി ഉണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ഉപരോധങ്ങൾ നീക്കൽ, ഇറാന്റെ ആണവ പദ്ധതി, ഹുർമുസ് കടലിടുക്കിന്റെ ഭാവി നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് യു.എസ്-ഇറാൻ രാജ്യങ്ങൾക്കിടയിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം വരും ദിവസങ്ങളിൽ ഒപ്പുവെച്ചേക്കാമെന്നും എന്നാൽ ചർച്ചകൾക്കായി ഉദ്യോഗസ്ഥർ ജനീവയിലേക്കോ ഇസ്ലാമാബാദിലേക്കോ ഉടൻ യാത്ര ചെയ്യാൻ പദ്ധതിയില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്.
ഇറാനോ യു.എസോ നിർദ്ദിഷ്ട കരാറിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാന വ്യവസ്ഥകളെക്കുറിച്ച് ഇരുപക്ഷവും വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് നൽകുന്നത്. എങ്കിലും, മാസങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കും പ്രാദേശിക മധ്യസ്ഥതകൾക്കും ശേഷം ചർച്ചകൾ ഒരു അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്നതിന്റെ സൂചനയാണ് ട്രംപിന്റെ പുതിയ വാക്കുകൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

