Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനുമായി ചർച്ചക്ക്...

ഇറാനുമായി ചർച്ചക്ക് തയാറെന്ന് ട്രംപ്; സമാധാനത്തിന് വഴിതെളി​യുമോ?

text_fields
bookmark_border
ഇറാനുമായി ചർച്ചക്ക് തയാറെന്ന് ട്രംപ്; സമാധാനത്തിന് വഴിതെളി​യുമോ?
cancel

വാഷിങ്ടൺ: ഇറാന് നേരെയുള്ള ഇസ്രായേൽ -യു.എസ് ആക്രമണം പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതോടെ സമാധാന ചർച്ചക്ക് സന്നദ്ധ​മാണെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിന് താനും ഒരുക്കമാ​ണെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.

“അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാൻ സമ്മതിച്ചു. അതിനാൽ ഞാൻ അവരുമായി സംസാരിക്കും” -ട്രംപ് പറഞ്ഞതായി ദി അറ്റ്ലാന്റിക് മാഗസിൻ റിപ്പോർട്ട് ചെയ്തു. “അവർ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാൻ എളുപ്പവുമായത് നേരത്തെ ചെയ്യാമായിരുന്നു. ഏറെ നേരം കാത്തിരുന്നു” ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ചർച്ച എപ്പോൾ നടക്കുമെന്ന് വ്യക്തമല്ല.

പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈയുടെ കൊലപാതകികൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണം ഏതുനിമിഷവും ആരംഭിക്കുമെന്നും ഇറാൻ റവലൂഷനറി ഗാർഡ്സ് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്നും ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് മുൻ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി നേരത്തെ മുന്നറിയിപ്പ് നൽകി. ‘ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് നാശനഷ്ടം നേരിട്ടു. അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് ഇന്ന് നമ്മൾ അവരെ ആക്രമിക്കും’ -അദ്ദേഹം എക്സിൽ കുറിച്ചു.

ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തെ അപലപിച്ചും അനുകൂലിച്ചും ലോക രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണത്തെ ഇറാന്റെ സഖ്യകക്ഷികൂടിയായ റഷ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഐക്യരാഷ്ട്രസഭ അംഗമായ പരമാധികാര, സ്വതന്ത്ര രാജ്യത്തിനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകോപനമില്ലാത്ത സായുധ ആക്രമണമാണിതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ആണവ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് വാദിച്ച് ഇറാനിലെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യു.എസും ഇസ്രായേലുമെന്ന് മന്ത്രാലയം തുറന്നടിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അഗാധ ദുഃഖം രേഖപ്പെടുത്തി. എല്ലാ മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് കൊലപാതകമെന്നും അദ്ദേഹം വിമർശിച്ചു.

ആക്രമണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ചൈന, സൈനിക നടപടി അടിയന്തരമായി അവസാനിപ്പിച്ച് ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും മാനിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, യു.എസുമായി വ്യാപാര തർക്കങ്ങൾ അടക്കം നിലനിൽക്കെ ആക്രമണത്തെ പിന്തുണച്ച് കാനഡ രംഗത്തെത്തി. പശ്ചിമേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാനാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചു. ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും തിരിച്ചടിയിൽനിന്ന് ഇറാൻ പിന്മാറ​ണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തിൽ തങ്ങൾക്ക് പങ്കില്ല. ഇറാനുമായി ചർച്ച പുനരാരംഭിക്കണം. ചർച്ചയിലൂടെ ഒത്തുതീർപ്പുണ്ടാക്കുന്നതിനെയാണ് തങ്ങൾ അനുകൂലിക്കുന്നത്. ഭാവി തീരുമാനിക്കാനുള്ള അവകാശം ഇറാൻ ജനതക്ക് വിട്ടുനൽകണമെന്നും ഇരുവരും നിർദേശിച്ചു.

അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തെ ഞായറാഴ്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോൺ ഹീലി രൂക്ഷമായി വിമർശിച്ചു. ഇറാൻ വിവേചനരഹിതമായി വ്യാപക ആക്രമണമാണ് നടത്തുന്നത്. ആയത്തുല്ല ഖാംനഈ നടത്തിവന്നത് ഒരു ഭരണകൂടമാണെന്ന് തെറ്റിദ്ധരിക്കരുത്. പതിറ്റാണ്ടുകളായി സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയും ബ്രിട്ടനുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഭീകര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത തിന്മയുടെ ഉറവിടമാണതെന്നും ഹീലി ആരോപിച്ചു.

അതിനിടെ, സമാധാനത്തിനായി വാദിക്കുകയും സ്ഥിരതക്കായി പരിശ്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇറാന്റെ ആക്രമണമെന്ന് 22 രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് വിമർശിച്ചു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ മൊറോക്കോയും ജോർഡനും സിറിയയും യു.എ.ഇയും അപലപിച്ചു. ഇറാന്റെ വഞ്ചനാപരമായ ആക്രമണം പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു.

വർഷങ്ങളായി സാമ്പത്തിക സഹായം നൽകുന്ന അറബ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഫലസ്തീൻ അതോറിറ്റിയും അപലപിച്ചു. യു.എസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെക്കുറിച്ച് പരാമർശിക്കാനും ഫലസ്തീൻ അതോറിറ്റി തയാറായില്ല.

ഇറാനുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാൻ, യു.എസ് ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുക എന്ന തത്ത്വത്തിന്റെയും ലംഘനമാണ് യു.എസ് നടപടിയെന്നും ഒമാൻ കുറ്റപ്പെടുത്തി. യു.എസ് ആക്രമണത്തെ പിന്തുണക്കാൻ വിസമ്മതിച്ച ന്യൂസിലൻഡ്, ഇറാ​ന്റെ ഭീഷണി അവസാനിപ്പിക്കാൻ ആക്രമണത്തിന് കഴിയുമെന്ന് വ്യക്തമാക്കി.

ഒരു സർക്കാറിന്റെ നിയമസാധുത രാജ്യത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഇറാൻ ഭരണകൂടത്തിനുള്ള ജനപിന്തുണ വളരെ മുമ്പുതന്നെ നഷ്ടപ്പെട്ടെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിനിടെ ഇറാൻ ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖാംനഈ ശനിയാഴ്ച പുലർച്ചെ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിൽ നടന്ന ആക്രമണത്തിൽ ദേശീയ പ്രതിരോധ കൗൺസിൽ മേധാവി അലി ശംഖാനി, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദ, ഐ.ആർ.ജി.സി തലവൻ മുഹമ്മദ് പാക്പൂർ എന്നിവരും ഖാംനഈയുടെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരുമടക്കം 40 പേർ കൊല്ലപ്പെട്ടതായി ഞായറാഴ്ച ഇറാൻ സ്ഥിരീകരിച്ചു.

ഇറാനിലുടനീളം ഇന്നും ഇസ്രായേലും അമേരിക്കയും വ്യാപക ബോംബിങ് തുടരുകയാണ്. മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളി​ലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. പാകിസ്താനിലെ യു.എസ് കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൈപ്രസിലെ ബ്രിട്ടീഷ് താവളത്തിനുനേരെയും ആക്രമണമുണ്ടായി.

കൊല്ലപ്പെട്ട അലി ഖാംനഈ വിടവാങ്ങിയ ഒഴിവിൽ താൽക്കാലിക ചുമതലകൾ വഹിക്കാൻ ആയത്തുല്ല അലി രിസ അഅ്റാഫിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് ചുമതല നൽകിയിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയൻ, ചീഫ് ജസ്റ്റീസ് ഗുലാം ഹുസൈൻ മുഹ്സിനി എന്നിവരാണ് മറ്റ് അംഗങ്ങൾ.

വിവിധ രാജ്യങ്ങളിൽനിന്ന് എണ്ണ കയറ്റിപ്പോകുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണക്കപ്പൽച്ചാലായ ഹുർമുസ് കടലിടുക്കിൽ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായി. ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിൽനിന്ന് എണ്ണ കയറ്റിപ്പോകുന്ന കപ്പൽച്ചാലിന്റെ ഇരുഭാഗങ്ങളിലായി നൂറുകണക്കിന് കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്.

പ്രത്യാക്രമണം ഇറാൻ നിർത്തിയില്ലെങ്കിൽ രാജ്യം ഇതുവരെയും സാക്ഷിയാകാത്ത ശക്തിയോടെ പ്രഹരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിന യുദ്ധത്തെക്കാൾ രൂക്ഷമായ ആക്രമണമാണ് ഇറാനിൽ നടത്തുന്നതെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സാമിറും പറഞ്ഞു. ഇസ്രായേലിൽ നടന്ന ബോംബിങ്ങിൽ ഞായറാഴ്ച ഒമ്പതുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ​​ദക്ഷിണ ഇറാനിലെ മിനാബിൽ സ്കൂൾ ബോംബിട്ടു തകർത്ത സംഭവത്തിൽ മരണസംഖ്യ 150 കടന്നു.

ഖാംനഈയുടെ മരണത്തിൽ അനുശോചിച്ച് ഇറാനിൽ ഏഴു ദിവസം അവധിയും 40 ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ, ഇറാഖ്, കുവൈത്ത്, സിറിയ, ഇസ്രായേൽ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ വ്യോമാതിർത്തി ഇന്നലെയും അടച്ചിട്ടതോടെ ആയിരക്കണക്കിന് വിമാന സർവിസുകൾ മുടങ്ങി.

യൂറോപ്യൻ ​യൂനിയനി​ലെ 27 നേതാക്കൾ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയും അടിയന്തര യോഗം ചേർന്നിരുന്നു. യു.എസും ഇസ്രായേലും നടത്തിയ വ്യോമാക്രമണം രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. ഇറാന്റെ പ്രത്യാക്രമണം ബഹ്റൈൻ, ഇറാഖ്, ജോർഡൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആക്രമണങ്ങളെ 22 അംഗ അറബ് ലീഗും കുറ്റപ്പെടുത്തി. യു.എസ് ആക്രമണത്തെ ആസ്ട്രേലിയ, കാനഡ രാജ്യങ്ങൾ പരസ്യമായി പിന്തുണ​ച്ചപ്പോൾ റഷ്യയും ചൈനയും എതിർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelDonald TrumpIran Israel Tensions
News Summary - Trump says he agreed to talk to new Iranian leaders: Report
Next Story